സൗദി വ്യോമപാത ഇനി എല്ലാവർക്കും ഉപയോഗിക്കാം; ചരിത്രപരമായ തീരുമാനമെന്ന് ബൈഡൻ
സൌദി നിഷ്കർഷിക്കുന്ന നിബന്ധനകൾ പാലിക്കുന്ന എല്ലാ വിമാനക്കമ്പനികൾക്കും സൗദിയുടെ വ്യോമപാത ഉപയോഗിക്കാമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രഖ്യാപിച്ചു. വിമാനങ്ങൾക്കിടയിൽ വിവേചനം കാണിക്കാത്ത 1944-ലെ ചിക്കാഗോ കൺവെൻഷനു കീഴിലുള്ള ബാധ്യതകൾ നിറവേറ്റുന്നതിൻ്റെ ഭാഗമായാണ് തീരുമാനം.
മൂന്ന് ഭൂഖണ്ഡങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു ആഗോള പ്ലാറ്റ്ഫോം എന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നതിനും അന്താരാഷ്ട്ര വിമാന കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് തീരുമാനമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.
സൌദിയുടെ പുതിയ തീരുമാനത്തെ അമേരിക്കൻ പ്രസിഡണ്ട് സ്വാഗതം ചെയ്തു. ചരിത്രപരമായ തീരുമാനമാണ് സൌദിയുടേതെന്ന് ബൈഡൻ വിശേഷിപ്പിച്ചതായി അമേരിക്കൻ പ്രസിഡന്റിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഇന്ന് സൌദിയിൽ എത്തുന്ന ബൈഡൻ രണ്ട് വിശുദ്ധ മസ്ജിദുകളുടെ സൂക്ഷിപ്പുകാരൻ കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ നാളെ നടക്കുന്ന ഈജിപ്ത്, ജോർദാൻ, ഇറാഖ് തുടങ്ങിയ രാഷ്ട്ര തലവന്മാർ പങ്കെടുക്കുന്ന ഗൾഫ് ഉച്ചകോടിയിൽ പങ്കെടുക്കുകയും ചെയ്യും.
ഇസ്രയേലിൽ നിന്നും സൗദിയിലെത്തുന്ന ജോ ബൈഡന്റെ സന്ദർശനത്തിന് മുന്നോടിയായാണ് അതോറിറ്റിയുടെ പ്രഖ്യാപനം. ഇസ്രയേലിലെ മുസ്ലികൾക്ക് മക്കയിലേക്കും മദീനയിലേക്കും ചാർട്ടേഡ് വിമാനം അനുവദിക്കുന്ന കാര്യം യുഎസ് പ്രസിഡണ്ടിന്റെ സന്ദർശനത്തിൽ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇസ്രയേലിൽ നിന്നും നേരിട്ട് സൗദിയിലേക്ക് പറന്നെത്തുന്ന യുഎസ് പ്രസിഡണ്ടിന്റെ സൗദി സന്ദർശനത്തിനിടെയാണ് ഉത്തരവെന്നത് ശ്രദ്ധേയമാണ്. ഇതോടെ ഇസ്രയേൽ വിമാനങ്ങൾക്കും സൗദി വ്യോമ പാത ഉപയോഗിക്കാനാകുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഹജ്ജിനും ഉംറക്കുമായി മക്കയിലേക്ക് വരാൻ ഇസ്രയേലിലുള്ള മുസ്ലിംകൾക്ക് ചാർട്ടേഡ് വിമാനം അനുവദിക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യുഎസ് പ്രസിഡണ്ടിന്റെ സന്ദർശനത്തിൽ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക