കേരളത്തിൽ മങ്കിപോക്‌സ് സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് യു.എ.ഇയിൽ നിന്നെത്തിയ കൊല്ലം സ്വദേശിക്ക്, സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം
കേരളത്തിൽ മങ്കി പോക്സ് സ്ഥിരീകരിച്ചു. ജൂലൈ 12ന് യുഎഇയിൽനിന്ന് തിരുവനന്തപുരത്ത് എത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആദ്യ കേസാണിത്. രോഗം സ്ഥിരീകരിച്ചയാളിന്റെ അച്ഛനും അമ്മയും, ടാക്സി–ഓട്ടോ ഡ്രൈവർ ഉൾപ്പെടെ 11 പേരാണ് സമ്പർക്കത്തിൽ വന്നത്.
കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽനിന്നാണ് മെഡിക്കൽ കോളജിലേക്ക് രോഗിയെ കൊണ്ടുവന്നത്. മെഡിക്കൽ കോളജിൽനിന്നാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്. അടുത്ത സമ്പർക്കം ഉണ്ടെങ്കിൽ മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് രോഗം പടരും.
വസൂരി പരത്തുന്ന വൈറസ് കുടുംബത്തിൽപ്പെട്ടതാണ് മങ്കിപോക്‌സ് വൈറസും. ചില സന്ദർഭങ്ങളിൽ മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് വൈറസ് പകരും. പനി, നീർവീഴ്ച, ശരീരത്തിലും മുഖത്തും തടിപ്പുകൾ തുടങ്ങിയവയാണ് പ്രാരംഭലക്ഷണങ്ങൾ. രോഗബാധ നാലാഴ്ച വരെ നീണ്ടുനിൽക്കും.
കേരളത്തില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദേശം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം. ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചു. സംശയമുള്ള എല്ലാവരെയും പരിശോധനയ്ക്കും നിരീക്ഷണത്തിനും വിധേയമാക്കണമെന്ന് നിർദേശത്തിലുണ്ട്. പ്രത്യേകം ആശുപത്രി സൗകര്യം ഒരുക്കണമെന്നും കർശന പരിശോധന വേണമെന്നും കേന്ദ്രത്തിന്റെ നിർദേശമുണ്ട്. ആരോഗ്യ പ്രവര്‍ത്തകരിലും ഡോക്ടര്‍മാരിലും അവബോധം ഉറപ്പുവരുത്തണമെന്നും നിർദ്ദേശമുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Pingback: സൗദി അറേബ്യയിലെ റിയാദിൽ കുരങ്ങു വസൂരി സ്ഥിരീകരിച്ചു - MALAYALAM NEWS DESK