പ്രണയം നിരസിച്ചു; കുത്താനെത്തിയ യുവാവിനെ 14 വയസ്സുകാരി ധീരമായി നേരിട്ടു

പെരിന്തൽമണ്ണയിൽ പ്രണയം നിരസിച്ചതിലുള്ള വിരോധത്തിൽ കുത്തിക്കൊല്ലാനെത്തിയ 22 വയസ്സുകാരനെ 14 വയസ്സുകാരി ധീരമായി നേരിട്ടു. കത്തിയുമായി പിന്തുടർന്ന് കുത്താനെത്തിയ യുവാവിനെ പെൺകുട്ടി ബലമായി പിടിച്ചു തള്ളുകയായിരുന്നു. വ്യാഴാഴ്ച രാവിലെ എട്ടോടെ ആനമങ്ങാട്ടായിരുന്നു സംഭവം. സംഭവത്തിൽ മണ്ണാർമല സ്വദേശി ജിനേഷിനെ (22) പൊലീസ് അറസ്‌റ്റ് ചെയ്‌തു.

കുറച്ച് കാലമായി പെൺകുട്ടിയെ പ്രതി നിരന്തരം ശല്യം ചെയ്‌തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കത്തിയുമായി എത്തിയ പ്രതി ആനമങ്ങാട്ടുവച്ച് തടഞ്ഞുനിർത്തി കുത്താൻ ശ്രമിക്കുകയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.

പെൺകുട്ടി ആദ്യം പരിഭ്രമിച്ചെങ്കിലും യുവാവിനെ പിടിച്ചു തള്ളി മാറ്റി ബഹളം വച്ചു. നിലത്തുവീണ യുവാവിന്റെ കയ്യിൽനിന്ന് കത്തി തെറിച്ചുപോയി. നാട്ടുകാർ ഓടിക്കൂടുന്നതിനിടെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഈ സമയം വന്ന വാഹനത്തിൽ തട്ടി ഇയാളുടെ കൈക്ക് പരുക്കേറ്റു. തുടർന്ന് പൊലീസെത്തി ജിനേഷിനെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി കൊണ്ടുവന്ന കത്തി പൊലീസ് കണ്ടെടുത്തു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!