അമ്മയോടൊപ്പം സ്കൂളില്‍നിന്ന് വീട്ടിലേക്ക് മടങ്ങവെ ആറാം ക്ലാസ് വിദ്യാര്‍ഥി തീവണ്ടിതട്ടി മരിച്ചു

അമ്മയോടൊപ്പം നടന്നു പോകവേ ആറാം ക്ലാസ് വിദ്യാര്‍ഥി തീവണ്ടി തട്ടി മരിച്ചു. കോഴിക്കോട് മാധ്യമം ദിനപത്രത്തില്‍ സബ് എഡിറ്ററായ ഒഞ്ചിയം എല്ലാച്ചേരി കെ.വി. ഹൗസില്‍ അനൂപ് അനന്തന്റെയും പന്തലായനി ബി.ഇ.എം. യു.പി. സ്‌കൂള്‍ അധ്യാപിക ധന്യയുടെയും മകന്‍ ആനന്ദ് (12) ആണ് മരിച്ചത്.

ധന്യ ജോലിചെയ്യുന്ന പന്തലായനി ബി.ഇ.എം. യു.പി. സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് ആനന്ദ്. വെള്ളിയാഴ്ച വൈകീട്ട് സ്‌കൂള്‍ വിട്ടശേഷം അമ്മയോടൊപ്പം വീട്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് വടക്ക് തെരുവത്ത് പീടികയ്ക്ക് സമീപമാണ് അപകടം.

താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒഞ്ചിയം സ്വദേശിയായ അനൂപും കുടുംബവും ഇപ്പോള്‍ പന്തലായനിയില്‍ ശിവക്ഷേത്രത്തിന് സമീപം വീട് വാടകയ്ക്ക് എടുത്താണ് താമസിക്കുന്നത്. ആരോമല്‍ സഹോദരനാണ്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

കൊയിലാണ്ടി ഗവ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെയടക്കം നിരവധി വിദ്യാര്‍ഥികളും പരിസരവാസികളും റെയില്‍വേ പാളം മുറിച്ചുകടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. സ്ഥിരം അപകട മേഖലയാണിത്. വിദ്യാര്‍ഥിയുടെ ദാരുണമരണം നാടിനെ ദുഃഖത്തിലാഴ്ത്തി.

പോസ്റ്റ്മോർട്ടത്തിനുശേഷം ശനിയാഴ്ച രാവിലെ 11ന് കൊയിലാണ്ടി പന്തലായനി സ്കൂളിൽ പൊതുദർശനത്തിന് വെക്കും.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!