സൗദിയിലുടനീളം വ്യാപാര കച്ചവട സ്ഥാപനങ്ങളിൽ വ്യാപക പരിശോധന
സൌദിയിൽ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായി. ആഗോളതലത്തിൽ രൂപപ്പെട്ട വിലവർധനയുടെ പ്രതിഫലനമാണ് സൌദിയിലും കാണപ്പെടുന്നതെന്ന് വാണിജ്യ വിഭാഗം വ്യക്തമാക്കി. എങ്കിലും സൌദിയിൽ വിലവർധന പൊതുജനങ്ങളെ ബാധിക്കാതിരിക്കുവാനുള്ള ശക്തമായ നടപടികൾ അധികൃതർ സ്വീകരിച്ചു തുടങ്ങി.
കോവിഡ് മഹാമാരിയെ തുടർന്നാണ് ആഗോളാടിസ്ഥാനത്തിൽ അവശ്യവസ്തുക്കളുടെ വിലവർധിച്ച് തുടങ്ങിയത്. ഇതിന് പുറമെ സൂയസ് കനാൽ വഴിയുള്ള ചരക്ക് നീക്കം നിർത്തലാക്കിയതും, യുക്രൈൻ-റഷ്യ യുദ്ധവും ചരക്ക് വിതരണത്തിൻ്റെ ചിലവ് വർധിപ്പിച്ചു. ഇതും രാജ്യത്തെ വിലവർധനക്ക് കാരണമായെന്ന് വാണിജ്യ മന്ത്രി മാജിദ് അൽ ഖസബ് വിശദീകരിച്ചു.
വിലവർധന സാഹചര്യം ദുരുപയോഗം ചെയ്യാതിരിക്കാൻ, രാജ്യത്തുടനീളം വാണിജ്യ കേന്ദ്രങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും ശക്തമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. സാധനങ്ങൾ പൂഴ്ത്തിവെച്ച് മനപ്പൂർവ്വം ഡിമാൻ്റ് വർധിപ്പിച്ച് വിലവർധിപ്പിക്കാൻ വിതരണക്കാർ ശ്രമിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നുണ്ട്. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും നടത്തുന്നവർക്കെതിരിൽ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് പരിശോധനയും നിരീക്ഷണവും ആരംഭിച്ചത്.
ഇതിന് പുറമെ വിലക്കയറ്റം തടയുന്നതിനായി വിവിധ പദ്ധതികളും സർക്കാർ ആരംഭിച്ചിട്ടുണ്ട്. അർഹരായ പൌരന്മാർക്ക് വിവിധ പദ്ധതികളിലൂടെ ആനൂകൂല്യം നൽകുന്നതിനായി 2000 കോടി റിയാൽ നീക്കിവെക്കുവാൻ സൌദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു.
അയൽ രാജ്യങ്ങളിലെ വിലയും സൌദിയിലെ വിലയും മന്ത്രാലയം താരതമ്മ്യം ചെയ്തു വരികയാണ്. രാജ്യത്ത് വിപണിയിൽ നിലവിലുള്ള ഉൽപ്പന്നങ്ങൾക്ക് സമാനമായ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുവാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. കച്ചവടക്കാർക്കിടയിൽ മത്സരങ്ങൾ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായാണിത്.
വിലവർധന നിയന്ത്രിക്കുന്നതിനായി സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതികളോട് ജനങ്ങൾ സഹകരിക്കണമെന്ന് വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു. വ്യാപാര, കച്ചവട മേഖലയിൽ കരിഞ്ചന്തയോ പൂഴ്ത്തിവെപ്പെ ശ്രദ്ധയിൽപ്പെട്ടാൽ അക്കാര്യം 1900 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോടാവശ്യപ്പെട്ടു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാണിജ്യ മന്ത്രാലയത്തിന് കീഴിൽ നടക്കുന്ന പരിശോധനയുടെ വീഡിയോ കാണാം
فرقنا الرقابية تراقب أسعار السلع التموينية والمواد الغذائية وتتحقق من وفرتها العالية في منافذ البيع و أسواق جملة الخضار والفاكهة بالعاصمة المقدسة، لتلبية كافة احتياجات حجاج بيت الله الحرام.#بسلام_آمنين#التجارة_في_الحج 🇸🇦 pic.twitter.com/x5Ppw6jckP
— وزارة التجارة (@MCgovSA) July 6, 2022


