സ്പൈസ് ജെറ്റ് വിമാനത്തിനകത്ത് പുക ഉയർന്നു; യാത്രക്കാർക്ക് ശ്വാസ തടസ്സം, അടിയന്തര ലാൻഡിങ് നടത്തി

ഡൽഹിയിൽ നിന്നു ജബൽപൂരിലേക്ക് പറന്ന സ്പൈസ് ജെറ്റ് വിമാനത്തിനകത്ത് പുക ഉയർന്നു. ഇതിനെ തുടർന്ന് യാത്രക്കാർക്ക് ശ്വാസ തടസം നേരിട്ടു. തുടർന്ന് അടിയന്തര ലാൻഡിങ് നടത്തി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് സ്പൈസ്ജെറ്റ് അറിയിച്ചു.

വിമാനം പറന്നുയർന്ന് രണ്ടോ മൂന്നോ മിനിറ്റുകൾക്ക് ശേഷം ക്യാബിനുള്ളിൽ എന്തോ മണം അനുഭവപ്പെട്ടതായി സൗരഭ് ഛബ്ര എന്ന യാത്രക്കാരൻ പറഞ്ഞു. പിന്നാലെ ചിലർക്ക് ശ്വസിക്കാൻ കഴിഞ്ഞില്ല. ഇതോടെ യാത്രക്കാരെല്ലാം പരിഭ്രാന്തരായി തുടങ്ങിയിരുന്നു. ശേഷം വിമാനം അടിയന്തരമായി നിലത്തിറക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിമാനം 5000 അടി പിന്നിട്ടപ്പോഴാണ് കാബിനിൽ പുക ഉയരുന്നത് ജീവനക്കാർ ശ്രദ്ധിച്ചത്. ക്യാബിൻ ക്രൂ ഉടൻ തന്നെ കോക്പിറ്റ് ജീവനക്കാരെ വിവരമറിയിച്ചു. പക്ഷെ പരിശോധനയിൽ കേടുപാടുകളുടെ സൂചനയൊന്നും ലഭിച്ചില്ല.

ക്യാബിനിലുടനീളം പുക ഉണ്ടായിരുന്നെന്നും കുട്ടികളും മുതിർന്ന പൗരന്മാരും ശ്വാസ തടസ്സം അനുഭവപ്പെട്ട് തുടങ്ങിയപ്പോൾ ചുമക്കാൻ തുടങ്ങിയെന്നും സൗരഭ് പറഞ്ഞു. വിമാനത്തിൽ വെച്ച് ആരെങ്കിലും സിഗരറ്റ് വലിച്ചതാകാം പുകക്ക് കാരണമെന്നാണ് ജീവനക്കാർ ആദ്യം യാത്രക്കാരോട് പറഞ്ഞത്. പക്ഷെ അതിന് സാധ്യതയില്ലെന്നും കാരണം മറ്റെന്തെങ്കിലുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അന്വേഷണം ആരംഭിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!