തട്ടുകടക്ക് വൻതുക പിഴ; കുടുംബത്തിലെ 5 പേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരത്ത് ആലങ്കോട് ചാത്തന്‍പാറയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ചാത്തന്‍പാറ ജങ്ഷനില്‍ തട്ടുകട നടത്തുന്ന മണിക്കുട്ടന്‍ (52) ഭാര്യ സന്ധ്യ, മക്കളായ അജീഷ് (19) അമേയ(13), മാതൃസഹോദരി ദേവകി (85) എന്നിവരാണ് മരിച്ചത്.
മണിക്കുട്ടനെ തൂങ്ങിമരിച്ച നിലയിലും മറ്റുള്ളവരെ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചനിലയിലുമാണ് കണ്ടത്. മണിക്കുട്ടന്റെ അമ്മ വീടിന്റെ പുറത്തെ മുറിയിലുണ്ടായിരുന്നെങ്കിലും ഇവര്‍ സംഭവം അറിഞ്ഞിരുന്നില്ല. തട്ടുകടയ്ക്ക് പഞ്ചായത്തിന്റെ ഫുഡ് ആൻഡ് സേഫ്റ്റി കഴിഞ്ഞ ദിവസം അരലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. മറ്റു സാമ്പത്തിക ബാധ്യതകളും ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. അസ്വാഭാവിക മരണത്തിനാണ് നിലവില്‍ കേസെടുത്തിരിക്കുന്നതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണത്തെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്നും റൂറല്‍ എസ്.പി. ദിവ്യാ ഗോപിനാഥ് മാധ്യമങ്ങളോട് പറഞ്ഞു. ഗൃഹനാഥന്റെ മൃതദേഹം തൂങ്ങിനില്‍ക്കുന്നനിലയിലായിരുന്നു. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ കട്ടിലിലും നിലത്തുമായിരുന്നു. വീട്ടില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളില്ലെന്നും എസ്.പി. പറഞ്ഞു.
ചൊവ്വാഴ്ച തട്ടുകടയില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധനയ്‌ക്കെത്തിയെന്നും കട അടയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നതായും ജോലിക്കാരനായ ഷംനാദ് പറഞ്ഞു. ‘കട വൃത്തിയാക്കിയിട്ട് തുറന്നാല്‍ മതിയെന്നാണ് അവര്‍ പറഞ്ഞത്. അര ലക്ഷം രൂപ പിഴയും ചുമത്തി. തിരുവനന്തപുരത്ത് പോയി എല്ലാം ശരിയാക്കിയെന്നാണ് മണിക്കുട്ടന്‍ പറഞ്ഞത്. പിഴയും അടച്ചിരുന്നു.
ഇന്ന് രാവിലെ കട തുറക്കാന്‍ തീരുമാനിച്ചിരുന്നതാണ്. രാവിലെ താക്കോല്‍ വാങ്ങാന്‍ വന്നപ്പോള്‍ അമ്മയാണ് കതക് തുറന്നത്. മണിക്കുട്ടനെ വിളിച്ചിട്ട് കതക് തുറന്നില്ല. തുടര്‍ന്ന് കതക് ചവിട്ടിത്തുറന്നപ്പോള്‍ തൂങ്ങിനില്‍ക്കുന്നതാണ് കണ്ടത്. ഇതോടെ കതകടച്ചു അമ്മയെ സമീപത്തെ ബന്ധുവീട്ടിലേക്ക് മാറ്റി’- ഷംനാദ് പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക