അഗ്നിപഥ് പദ്ധതിയിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണം: മാറാക്കര ഗ്ലോബൽ കെഎംസിസി
കാടാമ്പുഴ: ന്യുനപക്ഷ സമുദായങ്ങൾക്കിടയിൽ ഏറെ ആശങ്ക ഉളവാക്കിയ അഗ്നിപഥ് പദ്ധതിയിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്ന് മാറാക്കര ഗ്ലോബൽ കെഎംസിസി യോഗം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സാമുദായിക സൗഹർദ്ദവും തകരാൻ പ്രസ്തുത പദ്ധതി കാരണമായേക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
ബലി പെരുന്നാളിനോടാനുബന്ധിച്ചു നാട്ടിൽ വരുന്ന മാറാക്കര പഞ്ചായത്തിലെ മുഴുവൻ കെഎംസിസി പ്രവർത്തകരെയും പങ്കെടുപ്പിച്ചു കൊണ്ട് ഈദ് സംഗമം നടത്താനും തീരുമാനിച്ചു. ഇതോടാനുബന്ധിച്ചു പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും ഏറെ ഉപകാരപ്രദമായ ഗ്ലോബൽ കെഎംസിസി പ്രിവിലേജ് കാർഡിന്റെ പ്രകാശനം നടത്താനും തീരുമാനിച്ചു.
സാമൂഹ്യ പ്രവർത്തന രംഗത്ത് മികച്ച സേവനം ചെയ്യുന്ന മാറാക്കര പഞ്ചായത്തിലെ മുസ്‌ലിം ലീഗ് പ്രവർത്തകരെയും പ്രവാസ ലോകത്ത് മികച്ച പ്രവർത്തനം നടത്തുന്ന കെഎംസിസി പ്രവർത്തകരെയും ഡിസംബർ മാസത്തിൽ ആദരിക്കാനും യോഗം തീരുമാനിച്ചു.
മാറാക്കര പഞ്ചായത്ത് യൂത്ത് ലീഗ് പുറത്തിറക്കുന്ന മലപ്പുറം ജില്ല പഞ്ചായത്ത് മെമ്പറായിരുന്ന മൂർക്കത്ത് ഹംസ മാസ്റ്റർ സ്മരണിക പുറത്തിറക്കാൻ വേണ്ടി സഹകരിക്കാനും തീരുമാനിച്ചു.
മാറാക്കര സി. എച്ച് സെന്ററിൽ വെച്ച് നടന്ന യോഗത്തിൽ മാറാക്കര ഗ്ലോബൽ കെഎംസിസി പ്രസിഡന്റ് ബഷീർ കുഞ്ഞു കാടാമ്പുഴ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയർമാൻ ബക്കർ ഹാജി കരേക്കാട് ഉദ്ഘാടനം ചെയ്തു. ഒ. കെ കുഞ്ഞിപ്പ, റഷീദ് മാറാക്കര, ബഷീർ നെയ്യത്തൂർ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
ജനറൽ സെക്രട്ടറി അബൂബക്കർ തയ്യിൽ സ്വാഗതവും ട്രഷറർ മുഹമ്മദ് കല്ലിങ്ങൽ നന്ദിയും പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക