വിമാനയാത്രക്കാരുടെ ലഗേജ് ഇനി വീട്ടിൽ വന്ന് ശേഖരിക്കും; കയ്യും വീശി എയർപോർട്ടിലേക്ക് പോകാം

വിമാന യാത്രക്കാരുടെ ലഗേജ് യാത്രക്ക് മുമ്പ് വീട്ടിലെത്തി ശേഖരിക്കുന്ന പദ്ധതി അബുദാബിയിൽ ആരംഭിക്കുന്നു. ഓഫ് എയർപോർട്ട് ചെക്ക്–ഇൻ സർവീസ് എന്ന പദ്ധതി വഴിയാണ് പുതിയ രീതി നടപ്പിലാക്കുന്നത്. അടുത്ത മാസം പകുതിയോടെ പുതിയ സേവനം ആരംഭിക്കും. വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തുന്നവരുടെ ലഗേജുകളും എയർപോർട്ടിൽ നിന്നു ശേഖരിച്ച് വീട്ടിൽ എത്തിക്കും. ഇതുമൂലം നാട്ടിലേക്കു പോകുമ്പോഴും തിരിച്ചെത്തുമ്പോഴും യാത്രക്കാർക്കു കൈയും വീശി വിമാനത്താവളത്തിലേക്കും തിരിച്ചും പോകാം.

വീടുകളിലെത്തി ‌ലഗേജ് ശേഖരിക്കുക മാത്രമല്ല പുതിയ പദ്ധതിയുടെ ഭാഗമായുള്ളത്.  യാത്രക്കാരുടെ ബോർഡിങ് പാസും ലഗേജ് ടാഗും വീട്ടിൽ വെച്ച് തന്നെ നൽകും. അതിനാൽ യാത്രക്കാരന് എയർപോർട്ടിൽ ചെക്ക്–ഇൻ കൗണ്ടറിൽ ക്യൂ നിൽക്കേണ്ടതില്ല. നേരെ സെക്യൂരിറ്റി ചെക്കിംങ് പൂർത്തിയാക്കി  അകത്തുകടക്കാം. ടൂറിസം 365ഉം ഒയാസിസ് മി എൽഎൽസിയും ചേർന്നാണ് പുതിയ സേവനം ഒരുക്കുന്നത്. ഇതിനു പുറമെ സിറ്റിചെക്ക്–ഇൻ സൗകര്യവുമുണ്ടാകും.

യാത്രക്കാർ നഗരത്തിലെ നിശ്ചിത കേന്ദ്രത്തിലെത്തി ലഗേജ് നൽകിയാൽ അവ എയർപോർട്ടിൽ എത്തിച്ച് നൽകുന്നതാണ് സിറ്റി ചെക്ക്–ഇൻ സേവനം. ഈ സേവനം ആവശ്യപ്പെടാനും ലഗേജിന്റെ നീക്കം നിരീക്ഷിക്കാനും മൊബൈൽ ആപ്പും പുറത്തിറക്കും. ഒന്നിലേറെ യാത്രക്കാരുണ്ടെങ്കിൽ ഗ്രൂപ്പ് ചെക്കിങ്ങിനും അവസരമുണ്ട്. ആപ് വഴി സേവന ഫീസും അടയ്ക്കാം.

സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാന്റെ സാന്നിധ്യത്തിൽ ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചു. വിമാന യാത്രക്കാർക്ക് ആയാസകരമായ സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണു പുതിയ നടപടിയെന്ന് അബുദാബി നാഷനൽ എക്സിബിഷൻസ് കമ്പനി സിഇഒയും എംഡിയുമായ ഹുമൈദ് അൽ ദാഹിരി പറഞ്ഞു.

ഒയാസിസുമായി സഹകരിച്ചുള്ള നവീന സേവനം അബുദാബിയുടെ നില മെച്ചപ്പെടുത്താൻ സഹായകമാണെന്നു ടൂറിസം 365 സിഇഒ റൗല ജോണി അഭിപ്രായപ്പെട്ടു. യാത്രക്കാർക്ക് ഏറെ സൗകര്യവും സുരക്ഷയും മനസ്സമാധാനവും നൽകുന്ന പദ്ധതി മധ്യപൂർവ ദേശത്തേക്കു വ്യാപിപ്പിക്കാൻ ടൂറിസം 365മായുള്ള സഹകരണം ഗുണം ചെയ്യുമെന്ന് ഒയാസിസ് മി എൽഎൽസി ചെയർമാനും സിഇഒയുമായ ടിറ്റൻ പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!