ഒറ്റക്ക് താമസിക്കുന്ന വീട്ടി​ൽ മ​രി​ച്ചു​ കി​ട​ന്നത് ആരുമറിഞ്ഞില്ല. യജമാനന് കാവലാളായി വളർത്തുനായ

അടിമാലി എസ്.എൻ പടിയിൽ ഒറ്റക്ക് താമസിച്ചുവരികയായിരുന്നു റിട്ട. എ.എസ്.ഐ കൊന്നയ്ക്കൽ കെ.കെ. സോമൻ (67). കൂട്ടിനുള്ളത് ഉണ്ണിയെന്ന വളർത്തുനായ് മാത്രം. എന്നാൽ ശനിയാഴ്ച വൈകീട്ടോടെ സോമൻ വീട്ടിനുള്ളിൽ മരിച്ചു. ഒറ്റക്ക് താമസിക്കുന്നതിനാൽ മരണ വിവരം ആരും അറിഞ്ഞിരുന്നില്ല. മരിച്ചു കിടന്ന യജമാനന് കാവൽ നിന്ന ഉണ്ണി എന്ന വളർത്തു നായ പൊലീസിനേയും നാട്ടുകാരെയും മൃതദേഹത്തിനടുത്തേക്ക് പോകാനനുവധിക്കാതെ മണിക്കൂറുകളോളും തടഞ്ഞു നിർത്തി.

മൃതദേഹത്തിന് ഒരുദിവസത്തെ പഴക്കമുണ്ട്. ശനിയാഴ്ച വൈകീട്ടാണ് മരിച്ചതെന്നാണ് നിഗമനം. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക വിവരം. ശനിയാഴ്ച വൈകീട്ട് മുതൽ മരുമകനായ ഉമേഷ് സോമന്‍റെ ഫോണിലേക്ക് നിരവധി തവണ വിളിച്ചിരുന്നു. എന്നാൽ ഫോണ് എടുത്തില്ല. വളർത്തുനായ് നിർത്താതെ കുരക്കുന്നുണ്ടായിരുന്നു. വീടിന്‍റെ വാതിൽ തുറന്നാണ് കിടന്നിരുന്നത്.

ഞായറാഴ്ചയും സോമൻ ഫോൺ എടുക്കാതെ വന്നപ്പോൾ,  ഉച്ചയോടെ മരുമകനായ ഉമേഷ് സോമൻ്റെ വീട്ടിലെത്തി. ഉമേഷ് എത്തിയപ്പോൾ നായ ഉമേഷിനെ കൂട്ടി വീടിനുള്ളിൽ സോമൻ മരിച്ചുകിടക്കുന്നത് കാണിച്ച് കൊടുത്തു. ഉമേഷ് ഉടനെ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചു.

വിവരമറിഞ്ഞ് കൂടുതൽ ആളുകൾ എത്തിയതോടെ വളർത്തുനായ ഉമേഷിനെ ഉൾപ്പെടെ ആരെയും വീടിനുള്ളിൽ കയറ്റാതായി. മണിക്കൂറുകൾ പൊലീസും നാട്ടുകാരും ശ്രമിച്ചെങ്കിലും നായയെ ശാന്തനാക്കാൻ കഴിഞ്ഞില്ല. ഫയർഫോഴ്സ് എത്തിയെങ്കിലും ശ്രമം പരാജയപ്പെട്ടു.

ഒടുവിൽ നാട്ടുകാരെയും പൊലീസിനെയും സംഭവ സ്ഥലത്തുനിന്നും മാറ്റിയ ശേഷം ഉമേഷ് തനിയെ വീട്ടിൽ എത്തിയപ്പോൾ വളർത്തുനായ് ശാന്തമായി. ഉമേഷ് വളർത്തുനായെ തന്ത്രത്തിൽ ഒരു മുറിയിൽ കൊണ്ടുപോയി പൂട്ടിയിട്ടു. അതിന് ശേഷം അഞ്ച് മണിയോടെയാണ് മൃതദേഹം അവിടെനിന്ന് അടിമാലി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!