ഇന്ത്യക്കാർക്ക് ഈ വർഷം അവസാനത്തോടെ ഇ-പാസ്പോർട്ടുകൾ വിതരണം ചെയ്യും

ഇന്ത്യക്കാർക്ക് ഇ പാസ്പോർട്ടുകൾ വിതരണം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു. പാസ്പോർട്ട് ഉപയോഗിച്ച് നടക്കുന്ന തട്ടിപ്പുൾ തടയുന്നതിന് കൂടിയാണ് പാസ്പോർട്ടുകൾ പരിഷ്കരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

ഇന്ത്യയുടെ പാസ്പോർട്ട് സേവ ദിനമാണ് ഇന്ന്. ഇതിനോടനുബന്ധിച്ച് വിവിധ നയതന്ത്ര കാര്യാലയങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിദേശകാര്യ മന്ത്രി ഇ പാസ്പോർട്ട് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

വിദേശയാത്ര എളുപ്പമാക്കുന്നതിനും അതോടൊപ്പം തിരിച്ചറിയൽ രേഖയായ പാസ്പോർട്ട് ഉപയോഗിച്ച് നടക്കുന്ന തട്ടിപ്പുകൾ അവസാനിപ്പിക്കുന്നതിനും പൂർണമായും ഇലക്ട്രോണിക് വൽക്കരിക്കുകയാണ് ഇന്ത്യൻ പാസ്പോർട്ടുകൾ.

നിലവിൽ പാസ്പോർട്ട് അനുവദിക്കുന്നതിനായി ഉപയോഗിക്കുന്ന പിഎസ്പിവി എന്ന ഇലക്ട്രോണിക് പ്ലാറ്റ്ഫോം പിസ്പിവി 2.0 എന്നാക്കി പരിഷ്കരിക്കും.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിലവിൽ പാസ്പോർട്ടുകൾ അനുവദിച്ചുകൊണ്ടിരിക്കുന്ന വിദേശ രാജ്യങ്ങളിലെ എംബസികളിലടക്കം പുതിയ സംവിധാനം നടപ്പിലാക്കും. ഇന്ത്യക്കാരുടെ പാസ്പോർട്ട് പൂർണമായും ഇ പാസ്പോർട്ടായി മാറും.

ഒറ്റനോട്ടത്തിൽ സാധാരണ പാസ്‌പോർട്ട് പോലെയാണ് ഇ-പാസ്‌പോർട്ട്. എന്നിരുന്നാലും, ഒരു ഇ-പാസ്‌പോർട്ടിൽ ഒരു ചെറിയ ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ചിരിക്കും. പേര്, ജനനത്തീയതി, വിലാസം, മറ്റ് വിശദാംശങ്ങൾ എന്നിവ ഉൾപ്പെടെ നിങ്ങളുടെ പാസ്‌പോർട്ടിൽ അച്ചടിച്ചിരിക്കുന്ന എല്ലാ വിവരങ്ങളും മൈക്രോചിപ്പിൽ ശേഖരിച്ച് വെക്കും.

ഒരു യാത്രക്കാരന്റെ വിശദാംശങ്ങൾ വേഗത്തിൽ പരിശോധിക്കാൻ മൈക്രോചിപ്പ് ഇമിഗ്രേഷൻ അധികാരികളെ സഹായിക്കും. ഇ-പാസ്‌പോർട്ടിൽ ഉൾച്ചേർത്ത റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) ചിപ്പും പിൻ കവറിൽ ഇൻലേ ആയി ഉൾച്ചേർത്ത ആന്റിനയും ഉണ്ട്. പാസ്‌പോർട്ടിന്റെ നിർണായക വിവരങ്ങൾ അതിന്റെ ഡാറ്റ പേജിൽ പ്രിന്റ് ചെയ്യുകയും ചിപ്പിൽ സൂക്ഷിക്കുകയും ചെയ്യുന്നു.

വ്യാജ പാസ്‌പോർട്ടുകളുടെ പ്രചാരം കുറയ്ക്കാനും ഈ നീക്കം സഹായിക്കും. ഇ-പാസ്‌പോർട്ടുകൾ അനുവദിക്കുന്നതോടെ, പാസ്‌പോർട്ടിന്റെ സുരക്ഷ വർധിപ്പിക്കുക, ഡ്യൂപ്ലിക്കേഷനും ഡാറ്റാ കൃത്രിമത്വവും ഇല്ലാതാക്കുക എന്നിവയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഒരു ഇലക്ട്രോണിക് ചിപ്പ് ഉപയോഗിച്ച് എംബഡ് ചെയ്‌തിരിക്കുന്ന ഇവ ഐഡന്റിറ്റി വെരിഫിക്കേഷൻ ലെവൽ മെച്ചപ്പെടുത്താൻ സഹായിക്കും.

നിലവിലെ പാസ്‌പോർട്ടുകൾ സാധുവായി തുടരുന്നതാണ്. നിലവിൽ പ്രചാരത്തിലുള്ള പാസ്‌പോർട്ടുകൾ പുതുക്കാനായി സമർപ്പിക്കുന്ന ഘട്ടത്തിലാണ് ചിപ്പ് ഉപയോഗിച്ചുള്ള പാസ്പോർട്ടുകൾ ലഭിക്കുക. പുതിയതായി പാസ്പോർട്ട് നേടുന്നവർക്കും ചിപ്പ് ഘടിപ്പിച്ച പാസ്പോർട്ടുകളാണ് വിതരണം ചെയ്യുക.

ഈ വർഷം അവസാനത്തോടെ തന്നെ ഇ പാസ്പോർട്ടുകൾ പുറത്തിറക്കാനാണ് നീക്കം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!