സൗദിയിൽ നാല് സാഹചര്യങ്ങളിൽ ഹുറൂബ് നീക്കം ചെയ്യാൻ തൊഴിലുടമയുടെ അനുമതി ആവശ്യമില്ല

നാല് സാഹചര്യങ്ങളിൽ തൊഴിലുടമയുടെ അനുമതിയില്ലാതെ തൊഴിലാളിക്ക് തന്നെ നേരിട്ട് ഹുറൂബ് കേസുകൾ ഒഴിവാക്കാനാകുമെന്ന് സൌദി മാനവവിഭവശേഷി സാമൂഹിക മന്ത്രാലയം വ്യക്തമാക്കി.

തൊഴിലാളി ഒളിച്ചോടിയതായി തൊഴിലുടമ തൊഴിൽ മന്ത്രാലയത്തിൽ റിപ്പോർട്ട് ചെയ്യുമ്പോഴാണ്, അത്തരം തൊഴിലാളികളുടെ സ്റ്റാറ്റസ് ഹുറൂബ് അഥവാ ഒളിച്ചോടി എന്ന അവസ്ഥയിലേക്ക് മാറ്റാറുള്ളത്.

ഇത്തരം ഹുറൂബ് സ്റ്റാറ്റസ് തൊഴിലാളിക്ക് തന്നെ ഒഴിവാക്കുവാൻ അനുവാദം നൽകുന്ന നാല് സാഹചര്യങ്ങളാണ് മന്ത്രാലയം വിശദീകരിക്കുന്നത്. മാനവവിഭവശേഷി മന്ത്രാലയം ലേബർ അഫയേഴ്സ് അണ്ടർ സെക്രട്ടറി അബ്ദുൽ മജീദ് അൽ റുഷ്ദി ഇക്കാര്യം വ്യക്തമാക്കിയത്.

തൊഴിലാളിയെ ഹൂറൂബാക്കിയ സ്ഥാപനം/തൊഴിലുടമ താഴെ പറയുന്ന ഏതെങ്കിലും സാഹചര്യവുമായി പൊരുത്തപ്പെടുന്നുണ്ടെങ്കിൽ, തൊഴിലുടമയുടെ അനുവാദമില്ലാതെ തന്നെ ഹൂറൂബ് നീക്കം ചെയ്യുവാൻ തൊഴിലാളിക്ക് അപേക്ഷിക്കാവുന്നതാണ്.

1. സ്ഥാപനം ഇപ്പോൾ നിലവിലില്ലാതിരിക്കുക. തൊഴിലാളിയുടെ ഇഖാമയിൽ രേഖപ്പെടുത്തിയിരിക്കുന്നതും, തൊഴിൽ  മന്ത്രാലയത്തിൽ രേഖപ്പെടുത്തിയതുമായ സ്ഥാപനം രജിസ്ട്രേഷൻ നഷ്ടപ്പെട്ട് പ്രവർത്തനം അവസാനിപ്പിച്ചിട്ടുണ്ടെങ്കിൽ, അത്തരം സ്ഥാപനങ്ങളിലെ ഹൂറൂബാക്കപ്പെട്ട തൊഴിലാളിക്ക് നേരിച്ച് ഹുറൂബ് നീക്കം ചെയ്യാൻ അപേക്ഷിക്കാവുന്നതാണ്.

2. സ്ഥാപനം അണ്ടർ പ്രൊസീജർ എന്ന സ്റ്റാറ്റസിലാണെങ്കിൽ: സ്ഥാപനം ആരംഭിക്കുന്നതിനായി അപേക്ഷ നൽകി 30 ദിവസത്തിനകം തുറക്കാത്ത പുതിയ സ്ഥാപനത്തിന് കീഴിലുള്ള തൊഴിലാളികൾക്കും ഹുറൂബ് നീക്കം ചെയ്യാൻ തൊഴിലുടമയുടെ അനുമതി ആവശ്യമില്ല.

3. 75 ശതമാനം തൊഴിലാളികളുടേയും തൊഴിൽ കരാറുകൾ ഓണ്ലൈൻ സംവിധാനത്തിലേക്ക് മാറിയിട്ടില്ലാത്ത ചുവപ്പ് വിഭാഗത്തിൽപെട്ട സ്ഥാപനങ്ങളിലെ തൊഴിലാളിൾ ഹൂറൂബാക്കപ്പെട്ടിട്ടുണ്ടെങ്കിൽ, അത്തരം സ്ഥാപനത്തിലെ തൊഴിലാളികൾക്ക് ഹുറൂബ് സ്റ്റാറ്റസ് നീക്കം ചെയ്യാൻ അനുവാദമുണ്ട്.

4. 80 ശതമാനം തൊഴിലാളികളുൾക്കും വേതന സുരക്ഷാ നിയമപ്രകാരം ശമ്പളം നൽകാത്ത ചുവപ്പ് വിഭാഗത്തിൽ പെട്ട സ്ഥാപനത്തിലെ തൊഴിലാളികൾക്ക് സ്വന്തമായി ഹൂറൂബ് നീക്കം ചെയ്യാം.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!