ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത സംഭവം: കെ.എന്.എ. ഖാദറിനെതിരെ സാദിഖലി തങ്ങൾ
മുസ്ലിം ലീഗ് നേതാവ് കെ.എന്.എ. ഖാദർ ആർ.എസ്.എസ് മുഖപത്രമായ ‘കേസരി’യുടെ ഓഫിസിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത സംഭവത്തിൽ മുസ്ലീം ലീഗ് നേതൃത്വത്തിനും അതൃപ്തി. സംഭവത്തിൽ ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തന്നെ പരോക്ഷ വിമർശനവുമായെത്തി. ആരെങ്കിലും വിളിച്ചാൽ അപ്പോൾ തന്നെ പോകേണ്ട ആവശ്യമില്ലെന്ന് സാദിഖലി തങ്ങൾ വ്യക്തമാക്കി.
നമ്മുക്ക് അങ്ങോട്ടു പോകുവാൻ പറ്റുമോ എന്ന് ആദ്യം ചിന്തിക്കണം. എവിടേക്ക് പോകുമ്പോഴും വരുമ്പോഴും ഇക്കാര്യം നോക്കണം. സാമുദായികവും രാജ്യ സ്നേഹപരവും സാമൂഹ്യപരവുമായ പ്രത്യേകതകൾ നോക്കേണ്ടി വരും. അല്ലാതെ ആരെങ്കിലും വിരുന്നിന് വിളിച്ചാൽ അപ്പോൾ തന്നെ പോകേണ്ട കാര്യം മുസ് ലിം ലീഗുകാരെ സംബന്ധിച്ച് ഇല്ലെന്നും സാദിഖലി തങ്ങൾ ചൂണ്ടിക്കാട്ടി.
ലീഗ് നേതാവ് കെ.എന്.എ. ഖാദർ ആർ.എസ്.എസ് മുഖപത്രമായ ‘കേസരി’യുടെ ഓഫിസിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത സംഭവത്തിൽ മറ്റു ലീഗ് നേതാക്കളിലും അതൃപ്തി പുകയുകയാണ്. എം.കെ മുനീർ ഇക്കാര്യം ഇന്ന് പരസ്യമായി പറയുകയും ചെയ്തു. കെ.എൻ.എ ഖാദർ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത് പാർട്ടി വിരുദ്ധമാണെന്നായിരുന്നു എം.കെ മുനീർ പറഞ്ഞത്.
സംഭവം വിവാദമായതോടെ കെ.എൻ.എ കാദർ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ആർ.എസ്.എസിന്റെ പരിപാടിയല്ലെന്നും മതസൗഹാര്ദത്തിന് വേണ്ടിയാണ് പോയതെന്നുമായിരുന്നു വിശദീകരണം.
കെ.എൻ.എ ഖാദറിനെതിരെ രൂക്ഷ വിമർശനവുമായി ഐ.എൻ.എലും രംഗത്തെത്തി. ലീഗ് മുൻ എം.എൽ.എ കെ.എൻ.എ. ഖാദറിന്റെ നടപടിയെക്കുറിച്ച് മുസ്ലിം ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ഐ.എൻ.എൽ സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂർ ആവശ്യപ്പെട്ടു.
കേസരി പഠന ഗവേഷണ കേന്ദ്രം കോഴിക്കോട് സംഘടിപ്പിച്ച ചടങ്ങിൽ ആർ.എസ്.എസ് നേതാവ് ജെ. നന്ദകുമാറിൽ നിന്ന് പൊന്നാട സ്വീകരിച്ചുവെന്ന് മാത്രമല്ല ഖാദർ ഹിന്ദുത്വ ആശയഗതികളെ ന്യായീകരിക്കുന്ന അഭിപ്രായ പ്രകടനങ്ങൾ നടത്തുകയുമുണ്ടായി. മുസ്ലിംകളുടെ കാവൽക്കാരായി സ്വയം ചമയുന്ന മുസ്ലിം ലീഗിന് ഇത്തരക്കാരുടെ മേൽ യാതൊരു നിയന്ത്രണവുമില്ല എന്നാണോ മനസ്സിലാക്കേണ്ടത് എന്നാണോ? അതല്ല, കോ.ലീ.ബി സഖ്യം ദൃഢമാക്കാൻ ലീഗ് നേതൃത്വത്തിന്റെ അനുമതിയോടെയുള്ള പാലം പണിയലാണോയെന്നും വ്യക്തമാക്കേണ്ടതുണ്ടെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക