പ്രവാചക നിന്ദ: ഡൽഹി ജുമാ മസ്‍ജിദിലും യുപിയിലും വൻ പ്രക്ഷോഭം – വീഡിയോ

പ്രവാചകനിന്ദയിൽ ബി.ജെ.പി നേതാക്കൾക്കെതിരെ ഡൽഹി ജമാ മസ്‍ജിദില്‍ പ്രതിഷേധം. ജുമാ നമസ്കാരത്തിന് ശേഷമാണ് വിശ്വാസികൾ മസ്‍ജിദിന് പുറത്ത് പ്രതിഷേധിച്ചത്. പ്രവാചകനെ അവഹേളിച്ച ബി.ജെ.പി മുൻ ദേശീയ വക്താവ് നുപൂർ ശർമ, നവീൻ ജിൻഡാൽ എന്നിവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ നീക്കംചെയ്‌തെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും ഡല്‍ഹി പോലീസ് അറിയിച്ചു.

അതേസമയം, പ്രതിഷേധത്തിനുള്ള ആഹ്വാനം മസ്ജിദ് അധികൃതര്‍ നടത്തിയിരുന്നില്ലെന്ന് ജാമാ മസ്ജിദിലെ ഷാഹി ഇമാം പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു. പ്രതിഷേധിച്ചവര്‍ ആരാണെന്ന് അറിയില്ല. എ.ഐ.എം.ഐ.എമ്മുകാരോ ഒവൈസിയുടെ ആളുകളോ ആണെന്നാണ് താന്‍ കരുതുന്നത്. പ്രതിഷേധിക്കണമെങ്കില്‍ ആകാം, പക്ഷെ ഞങ്ങള്‍ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയിരുന്നെന്നും ഷാഹി ഇമാം കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയില്‍ മാത്രമല്ല, ഉത്തരേന്ത്യയിലെ പലഭാഗങ്ങളിലും പള്ളികള്‍ക്കു പുറത്ത് വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കു ശേഷം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. മൊറാദാബാദിലും സഹാരണ്‍പുറിലും പള്ളികള്‍ക്കു പുറത്ത് പ്രതിഷേധം നടന്നു.

ഉത്തർപ്രദേശിലെ സഹരൻപൂരിലും പ്രതിഷേധമുണ്ടായി. വെള്ളിയാഴ്ച പ്രാർഥനയ്ക്ക് ശേഷമാണ് പ്രതിഷേധമുണ്ടായത്.

നുപൂര്‍ ശര്‍മ ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ പ്രവാചകനിന്ദയ്ക്കെതിരെ അന്തര്‍ദേശീയ തലത്തില്‍ തന്നെ പ്രതിഷേധമുയര്‍ന്നിരുന്നു. ലോക രാഷ്ട്രങ്ങൾ പ്രതിഷേധം കടുപ്പിച്ചതോടെയാണ് നുപൂർ ശർമയ്ക്കും നവീൻ ജിൻഡാലിനും എതിരെ പൊലീസ് കേസ് എടുത്തത്. മുംബൈ പൊലീസ് രജിസ്റ്റർ ചെയ്തതിന് പുറമെയാണ് ഡൽഹി പൊലീസും പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കൽ അടക്കമുള്ള വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ പരാമര്‍ശത്തിന് പിന്നാലെ വധഭീഷണിയുണ്ടെന്ന് നുപൂര്‍ ശര്‍മ സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസ് അന്വേഷണത്തില്‍ സഹായം തേടി ഡല്‍ഹി പൊലീസ് ട്വിറ്ററിന് നോട്ടീസ് അയച്ചു. നുപൂര്‍ ശര്‍മയ്ക്കും കുടുംബത്തിനും സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!