ജുമുഅ നിസ്കാരം നിരോധിക്കണമെന്ന് ഹിന്ദു മഹാസഭ; പോലീസ് കേസെടുത്തു
അലീഗഢ്: വെള്ളിയാഴ്ചയിലെ ജുമുഅ നിസ്കാരം നിരോധിക്കണമെന്നാവശ്യപ്പെട്ട അഖില ഭാരതീയ ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുൻ പാണ്ഡെക്കെതിരെ വിവിധ വകുപ്പുകൾപ്രകാരം പോലീസ് കേസെടുത്തു. പൂജ ശകുൻ പാണ്ഡെയുടെ പ്രസ്താവന സമുദായങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കാൻ കാരണമാകും എന്നതുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് ഗാന്ധി പാർക്ക് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. വെള്ളിയാഴ്ച നിസ്കാരം രാജ്യത്തെ സമാധാനം തകരാൻ കാരണമാകുന്നുവെന്ന് ഇവർ മാധ്യമപ്രവർത്തകോട് പറഞ്ഞു. ജുമുഅ നിസ്കാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പാണ്ഡെ കഴിഞ്ഞദിവസം കത്തയച്ചിരുന്നു.
പ്രവാചകനിന്ദയെ തുടർന്ന് ബി.ജെ.പിക്കെതിരെ ലോകവ്യാപക പ്രതിഷേധം ഉയർന്ന സമയത്താണ് ഹിന്ദു മഹാസഭ സെക്രട്ടറി വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്.
നേരത്തെ ഗാന്ധിസമാധി ദിനത്തിൽ, ഗാന്ധിജിയുടെ കോലമുണ്ടാക്കി അതിൽ വെടിയുതിർത്ത് വിവാദമുണ്ടാക്കിയ ആളാണ് പൂജ ശകുൻ പാണ്ഡെ. ദസറ ദിനത്തിൽ രാവണന്റെ കോലം കത്തിക്കുന്നതുപോലെ എല്ലാ ജനുവരി 30നും ഗോദ്സെ ഗാന്ധിജിയെ വെടിവെച്ചുകൊന്നത് സ്മരിക്കാൻ ഗാന്ധികോലത്തിൽ വെടിവെക്കുന്നത് ആചാരമാക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അവർ പറഞ്ഞിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക