പ്രവാചക നിന്ദ: മാപ്പ് പറയില്ലെന്ന് കേന്ദ്ര സർക്കാർ. വിദേശ രാജ്യങ്ങളുമായി ഒത്തു തീർപ്പിന് ശ്രമം

പ്രവാചകനെ നിന്ദിച്ചുകൊണ്ട് ബി.ജെ.പി നേതാക്കൾ നടത്തിയ പ്രസ്താവനയിൽ ഇന്ത്യ മാപ്പു പറയണം എന്നയാവശ്യം അംഗീകരിക്കില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങളുടെ അതൃപ്തി ഉന്നതതലത്തിലെ ചർച്ചയിലൂടെ പരിഹരിക്കാനാണ് ധാരണ. ആവശ്യമെങ്കിൽ സുഹൃദ് രാജ്യങ്ങളുമായി പ്രധാനമന്ത്രി സംസാരിക്കും. ഇറാഖും ലിബിയയും നബിവിരുദ്ധ പരാമർശത്തിനെതിരെ ഇന്ന് പ്രസ്താവനയിറക്കി. സൌദിയിലെ പ്രമുഖ പത്രം ഇന്ന് മഹാത്മ ഗാന്ധി പ്രാവചകനെ കുറിച്ച് പറഞ്ഞിട്ടുള്ള പ്രശസ്തമായ വചനങ്ങളും മഹാത്മ ഗാന്ധിയുടെ ചിത്രവും പ്രസിദ്ധീകരിച്ചു.

ബിജെപി നേതാക്കളുടെ പ്രസ്താവനയിലുള്ള പ്രതിഷേധം കൂടുതൽ രാജ്യങ്ങളിലേക്ക് പടരുമ്പോൾ പ്രതിസന്ധി മറികടക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് കേന്ദ്രം. ഇന്ത്യ മാപ്പു പറയണം എന്നാണ് ഖത്തറും ചില രാജ്യങ്ങളും വിദേശത്തെ ഇസ്ലാമിക സംഘടനകളും നിർദ്ദേശിക്കുന്നത്. പ്രസ്താവന നടത്തിയവർക്കെതിരെ ബിജെപി നടപടി സ്വീകരിച്ചു. ഇക്കാര്യത്തിലുള്ള പാർട്ടിയുടെ വിശദീകരണവും നല്കി. ഈ സാഹചര്യത്തിൽ കേന്ദ്രം മാപ്പു പറയേണ്ട ഒരു സാഹചര്യവുമില്ല എന്നാണ് കേന്ദ്രസർക്കാർ നിലപാട്. ഇത്തരം വിഷയങ്ങളിൽ മാപ്പു പറയുന്ന കീഴ്വഴക്കമില്ലെന്ന് നയതന്ത്ര വിദഗ്ധരും വിശദീകരിക്കുന്നു

പ്രതിസന്ധി തീർക്കാൻ വിദേശകാര്യമന്ത്രിയുടെ നിരീക്ഷണത്തിലാണ് നീക്കം തുടരുന്നത്. ഉന്നത ഉദ്യോഗസ്ഥർ ഗൾഫ് രാജ്യങ്ങളിലെ നേതാക്കളെ കണ്ട് കാര്യങ്ങൾ വിശദീകരിക്കും. വിദേശകാര്യമന്ത്രി തലത്തിലും ആശയവിനിമയം നടക്കും. അവിടെയും വിഷയം തീർന്നില്ലെങ്കിൽ യുഎഇ സൗദി അറേബ്യ തുടങ്ങി സുഹൃദ് രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി സംസാരിക്കും.

അമേരിക്ക നേരത്തെ ഇന്ത്യയിലെ വിഷയങ്ങളിൽ സമാന നിലപാട് പറഞ്ഞെങ്കിലും അത് തള്ളിക്കളയുന്ന നയമാണ് വിദേശകാര്യമന്ത്രാലയം സ്വീകരിച്ചത്. എഴുപത്തഞ്ച് ലക്ഷം ഇന്ത്യക്കാരുള്ള ഗൾഫ് രാജ്യങ്ങളുടെ നിലപാട് അങ്ങനെ തള്ളാനാവില്ലെന്ന യാഥാർത്ഥ്യമാണ് ഇപ്പോൾ സർക്കാരിനെ നയിക്കുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

പ്രവാചക നിന്ദ: കേന്ദ്രസര്‍ക്കാരും ബിജെപിയും സമാനതകളില്ലാത്ത പ്രതിസന്ധിയിൽ. തിരിച്ചടി മറികടക്കാൻ ഇന്ത്യ നീക്കമാരംഭിച്ചു.

Share
error: Content is protected !!