പ്രവാചക നിന്ദ: ഖത്തര്‍ എയര്‍വൈസിനെതിരെ സംഘപരിവാറിൻ്റെ ബഹിഷ്കരണാഹ്വാനം

ബിജെപി വക്താവിന്റെ പ്രവാചകനെതിരെയുള്ള അപകീര്‍ത്തി പ്രസ്താവനയില്‍ ഖത്തര്‍ ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചതിന് പിന്നാലെ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ഖത്തര്‍ എയര്‍വൈസ് ബഹിഷ്‌കരണാഹ്വാനം. തീവ്ര ഹിന്ദുത്വ ഹാന്‍ഡിലുകളില്‍ നിന്നും ഖത്തറിനെതിരായി വരുന്ന വിദ്വേഷ ട്വീറ്റുകള്‍ക്കൊപ്പമാണ് ഖത്തര്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വിമാന കമ്പനിക്കെതിരേയും ബഹിഷ്‌കരണ ആഹ്വാനം പ്രചരിക്കുന്നത്. ഖത്തര്‍ എയര്‍വൈസിന്റെ ലോഗോയില്‍ ഷൂസിട്ട് ചവിട്ടിയതായി സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ട്വീറ്റുകള്‍.

ട്വിറ്ററില്‍ ഇന്ത്യന്‍ പ്രദേശത്താണ് ‘ബോയ്‌കോട്ട് ഖത്തര്‍ എയര്‍വൈസ്’ ഹാഷ്ടാഗ് ട്രെന്‍ഡിംഗായി അടയാളപ്പെടുത്തിരിക്കുന്നത്. ഇതുവരെ രണ്ട് ലക്ഷത്തിലേറെ ട്വീറ്റുകള്‍ ഇതുമായി ബന്ധപ്പെട്ട് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രവാചകനെതിരായ അപകീര്‍ത്തി പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി പുറത്താക്കിയ നുപുര്‍ ശര്‍മ്മയെ പിന്തുണച്ചുള്ള ട്വീറ്റുകളിലും ഹാഷ്ടാഗ് പ്രത്യക്ഷപ്പെടുന്നുണ്ട്. യഥാര്‍ത്ഥ ഹിന്ദുവും ഭാരതീയരുമാണെങ്കില്‍ ഈ ഹാഷ്ടാഗിലുള്ള ട്വീറ്റുകള്‍ പങ്കുവെക്കാനും ആവശ്യപ്പെടുന്നുണ്ട്. ഹിന്ദു ദൈവങ്ങളെ അപമാനിച്ച ചിത്രകാരന്‍ എം എഫ് ഹുസൈന് പൗരത്വം നല്‍കിയതില്‍ ഖത്തര്‍ മാപ്പ് പറയണമെന്നും ട്വീറ്റുകള്‍ വരുന്നുണ്ട്.

ആദ്യഘട്ടത്തിൽ അക്ഷരപ്പിശകുള്ള Bycott എന്ന വാക്കുൾക്കൊള്ളുന്ന #BycottQatarAirways എന്ന ഹാഷ് ടാഗിലായിരുന്നു ബഹിഷ്കരണാഹ്വാനം. രണ്ടുലക്ഷത്തിലേറെ ട്വീറ്റുകളാണ് ഈ ടാഗിൽ വന്നത്. പിന്നീട് ഇത് #BoycottQatarAirways എന്ന് തിരുത്തുകയായിരുന്നു.

ചാനല്‍ ചര്‍ച്ചയിലെ ബിജെപി നേതാക്കളുടെ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശത്തിന് പിന്നാലെ അറബ് ലീഗും ഇറാനും പാകിസ്താനും ഖത്തറും ഒമാനും കുവൈറ്റും ഇന്ത്യയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ഖത്തറും കുവൈത്തും ഇന്ത്യന്‍ സ്ഥാനപതിമാരെ വിളിച്ചു വരുത്തിയായിരുന്നു അപകീര്‍ത്തി പരാമര്‍ശത്തില്‍ പ്രതിഷേധമറിയിച്ചത്. ഗ്യാന്‍വാപി വിവാദത്തില്‍ നടന്ന ചര്‍ച്ചയില്‍ ടൈംസ് നൗ ചാനലിലായിരുന്നു ബിജെപി ദേശീയ വക്താവ് നുപുര്‍ ശര്‍മ്മയുടെ അപകീര്‍ത്തികരമായ പരാമര്‍ശം. സംഭവത്തില്‍ ഹൈദരാബാദിലും മുംബൈയിലും ഫിടോണിയിലും കേസെടുത്തിരുന്നു. പ്രവാചകനെതിരെ അസഭ്യ വാക്കുകള്‍ ഉപയോഗിച്ചുവെന്നും ഇസ്ലാം മതത്തിനെതിരെ ചാനല്‍ ചര്‍ച്ചയില്‍ വിദ്വേഷ പ്രസ്താവന നടത്തിയെന്നും കാണിച്ചാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇസ്ലാം മതഗ്രന്ഥങ്ങളില്‍ ആളുകള്‍ക്ക് കളിയാക്കാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ ഉണ്ടെന്നായിരുന്നു നുപുര്‍ ശര്‍മ്മയുടെ പരാമര്‍ശം. മുസ്ലിംകള്‍ ഹിന്ദു വിശ്വാസങ്ങളെ പരിഹസിക്കുന്നുവെന്നും നുപുര്‍ ശര്‍മ്മ ആരോപിച്ചിരുന്നു.

സംഭവം വിവാദമായതോടെ നുപുര്‍ ശര്‍മ്മ മാപ്പ് പറഞ്ഞിരുന്നു. പരാമര്‍ശം ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ നിരുപാധികമായി പിന്‍വലിക്കുന്നു. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല അത്തരമൊരു പ്രസ്താവന നടത്തിയതെന്നും ഖേദപ്രകടനത്തില്‍ നുപുര്‍ ശര്‍മ്മ പറഞ്ഞു. വിവാദ പരാമര്‍ശത്തിന് പിന്നാലെ നുപുര്‍ ശര്‍മ്മയ്‌ക്കെതിരെ ബിജെപി കേന്ദ്ര നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. നുപുര്‍ ശര്‍മ്മയെയും ഡല്‍ഹി ഘടകം മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള നവീന്‍ കുമാര്‍ ജിന്‍ഡാലിനെയും പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ബിജെപി നേതൃത്വം അറിയിച്ചിരുന്നു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share