ലഡാക്കില്‍ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴ് സൈനികര്‍ മരിച്ചു; മരിച്ചവരില്‍ മലപ്പുറം സ്വദേശിയും

സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴ് സൈനികര്‍ മരിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ ലഡാക്കിലെ ഷ്യോക് നദിയിലേക്കാണ് ഇവര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞത്.

മരിച്ചവരില്‍ ഒരാള്‍ മലപ്പുറം സ്വദേശിയാണ്. അയ്യപ്പന്‍കാവ് നടമ്മല്‍ പുതിയകത്ത് മുഹമ്മദ് ഷൈജലാണ് മരിച്ച മലയാളി. 19 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

26 സൈനികരുമായി പര്‍ഥാപുര്‍ സൈനിക ക്യാമ്പിലേക്ക് പോവുന്ന വഴിക്കാണ് അപകടമുണ്ടായത്. തോയ്സ് സൈനിക ക്യാമ്പിന്റെ 25 കിലോമീറ്റര്‍ അടുത്തെത്തിയപ്പോള്‍ വാഹനം നദിയിലേക്ക് തെന്നിമാറുകയായിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ഏഴ് സൈനികരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ത്യ – പാക്ക് അതിർത്തിയിലെ തുർതുക് സെക്ടറിലേക്കു പോകും വഴി ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ഷ്യോക് നദിയിലേക്കു വീഴുകയായിരുന്നു.

റോഡിൽനിന്നു തെന്നിമാറിയ വാഹനം ഏകദേശം 50-60 അടി താഴ്ചയിലേക്കാണ് വീണതെന്നു സൈനിക വക്താവ് അറിയിച്ചു. പരുക്കേറ്റവർക്കെല്ലാം വൈദ്യസഹായം നൽകുന്നുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ വെസ്റ്റേൺ കമാൻഡിലേക്ക് മാറ്റുന്നതിനായ വ്യോമസേനയുടെ സഹായം അഭ്യർഥിച്ചിട്ടുണ്ടെന്നും വക്താവ് പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!