ആഭ്യന്തര ഹജ്ജ് തീർഥാടകർക്ക് മൂന്ന് തരം പാക്കേജുകൾ തെരഞ്ഞെടുക്കാം
ഈ വർഷം ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്ന സൌദിയിൽ നിന്നുള്ള തീർഥാടകർക്ക് മൂന്ന് പാക്കേജുകൾ തിരഞ്ഞെടുക്കാൻ അവസരമുണ്ടാകും. മിനയിൽ തീർഥാടകരെ പാർപ്പിക്കുന്നതിനുള്ള ക്യാമ്പുകൾക്കനുസരിച്ചായിരിക്കും പാക്കേജുകളുടെ നിരക്കുകളുണ്ടാവുക. ഇത് സംബന്ധിച്ച നടപടിക്രമങ്ങളും നിർദ്ദേശങ്ങളും ഹജ്ജ്, ഉംറ മന്ത്രാലയം ഉടൻ പ്രഖ്യാപിക്കും.
മിന ടവറുകളിലാണ് ആദ്യ വിഭാഗത്തിന് താമസ സൌകര്യമുണ്ടാവുക. കിദാന കമ്പനി വികസിപ്പിച്ച ടെന്റുകളിലാണ് രണ്ടാമത്തെ വിഭാഗം താമസിക്കുക. ഇതിന് പുറമെ ഹോസ്പിറ്റാലിറ്റി ടെന്റുകൾ എന്ന പേരിൽ മൂന്നാമതൊരു താമസ കേന്ദ്രവും മിനയിൽ ആഭ്യന്തര തീർഥാടകർക്കായി ഒരുക്കും. അധികൃതരിൽ നിന്നും അനുമതി ലഭിച്ചാൽ നാലാമതൊരു കേന്ദ്രത്തിലും താമസം ക്രമീകരിക്കും. പുണ്യസ്ഥലങ്ങൾക്ക് പുറത്തുള്ള തീർഥാടകരുടെ താമസത്തിനാണ് ഇത്. ഹോസ്പിറ്റാലിറ്റി പ്ലസ് എന്നാണ് ഈ പാക്കേജിന് പേരിട്ടിരിക്കുന്നത്. മക്കയിലെ ലൈസൻസുള്ള കെട്ടിടങ്ങളിലാണ് ഈ പാക്കേജിലുള്ളവർക്ക് താമസം ഒരുക്കുക.
ഒരു തീർഥാടകന് 2.5 ചതുരശ്ര മീറ്റർ വിസ്തീർണം എന്ന തോതിൽ വികസിപ്പിച്ച ടെന്റിൽ പരമാവധി ആറ് തീർഥാടകർക്കും, അവികസിത ടെന്റിൽ ഒരു തീർഥാടകന് 1.6 ചതുരശ്ര മീറ്റർ എന്ന തോതിൽ 10 തീർഥാടകരുമായിരിക്കും അനുവദിക്കുക.
സ്വദേശികളും വിദേശികളുമുൾപ്പെടെ ഒന്നര ലക്ഷം ആഭ്യന്തര തീർഥാടകർക്കാണ് ഇത്തവണ ഹജ്ജിന് അനുമതിയുള്ളത്. ആഭ്യന്തര തീർഥാടകർക്കുള്ള രജീസ്ട്രേഷനും നടപടിക്രമങ്ങളും ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക