കേരളത്തിൽ നിന്ന് ഹജ്ജിന് പോകാൻ 3,84,200 രൂപ. ആദ്യ വിമാനം ജൂൺ 4 ന്
സംസ്ഥാന ഹജ് കമ്മിറ്റിക്കു കീഴിൽ ഇത്തവണ ഹജ്ജിന് പോകുന്നവരുടെ ആദ്യ വിമാനം ജൂൺ നാലിന് പുറപ്പെടും. നെടുമ്പാശ്ശേരിയിലാണ് ഇത്തവണ ഹജ്ജ് എംബാർക്കേഷൻ പോയിൻ്റ്. സൌദി എയർലൈൻസ് വിമാനമാണ് നെടുംബാശ്ശേരിയിൽ നിന്ന് ഹജ്ജ് സർവീസ് നടത്തുക. ജൂൺ 4 മുതൽ 16 വരെ 20 സർവീസുകളാണ് സൗദി എയർലൈൻസ് നടത്തുക.
തീർത്ഥാടകരെ സൌദിയിലേക്ക് കൊണ്ട് പോകുന്നതിനും തിരിച്ച് കൊണ്ടുവരുന്നതിനുമുള്ള വിമാന നിരക്ക് കഴിഞ്ഞ ദിവസം നിശ്ചയിച്ചു. 80,874 രൂപയാണ് തീർത്ഥാടകർക്കുള്ള വിമാന നിരക്ക്. ഇതുൾപ്പെടെ നെടുമ്പാശ്ശേരിയിൽ നിന്ന് ഇത്തവണ ഹജിന് പോകുവാൻ 3,84,200 രൂപ ചെലവ് വരും. ഇതിൽ അഞ്ച് ശതമാനം വരെ കൂടുവാനോ കുറയുവാനോ സാധ്യതയുണ്ട്.
വിമാന ടിക്കറ്റ് നിരക്കിൽ ഈടാക്കുന്ന 80,874 രൂപയിൽ 5,719 രൂപ വിമാനത്താവള ടാക്സ് ആണ്. രണ്ട് വയസ്സിനു താഴെയുളളവർക്ക് 13,234 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.
ഇത്തവണത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവർ നേരത്തെ രണ്ട് തവണകളിലായി 2,01,000 രൂപ അടച്ചിട്ടുണ്ട്. ബാക്കിയുള്ള 1,83,200 രൂപ ഈ മാസം 31ന് മുമ്പായി അടക്കേണ്ടതാണ്. അപേക്ഷാ സമയത്ത് ബലി കർമത്തിനുള്ള കൂപ്പൺ ആവശ്യപ്പെട്ടവർ, 16,747 രൂപ അധികമായി അടക്കേണ്ടതാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക