സ്വർണകടത്ത് സംഘം പ്രവാസി ജലീലിനെ കൊന്നത് എന്തിന്. പോലീസ് വിശദീകരണം

അഗളി സ്വദേശിയായ പ്രവാസി അബ്ദുൽ ജലീലിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ പ്രധാന പ്രതിയായ യഹിയ ഇപ്പോഴും ഒളിവിലാണ്. ഇയാൾ മലപ്പുറം ജില്ല വിട്ട്  പോയിട്ടില്ലെന്നാണു പൊലീസ് നിഗമനം. യഹിയയാണ് ജലീലിനെ ആശുപത്രിയിലെത്തിച്ചത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ടാണു 15ന് രാവിലെ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ ജലീലിനെ തട്ടിക്കൊണ്ടു പോകുന്നത്. പിന്നീട് 19ന് രാവിലെ അവശനായ നിലയിൽ ജലീലിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം യഹിയ മുങ്ങുകയായിരുന്നു. അതിക്രൂര മർദനത്തിനിരയായ ജലീൽ 20ന് പുലർച്ചെ മരണത്തിനു കീഴടങ്ങുകയും ചെയ്തു.

അവശനിലയിൽ വഴിയിൽ കിടക്കുന്നതു കണ്ട് കൊണ്ടുവന്നതാണെന്നായിരുന്നു യഹിയ ആശുപത്രിയിൽ പറഞ്ഞത്. എന്നാൽ പൊലീസ് അന്വേഷണം തുടങ്ങിയതോടെ സംഭവം സ്വർണക്കടത്ത് സംഘത്തിലേക്ക് വിരൽചൂണ്ടി. രക്ഷകനായി എത്തിയ യഹിയ ഒന്നാം പ്രതി സ്ഥാനത്തായി.

ഓട്ടോ ഡ്രൈവറായിരുന്ന യഹിയ എങ്ങിനെ സ്വർണകടത്ത് സംഘത്തലവനായി ?

മലപ്പുറം ജില്ലയിലെ കീഴാറ്റൂർ പഞ്ചായത്തിലെ ആക്കപ്പറമ്പ് കാര്യമാട് സ്വദേശിയാണ് യഹിയ. ആദ്യ കാലത്ത് ഓട്ടോ ഓടിച്ചും സ്വകാര്യ ടാക്‌സി ഓടിക്കാൻ ‌പോയുമായിരുന്നു ഉപജീവനം. ഗൾഫിലും കുറച്ചുകാലം ജോലി നോക്കി. ഗൾഫിൽ മറ്റു പാർട്ണർമാരോടൊപ്പം ബിസിനസ് നടത്തിയിരുന്നെന്നും വിവരമുണ്ട്. ഇടയ്ക്കിടെ ഗൾഫിലേക്കു പോയും വന്നുമിരുന്ന യഹിയ കുറച്ചുകാലമായി നാട്ടിലുണ്ട്. ചെറിയ ചില അടിപിടി കേസുള്ളതായി പറയുന്നുണ്ടെങ്കിലും ഇത്ര വലിയ സ്വർണക്കടത്ത് സംഘത്തിലെ കണ്ണിയാണെന്നൊന്നും നാട്ടുകാരിൽ പലർക്കുമറിയില്ലായിരുന്നു. അതേസമയം, കുഴൽപ്പണം പോലുള്ള ഇടപാടുകളിൽ നേരത്തേ മുതലേ യഹിയ ഉൾപ്പെട്ടിരുന്നതായി നാട്ടുകാരിൽ ചിലർ പറയുന്നു. അബ്ദുൽ ജലീലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് വന്നതോടെ സ്വർണക്കടത്തു സംഘത്തിലെ പ്രധാനിയും ഈ കേസിലെ മുഖ്യപ്രതിയുമായി പൊലീസ് യഹിയയെ അടയാളപ്പെടുത്തി.

 

 

 

ജലീൽ ശരീരത്തിലൊളിപ്പിച്ചു കൊണ്ടുവന്ന സ്വർണം എവിടെ. എന്തിന് ജലീലിനെ കൊന്നു ?

പൊലീസ് വൃത്തങ്ങളിൽനിന്നു ലഭിച്ച വിവരമനുസരിച്ച് ഗൾഫിൽനിന്ന് വന്ന അബ്ദുൽ ജലീലിന്റെ കൈവശം ഏകദേശം ഒന്നേകാൽ കിലോയോളം സ്വർണം കൊടുത്തയച്ചിരുന്നു. ശരീരത്തിലൊളിപ്പിച്ചു കൊണ്ടുവന്ന ഈ സ്വർണത്തിനു വേണ്ടിയാണ് ജലീലിനെ പെരിന്തൽമണ്ണയിലേക്കു കൊണ്ടു വരുന്നത്. പെരിന്തൽമണ്ണയിലെ ഒരു സ്വകാര്യ അപാർട്മെന്റിൽ വച്ച് ജലീലിനെ പരിശോധിച്ചെങ്കിലും സ്വർണമൊന്നും കിട്ടിയില്ല. ഇതോടെ സ്വർണം മറിച്ചുകൊടുത്തോ എന്ന സംശയത്തിൽ മർദനം തുടങ്ങി. 15ന് വൈകിട്ട് ജലീലിനെ ആക്കപ്പറമ്പിലെ മൈതാനത്തിലെത്തിക്കുകയും കൂട്ടുകാരുടെ സഹായത്തോടെ മർദനം തുടരുകയും ചെയ്തു.

നിലവിൽ പിടിയിലായ അഞ്ചുപേരിൽ മൂന്നുപേർ ഈ മർദനത്തിൽ നേരിട്ടു പങ്കെടുത്തവരാണ്. പിന്നീട് വീണ്ടും പെരിന്തൽമണ്ണയിലെ അപാർട്മെന്റിലെത്തിച്ച് മൂന്നാംമുറയും ചോദ്യംചെയ്യലും തുടർന്നു. എന്നാൽ ഫലമുണ്ടായില്ല. പെരിന്തൽമണ്ണയിലെ അപാർട്മെന്റിൽനിന്ന് പൂപ്പലത്തെ ഒരു വീട്ടിലേക്ക് 18ന് ജലീലിനെ മാറ്റി. അടികൊണ്ട് അവശനിലയിലായ ജലീലിന് ഇതിനിടെ മരുന്നു വാങ്ങിക്കൊടുത്തു നോക്കിയിരുന്നു. ബോധരഹിതനായപ്പോൾ 2 നഴ്‌സിങ് അസിസ്‌റ്റന്റുമാരെ കാറിൽ ജലീലിനെ പാർപ്പിച്ച വീട്ടിലെത്തിച്ച് ഗ്ലൂക്കോസും മറ്റു ചില മരുന്നുകളും നൽകുകയും ചെയ്തു. എന്നാൽ സ്ഥിതി വഷളായതോടെ 19ന് രാവിലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

 

 

ജലീലിനെ ആള് മാറി കൊന്നതാണോ ?

സ്വർണക്കടത്തുമായോ സ്വർണക്കടത്ത് സംഘങ്ങളുമായോ ജലീലിനു ബന്ധമില്ലെന്നും കൊലപാതകത്തിനു പിന്നിൽ വൻ ചതി നടന്നിട്ടുണ്ടെന്നും ബന്ധുക്കൾ പറയുന്നു. വിഡിയോ കോൾ വിളിച്ചപ്പോൾ മുഖം മാത്രമാണു ജലീൽ വീട്ടുകാരെ കാണിച്ചത്. ക്രൂരമായി പീഡിപ്പിച്ച ശേഷം നിർബന്ധിച്ചു ഫോൺ വിളിപ്പിക്കുകയായിരുന്നുവെന്നു ബന്ധുവായ അലി പറയുന്നു.

10 വർഷമായി ഗൾഫിൽ ജോലി ചെയ്യുന്ന ജലീലിന്റെ കുടുംബം ഇപ്പോഴും സാമ്പത്തിക പ്രയാസങ്ങളിൽനിന്നു കരകയറിയിട്ടില്ല.ആദ്യം ഭാര്യയോടു കൂട്ടിക്കൊണ്ടുപോകാൻ പെരിന്തൽമണ്ണയിലെത്താൻ പറഞ്ഞ ജലീൽ അവർ പാതി ദൂരം പിന്നിട്ടപ്പോഴാണു മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടത്. എത്ര വൈകിയാലും കാത്തിരിക്കുമെന്നു ഭാര്യ പറഞ്ഞപ്പോൾ ഫോൺ കട്ട് ചെയ്തു.

കാണാതായ സമയത്ത് പലതവണ ഫോണിൽ വിളിച്ചെങ്കിലും ഭാര്യ അങ്ങോട്ടു ചോദിക്കുന്നതിനൊന്നും കൃത്യമായ മറുപടി ലഭിച്ചില്ല. ഇതിനിടെ വിളിച്ച്, തൃശൂരിലാണെന്ന് ഒരുതവണ പറഞ്ഞു. എല്ലാ തവണയും ജലീൽ നേരിട്ടാണു വിളിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നു പറയാൻ മാത്രമാണു മറ്റൊരാൾ വിളിച്ചതെന്നും ബന്ധുക്കൾ പറയുന്നു.

വലിയ സ്വപ്നങ്ങളുമായിട്ടല്ല അഗളി വാക്ക്യത്തോടിയിലെ അബ്ദുള്‍ ജലീല്‍ 10 വര്‍ഷം മുന്‍പ് സൗദിയിലെ ജിദ്ദയിലേക്ക് യാത്രയായത്. കുടുംബത്തിന്റെ അത്താണിയാകുക മാത്രമായിരുന്നു ലക്ഷ്യം. അറബിയുടെ വീട്ടിലെ ഡ്രൈവറായി ജോലിചെയ്തുണ്ടാക്കിയ ചെറിയ തുകയായിരുന്നു ജലീലിന്റെ കുടുംബത്തിന്റെ ആശ്രയം. ഈ കുടുംബത്തിന്റെ വരുമാനമാണ് ജലീല്‍ കൊല്ലപ്പെട്ടതോടെ ഇല്ലാതായത്.

ജിദ്ദയില്‍ സൗദി എയര്‍ലൈന്‍സിലെ അറബി ഉദ്യോഗസ്ഥന്റെ വീട്ടിലെ ഡ്രൈവറായിരുന്നു ജലീല്‍. അട്ടപ്പാടിയില്‍ ഡ്രൈവറായിരുന്ന ജലീല്‍ സ്വന്തമായി ഒരു ഓട്ടോറിക്ഷവാങ്ങി ഓടിക്കുകയായിരുന്നു. ഓട്ടോറിക്ഷയിലെ വരുമാനം കുറഞ്ഞതോടെയാണ് ഓട്ടോറിക്ഷവിറ്റ് കിട്ടിയ പണംകൊണ്ട് ജിദ്ദയിലേക്ക് പോയത്. രണ്ടുവര്‍ഷം കൂടുമ്പോള്‍ തൊഴില്‍ദാതാവ് എടുത്തുകൊടുക്കുന്ന വിമാന ടിക്കറ്റിലാണ് ജലീല്‍ വീട്ടിലേക്ക് വന്നുപോയിരുന്നത്.

ജലീലിന്റെ സ്വപ്നം ഒരുനല്ല വീടായിരുന്നുവെങ്കിലും അതിനുള്ള പണം സ്വരൂപിക്കാന്‍ കഴിയാതെ അഗളി പഞ്ചായത്ത് ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തിയാണ് വീട് യാഥാര്‍ഥ്യമായത്.

നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനായിരുന്ന ജലീല്‍ അറബിക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നതായി ജലീലിന്റെ ബന്ധു ഷിഹാബുദ്ദീന്‍ പറഞ്ഞു. രണ്ടുവര്‍ഷത്തിനുശേഷം ഞായറാഴ്ച വീട്ടിലേക്ക് വരുമെന്ന് പ്രതീക്ഷിച്ചിരുന്ന കുടുംബം ജലീലിനെ കാണുന്നത് വ്യാഴാഴ്ച അബോധാവസ്ഥയില്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലാണ്.

ഉമ്മ: ആസിയ, ഭാര്യ: ബുബഷീറ. മക്കള്‍: അന്‍സില്‍, അന്‍ഷിഫ്, അന്‍ഷിത്ത്.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

പ്രവാസി ജലീലിന് ഏൽക്കേണ്ടി വന്നത് അതിക്രൂര പീഡനമുറകൾ. ഇന്ന് കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് സൂചന

Share

One thought on “സ്വർണകടത്ത് സംഘം പ്രവാസി ജലീലിനെ കൊന്നത് എന്തിന്. പോലീസ് വിശദീകരണം

Comments are closed.

error: Content is protected !!