വയറും കരളും കുടലും ഒട്ടിച്ചേർന്ന നിലയിൽ വീണ്ടും സയാമീസ് ഇരട്ടകൾ; വേർപ്പെടുത്തുന്നതിനായി സൗദിയിലേക്ക്‌ കൊണ്ടുവരുന്നു – വീഡിയോ

റിയാദ്: യെമനിൽനിന്നും വീണ്ടും മറ്റൊരു സയാമീസ് ഇരട്ടകളെ കൂടി വേർപ്പെടുത്തൽ ശസ്ത്രക്രിയക്കായി സൌദിയിലേക്ക് കൊണ്ടുവരുന്നു. സൌദി ഭരണാധികാരി സൽമാൻ രാജാവിൻ്റെ നിർദ്ദേശപ്രകാരമാണ് വീണ്ടും മറ്റൊരു സയാമീസ് ഇരട്ടകളെ കൂടി ശസ്ത്രക്രിയയിലൂടെ വേർപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. യെമനിൽ ജനിച്ച മവദ്ദയും റഹ്മയുമാണ് ശസ്ത്രക്രിയക്കായി സൌദിയിലെത്തുക. യൂസുഫ് യാസീൻ എന്നീ കുട്ടികളുടെ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയതിന് പിറകെയാണ് യെമനിൽ നിന്ന് മറ്റൊരു കേസ് കൂടി സൌദിയിലേക്ക് വരുന്നത്. നേരത്തെ ശസ്ത്രക്രിയ പൂർത്തിയാക്കിയ യൂസുഫിൻ്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. എന്നാൽ യാസീൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

വയറും കുടലും കരളും പരസ്പരം ഒട്ടിച്ചേർന്ന നിലയിൽ യെമനിൽ  ജനിച്ച മവദ്ദയേയും റഹ്മയേയുമാണ് റിയാദിലെ നാഷണൽ ഗാർഡിന് കീഴിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ വരും ദിവസങ്ങളിൽ വേർപ്പെടുത്തൽ ശസ്ത്രക്രിയക്ക് വിധേയരാക്കുക. ഇവരെ റിയാദിലേക്ക് കൊണ്ടുപോകുന്നതിനായുള്ള മെഡിക്കൽ സംഘം ഇന്ന് (ഞായറാഴ്ച) തെക്കൻ യെമനിലെ ഏഡൻ എയർപോർട്ടിൽ മെഡിക്കൽ ഇവാക്വേഷൻ വിമാനത്തിൽ എത്തി.

ശസ്ത്രക്രിയയുടെ മുന്നോടിയായുള്ള പ്രാഥമിക പരിശോധനകൾ നടത്തുന്നതിന് വേണ്ടിയാണ് റിയാദിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽനിന്നുള്ള മെഡിക്കൽ സംഘം യെമനിലെത്തിയത്. കിംഗ് സൽമാൻ റിലീഫ് സെന്ററിൽ വിവരമറിയിച്ചതനുസരിച്ച് കുട്ടികളെ ശസ്ത്രക്രിയക്കായി കൈമാറുകയാണെന്ന് നിലവിൽ കുട്ടികളെ ചികിത്സിച്ച് വരുന്ന ഏഡനിലെ അൽ-സദഖ ഹോസ്പിറ്റലിലെ ഡോക്ടർ പറഞ്ഞു.

സൗദി സർക്കാരിന് ഇത് ആശ്ചര്യകരമായ കാര്യമല്ലെന്നും, ഇതേ സ്വഭാവത്തിലുള്ള 50 കുട്ടികളെ ഇതിന് മുമ്പ് വേർപ്പെടുത്തിയിട്ടുണ്ടെന്നും, തങ്ങളുടെ കുട്ടികളുടെ ശസ്ത്രക്രിയ പരിഗണിച്ചതിൽ സൌദി സർക്കാരിനോട് നന്ദി പ്രകടിപ്പിക്കുന്നുവെന്നും കുട്ടികളുടെ കുടുംബം പറഞ്ഞു.

 

 

മവദ്ദയുടേയും റഹ്മയുടേയും വീഡിയോ കാണാം

 

 

 

 

Share
error: Content is protected !!