വിദ്വേഷപ്രസംഗം: പി.സി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
എറണാകുളം വെണ്ണലയിൽ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പി സി ജോർജ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. എരണാകുളം സെഷൻസ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. വെണ്ണലയിലെ ഒരു ക്ഷേത്രത്തിൽ സപ്താഹ യജ്ഞത്തിന്റെ ഭാഗമായി നടന്ന പ്രഭാഷണത്തിലാണ് പി.സി ജോർജ് വിദ്വേഷപ്രസംഗം നടത്തിയത്.
ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കേസെടുത്തത്. കേസിൽ അറസ്റ്റ് തടയണം എന്നാവശ്യപ്പെട്ട് പി.സി ജോർജ് എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും ആവശ്യം കോടതി തള്ളുകയായിരുന്നു. 75 വയസ്സുകാരനായ തനിക്ക് നേരത്തെ ഒരു കേസിൽ തിരുവനന്തപുരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നുവെന്ന് ജോർജ് വാദിച്ചു. വെണ്ണലയിൽ താൻ നടത്തിയ പ്രസംഗം ഒരു വിഭാഗത്തെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ചെയ്തതല്ലെന്നും ജോർജ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിൽ പി.സി ജോർജ് നടത്തിയ പ്രസംഗത്തിന്റെ പേരിൽ അദ്ദേഹത്തെ പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ ബി.ജെ.പി സംഘ്പരിവാർ നേതൃത്വം വലിയ എതിർപ്പുമായി രംഗത്ത് വന്നിരുന്നു. ഇത്തരം വിവാദങ്ങൾ ഒഴിവാക്കാനാണ് ജോർജിനോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ജോർജ് നടത്തിയ വിദ്വേഷ പ്രസംഗത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. സപ്താഹ യജ്ഞത്തിന്റെ നോട്ടീസിൽ ജോർജിന്റെ പേരുണ്ടായിരുന്നില്ല. പിന്നെ എങ്ങനെയാണ് ഇത്തരമൊരു വിദ്വേഷ പ്രസംഗം നടത്താൻ അദ്ദേഹത്തിന് അവസരം ലഭിച്ചത്.
പങ്കെടുക്കുന്നവരുടെ കൂട്ടത്തിൽ പേരില്ലാതിരുന്നിട്ടും എഴുതി തയാറാക്കിയ വിദ്വേഷ പ്രസംഗം നടത്താൻ പ്രതിക്ക് അവസരം ഒരുക്കിയത് ആരാണെന്ന് പരിശോധിക്കണമെന്നും ഇതിനായി കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. ഏപ്രിൽ 29ന് സമാനസ്വഭാവമുള്ള കുറ്റകൃത്യത്തിൽ അറസ്റ്റിലായ ജോർജിന് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, ഒമ്പതിന് വെണ്ണലയിൽ എത്തി അതേ കുറ്റം ആവർത്തിച്ചത് രാഷ്ട്രീയ മുതലെടുപ്പിനാണെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം കിഴക്കേകോട്ടയിലെ വിദ്വേഷ പ്രസംഗക്കേസിൽ ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹരജി നിലനിൽക്കുന്നതിനിടയാണ് വെണ്ണലയിലെ പ്രസംഗത്തിൽ പാലാരിവട്ടം പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം സമുദായ സ്പർധയുണ്ടാക്കൽ, മനഃപൂർവമായി മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക