നാട്ടിൽ വിമാനമിറങ്ങിയ ശേഷം കാണാതായ പ്രവാസി മരിച്ച സംഭവം: ആശുപത്രിയിലെത്തിച്ചയാളെ തിരിച്ചറിഞ്ഞു
ജിദ്ദയിൽനിന്ന് നാട്ടിലെത്തിയ ശേഷം കാണാതായ പ്രവാസി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. അട്ടപ്പാടി അഗളി സ്വദേശി അബ്ദുൾ ജലീലാണ് (42) പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ മരിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം വ്യാഴാഴ്ച രാത്രി പന്ത്രണ്ടേകാലോടെയാണ് മരിച്ചത്. ജിദ്ദയിൽ നിന്ന് പുറപ്പെട്ട് മെയ് 15 ന് നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയ അബ്ദുൾ ജലീലിനെ നാലു ദിവസത്തിന് ശേഷം ഗുരുതര പരിക്കുകളോടെ അജ്ഞാതൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ശരീരമാസകലം മൂര്‍ച്ചയുള്ള ആയുധംകൊണ്ട് വരഞ്ഞ മുറിവുകളോടെയാണ് ജലീലിനെ ആശുപത്രിയിലെത്തിച്ചിരുന്നത്. രാവിലെ 7.20-ഓടെ മേലാറ്റൂര്‍ സ്റ്റേഷന്‍ പരിധിയിലെ ആക്കപ്പറമ്പില്‍ റോഡരികില്‍ പരിക്കേറ്റു കിടക്കുകയായിരുന്നു എന്നുപറഞ്ഞാണ് ഒരാള്‍ ജലീലിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ച ആളെ കുറിച്ച് പിന്നീട് സൂചനകളോ വിവരങ്ങളോ ഉണ്ടായിരുന്നില്ല. എന്നാൽ ആശുപത്രിയിൽ എത്തിച്ചത് മലപ്പുറം സ്വദേശി യഹിയയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇയാൾ ഇപ്പോൾ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. നെടുംബാശ്ശേരി വിമാനത്താവളത്തിലിറങ്ങിയ അബ്ദുൾ ജലീലിന്റെ തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘമാണെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
ജലീലിനെ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ ജലീലിന്റെ ഭാര്യയെ ഫോണില്‍ വിളിച്ച് വിവരമറിയിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നയാളെ കാണാതായത്. ആശുപത്രിയില്‍നിന്നുള്ള വിവരത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി.യുടെ മേല്‍നോട്ടത്തില്‍ മേലാറ്റൂര്‍, പെരിന്തല്‍മണ്ണ പോലീസ് സംഘങ്ങള്‍ അന്വേഷണം നടത്തിവരികയാണ്.
അബ്ദുള്‍ജലീലിന്റെ ബന്ധുക്കള്‍ പറയുന്നത് ഇങ്ങിനെ:
സൗദിയിലെ ജിദ്ദയില്‍ പത്തുവര്‍ഷത്തോളമായി ഹൗസ് ഡ്രൈവറായി ജോലിചെയ്യുന്ന അബ്ദുള്‍ജലീല്‍ രണ്ടുവര്‍ഷം മുന്‍പാണ് നാട്ടില്‍ വന്നുപോയത്. സ്പോണ്‍സര്‍ എടുത്തുനല്‍കിയ ടിക്കറ്റില്‍ രണ്ടുമാസം മുന്‍പേ നാട്ടിലെത്താന്‍ തീരുമാനിച്ചിരുന്നു.
മെയ് 15-ന് രാവിലെ നെടുമ്പാശ്ശേരിയില്‍ എത്തി. വിമാനമിറങ്ങിയശേഷം ഭാര്യയെയും സൗദിയിലുള്ള ബന്ധുവിനെയും വിളിച്ച് നാട്ടിലെത്തിയ വിവരം അറിയിച്ചു. ജലീലിനെ വിമാനത്താവളത്തിൽ സ്വീകരിക്കാനായി ഭാര്യയും വീട്ടുകാരും നെടുംബാശ്ശേരിയിലേക്ക് പുറപ്പെട്ടിരുന്നു.
ജലീലിൻ്റെ ഭാര്യ പറയുന്നു:
മെയ് 15 ന് നാട്ടിലെത്തിയ ജലീലിനെ കൂട്ടിക്കൊണ്ട് വരുന്നതിന് വേണ്ടി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടെങ്കിലും വഴിയിൽ വെച്ച് വരേണ്ടതില്ലെന്ന് വിളിച്ച് പറഞ്ഞു. അങ്ങനെ ഞങ്ങൾ തിരികെ വീട്ടിലേക്ക് മടങ്ങി. രാത്രി പത്ത് മണിയോടെ വീട്ടിലേക്ക് വിളിച്ച് ഇന്ന് വരാനാകില്ലെന്നും നാളെ രാവിലെയെത്താമെന്നും അറിയിച്ചു. പിറ്റേന്നും ഫോണിൽ വിളിച്ച് ഇത് തന്നെ ആവർത്തിച്ചു. 18 ാം തിയ്യതി വരെയിങ്ങനെ സംഭവിച്ചു. പിന്നെ ഒരു ഫോൺ കോളോ വിവരങ്ങളോ ഇല്ലാതായി. ദിവസങ്ങൾ കഴിഞ്ഞിട്ടും തിരികെയെത്താതായതോടെ അഗളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതി നൽകി തിരികെയെത്തിയപ്പോൾ വീട്ടിലേക്ക് ഭര്‍ത്താവ് ജലീലിന്റെ കോള് വന്നു. നാളെ വീട്ടിലേക്ക് വരുമെന്നും പൊലീസിൽ പരാതി നൽകിയതെന്തിനാണെന്നും ചോദിച്ചു. പൊലീസിൽ നൽകിയ കേസ് പിൻവലിക്കാനും പറഞ്ഞു. എന്നാൽ പിറ്റേന്നും ഭര്‍ത്താവ് വീട്ടിലേക്ക് വന്നില്ല. പക്ഷേ ഫോണിൽ വിളിച്ച് കേസ് പിൻവലിച്ചോയെന്ന് ചോദിച്ചു. കേസ് പിൻവലിച്ചിരുന്നില്ലെങ്കിലും പിൻവലിച്ചതായി മറുപടി പറഞ്ഞു. എവിടെയാണുള്ളതെന്ന എന്റെ ചോദ്യത്തിന് സ്ഥലം അറിയില്ല എന്നാണ് ജലീൽ മറുപടി നൽകിയത്. പിന്നീട് ഒരു ദിവസം പെരിന്തൽമണ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഒരാൾ ഫോണിൽ വിളിച്ചറിയിച്ചു. വിളിച്ചതെല്ലാം നെറ്റ് കോളായിരുന്നുവെന്നും ജലീലിന്റെ ഭാര്യ പറയുന്നു.
നാട്ടിൽ വിമാനമിറങ്ങിയ അബ്ദുൽ ജലീൽ പിന്നീട് പലതവണ കുടുംബത്തോട് സംസാരിച്ചെങ്കിലും അതെല്ലാം നെറ്റ് കോളുകൾ ആയിരുന്നു. എങ്കിലും ജലീലിൻ്റെ ദുരൂഹ മരണത്തിന് പിന്നിൽ പ്രവർത്തിച്ച സംഘത്തെ കുറിച്ചും സംഭവത്തിൽ ബന്ധമുളള ചില വ്യക്തികളെ കുറിച്ചും പോലീസിന് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ചിലർ പോലീസ് കസ്റ്റഡിയിലുള്ളതായും സൂചനയുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഫോണിൽ അശ്ലീല സംഭാഷണം: പ്രവാസി യുവാവ് കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായി
Pingback: പ്രവാസി അബ്ദുൽ ജലീൽ മരിച്ചത് തലക്കേറ്റ ക്ഷതം മൂലം. ആശുപത്രിയിലെത്തിച്ചയാൾ മുഖ്യസൂത്രധാരൻ. എട