ഫോണിൽ അശ്ലീല സംഭാഷണം: പ്രവാസി യുവാവ് കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായി

കരിപ്പൂർ: വിദ്യാര്‍ഥിനിയെ ഫോണില്‍ വിളിച്ച് അശ്ലീല സംഭാഷണം നടത്തിയ പ്രവാസി യുവാവ് പിടിയിലായി. പുലാമന്തോള്‍ ചെമ്മലശ്ശേരി സ്വദേശി അബ്ദുള്‍ മനാഫാണ്(44) കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉടനെ പിടിയിലായത്. ചങ്ങരംകുളം സി.ഐ. ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ വിമാനത്താവളത്തില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. ഓണ്‍ലൈന്‍ ക്ലാസെടുക്കുന്ന അധ്യാപകനെന്ന വ്യാജേന വിദ്യാര്‍ഥിനിയെ ഫോണില്‍ വിളിച്ച് അശ്ലീല സംഭാഷണം നടത്തിയതാണ് ഇയാളെ പിടികൂടിയത്.

ഒരുവര്‍ഷം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചങ്ങരംകുളം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയെയാണ് പ്രതി അധ്യാപകനെന്ന വ്യാജേനേ ഫോണില്‍ വിളിച്ചിരുന്നത്. വിദ്യാര്‍ഥിനിയുടെ വീട്ടില്‍ വിളിച്ച് കുട്ടി പഠിക്കുന്ന സ്‌കൂളിലെ അധ്യാപകനാണെന്ന് രക്ഷിതാക്കളെ തെറ്റദ്ധരിപ്പിച്ചു. പഠനത്തില്‍ പിറകിലായ കുട്ടിക്ക് പ്രത്യേകം ക്ലാസെടുക്കാനാണ് വിളിക്കുന്നതെന്ന് രക്ഷിതാക്കളെ വിശ്വസിപ്പിക്കുകയും ചെയ്തു. ഇയാൾ പറയുന്നത് ശരിയാണെന്ന് തെറ്റിദ്ധരിച്ച രക്ഷിതാക്കൾ പഠനമാവശ്യാർത്തം കുട്ടിക്ക് ഫോണ് കൈമാറുകയും ചെയ്തു.

ശേഷം കുട്ടിയോട് വാതില്‍ അടച്ചിട്ട് മുറിയില്‍ കയറാന്‍ പറയുകയും അശ്ലീലച്ചുവയില്‍ സംസാരിക്കുകയും ചെയ്തു. ഇത്തരം സംഭാഷണം തുടര്‍ന്നതോടെ കുട്ടി മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. മാതാപിതാക്കള്‍ സ്‌കൂള്‍ അധികൃതരെ ബന്ധപ്പെട്ടപ്പോളാണ് അധ്യാപകര്‍ ഇത്തരത്തില്‍ ഓണ്‍ലൈന്‍ ക്ലാസെടുക്കാറില്ലെന്ന് വ്യക്തമായത്. ഇതോടെ കുട്ടിയുടെ മാതാപിതാക്കളും സ്‌കൂള്‍ അധികൃതരും ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിയിൽ കാര്യമായ അന്വേഷണം നടന്നില്ല. അന്വോഷണം വൈകിയതോടെ മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഇവര്‍ പരാതി നല്‍കിയിരുന്നു. ഇതോടെയാണ് മലപ്പുറം എസ്.പി.യുടെ നിര്‍ദേശപ്രകാരം മലപ്പുറം സൈബര്‍ എസ്.ഐ.യുടെ നേതൃത്വത്തില്‍ സൈബര്‍ ഡോമിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു. അന്വോഷണത്തിൽ ഇന്റര്‍നെറ്റ് കോളിലൂടെയാണ് പ്രതി വിദ്യാര്‍ഥിനിയെ വിളിച്ചതെന്ന് കണ്ടെത്തി. അന്വോഷണം വീണ്ടും പുരോഗമിച്ചപ്പോൾ പ്രതിയെ തിരിച്ചറിയുകയും ചെയ്തു.

എന്നാൽ പ്രതി വിദേശത്തായിരുന്നതിനാൽ കസ്റ്റഡിയിലെടുക്കാൻ പോലീസിന് സാധിച്ചില്ല. തുടർന്ന് പോലീസ് പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ പ്രതിയെ അധികൃതര്‍ തടഞ്ഞുവെക്കുകയായിരുന്നു. തുടര്‍ന്ന് ചങ്ങരംകുളം എസ്.ഐ. ഖാലിദ്, സിപിഒ ഭാഗ്യരാജ് എന്നിവരടങ്ങുന്ന സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പിടിയിലായ പ്രതി പാലക്കാട് ജില്ലാ സൈബര്‍ പോലീസിലും സമാനമായ കേസില്‍ പ്രതിയാണെന്ന് അന്വേഷണസംഘം പറഞ്ഞു. പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share

One thought on “ഫോണിൽ അശ്ലീല സംഭാഷണം: പ്രവാസി യുവാവ് കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായി

Comments are closed.

error: Content is protected !!