ഉറുമ്പരിച്ച് അമ്മയുടെ മൃതദേഹം കട്ടിലിൽ, മരിച്ചത് അറിയാതെ മകൾ കൂടെ കിടന്നത് മൂന്നു രാത്രിയും രണ്ട് പകലും

ഇടുക്കി: നെടുങ്കണ്ടത്തെ ഒരു വീട്ടിൽ അമ്മ മരിച്ചതറിയാതെ മൃതദേഹത്തോടൊപ്പം ബുദ്ധിമാന്ദ്യം സംഭവിച്ച മകൾ മൂന്ന് രാത്രിയും രണ്ട് പകലും കഴിച്ച് കൂട്ടി. നെടുങ്കണ്ടം പച്ചടി കലാസദനത്തില്‍ അമ്മിണിയുടെ (69) മൃതദേഹത്തിനരികെയാണ് മകള്‍ ശശികല (35) കഴിഞ്ഞുകൂടിയത്. ഞായറാഴ്ച രാത്രിയാണ് അമ്മിണി മരിച്ചത്. എന്നാൽ ഇത് അറിയാതെ മൂന്നു രാത്രിയും പകലുമാണ് ഉറുമ്പരിച്ചു കിടക്കുന്ന മൃതദേഹത്തിനൊപ്പം കട്ടിലിൽ ശശികല കഴിഞ്ഞത്. എം.കോം വരെ പഠിച്ച മകൾ ശശികലക്ക് പിന്നീട് ബുദ്ധിമാന്ദ്യം സംഭവിക്കുകയായിരുന്നു.

രണ്ടുദിവസമായി വീട്ടിനുള്ളിൽ നിന്നും പുറത്തേക്ക് ആരെയും കാണാതായതോടെ ചൊവ്വാഴ്ച വൈകിട്ട് അയൽവാസിയായ സ്ത്രീ ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് അമ്മിണിയെ മരിച്ച നിലയിൽ കണ്ടത്. ജീര്‍ണിച്ച നിലയിലും ശരീരം ഉറുമ്പരിച്ച് ചെവിയിലൂടെയും മൂക്കിലൂടെയും സ്രവം വന്ന നിലയിലും കട്ടിലിൽ കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. ഇതേ കട്ടിലിൽ മകളും കിടക്കുകയായിരുന്നു.

ബുദ്ധിമാന്ദ്യം സംഭവിച്ച മകൾ ശശികല മാത്രമായിരുന്നു അമ്മിണിയോടൊപ്പം താമസിച്ചിരുന്നത്. മറ്റൊരു മകള്‍ നേരത്തേ മരിച്ചിരുന്നു. ഭര്‍ത്താവും മാസങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടു. പച്ചടി എസ്.എന്‍.എല്‍.പി സ്‌കൂളിനു സമീപത്താണ് ഇവരുടെ താമസം.

അമ്മിണി പലതരം രോഗങ്ങൾക്കും ചികിത്സയിലായിരുന്നു. പ്രമേഹം കടുത്തതോടെ വലതു കാൽ നേരത്തെ മുറിച്ചുമാറ്റിയിരുന്നു. പാലിയേറ്റിവ് കെയര്‍, ആശ വര്‍ക്കര്‍മാര്‍ എന്നിവരെത്തി പരിചരിക്കുകയായിരുന്നു പതിവ്. ഇവരുടെ ഭർത്താവ് ഒന്നര മാസം മുൻപു മരിച്ചിരുന്നു. നാട്ടുകാരുടെയും ബന്ധുക്കളുടെ സഹായത്തോടെയാണ് ഇവർ കഴിഞ്ഞിരുന്നത്.

അമ്മിണിയുടെ സഹോദരനും സഹോദരിയും അവുരടെ കൂടെക്കൊണ്ടുപോകാന്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ടെങ്കിലും ഇവര്‍ വീട് ഉപേക്ഷിച്ചുപോകാന്‍ തയാറല്ലായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു. ആശ പ്രവര്‍ത്തകരും പൊലീസും പൊതുപ്രവര്‍ത്തകരും വാര്‍ഡ് അംഗവും സ്ഥലത്ത് എത്തി രാത്രി 11.30ഓടെ പോസ്റ്റ്മോര്‍ട്ടം നടത്താതെ മൃതദേഹം മറവു ചെയ്തു.

മരണത്തില്‍ അസ്വാഭാവികത ഇല്ലാത്തതിനാലും മറ്റ് ബന്ധുക്കള്‍ക്കും സമീപവാസികള്‍ക്കും പരാതി ഇല്ലാത്തതിനാലും നാളുകളായി ഇവര്‍ രോഗിയായിരുന്നതിനാലുമാണ് പോസ്റ്റ്മോര്‍ട്ടം നടത്താതെ മൃതദേഹം മറവ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!