കൂട്ടുകാരായ പിഞ്ചു മക്കൾ പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു; നടുക്കം മാറാതെ നാട്ടുകാർ
പിഞ്ചു മക്കളുടെ വിയോഗം താങ്ങാനാകാത്ത അവസ്ഥയിലാണ് മുക്കം ഓമശ്ശേരിയിലെ വെണ്ണക്കോട്, ആലിന്തറ, ഏച്ചിക്കുന്ന്, മാതോലത്തിൻ കടവ് ഗ്രാമങ്ങൾ. വെണ്ണക്കോട് വട്ടക്കണ്ടിയിൽ ഷമീർ സഖാഫിയുടെ മകൻ ദിൽഷാക്ക്, പെരിങ്ങാപുറം മുഹമ്മദിന്റെ മകൻ അമീനും മാതോളത്ത് കടവ് പുഴയിൽ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിക്കുകയായിരുന്നു. ഇരുവർക്കും ഒമ്പത് വയസ്സായിരുന്നു പ്രായം.
അയൽവാസികളായ ഈ പിഞ്ചു കുഞ്ഞുങ്ങൾ എപ്പോഴും ഒരുമിച്ചാണ് ഉണ്ടാകാറുള്ളത്. ഒടുവിൽ അന്ത്യയാത്രയിലും ഇരുവരും ഒരുമിച്ചായത് നാട്ടുകാർക്കും വീട്ടുകാർക്കും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. വ്യാഴാഴ്ച വൈകുന്നരേം നാലോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
അയൽവാസികളായ ഇരുവരും ആറ് വയസ്സായ മറ്റൊരു കുട്ടിയും കൂടി വീട്ടുകാരറിയാതെ മൂന്ന് സൈക്കിളുകളിലായി ഒരു കിലോമീറ്റർ അപ്പുറത്തുള്ള മാതോളത്ത് കടവിൽ കുളിക്കാനെത്തിയതായിരുന്നു. കടവിലെ പാറയിൽ നിൽക്കുന്നതിനിടെ ദിൽഷാക്ക് അബദ്ധത്തിൽ തെന്നി വീഴുകയായിരുന്നു. ദിൽഷാക്കിനെ കൈ കൊടുത്ത് രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് അമീൻ പുഴയിലേക്ക് വീണത്.
ഇരുവരും വെള്ളത്തിൽ വീഴുന്നതുകണ്ട ആറു വയസ്സുകാരൻ നിലവിളിച്ചു. സമീപത്തെ പറമ്പിൽ കന്നുകാലികളെ മേച്ചിരുന്ന ആൾ വിവരമറിയിച്ചതിനത്തുടർന്ന് നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു. മുക്കം അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. അര മണിക്കൂറിനിടെ ഇരുവരെയും കണ്ടെത്തി ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദിൽഷാക്കാണ് ആദ്യം മരിച്ചത്. പിന്നീട് ചികിത്സയിലിരിക്കെ അമീനും മരിച്ചു.
കാട്ടുതീപോലെയാണ് മരണവിവരം നാട്ടുകാർക്കിടയിൽ പടർന്നത്. ഇതോടെ വെണ്ണക്കോട് പ്രദേശം ശോകമൂകമായി. പോസ്റ്റു മോർട്ടത്തിനു ശേഷം ദിൽശൗഖിന്റെ മയ്യിത്ത് മൂന്ന് മണിയോടെയും അമീന്റേത് ആറുമണിയോടെയും വെണ്ണക്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.
അന്ത്യകർമങ്ങളിൽ പങ്കെടുക്കാനായി ബന്ധുക്കളും നാട്ടുകാരും കുട്ടികൾ പഠിക്കുന്ന വെണ്ണക്കോട് ജി.എം.എൽ.പി സ്കൂൾ വിദ്യാർഥികളും അധ്യാപകരും എത്തിയിരുന്നു. ദിൽശൗഖിന്റെ പിതാവ് ഷമീർ സഖാഫി ദുബൈയിൽ നിന്നും രാവിലെയോടെ വീട്ടിലെത്തിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക