ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ്റെ നിര്യാണം: അറബ് രാജ്യങ്ങളിൽ ദുഃഖാചരണം പ്രഖ്യാപിച്ചു. ഖബറടക്കം ഇന്ന് രാത്രി

യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിൻ സായിദിന്‍റെ നിര്യാണത്തിൽ വിവിധ രാഷ്ട്ര തലവൻമാരും പ്രമുഖരും അനുശോചിച്ചു. അനുശോചന പ്രവാഹം തുടരുകയാണ്. നിരവധി അറബ്, ആഫ്രിക്കൻ രാജ്യങ്ങൾ ദുഃഖാചരണം പ്രഖ്യാപിച്ചു. രാജ്യത്ത് 40 ദിവസത്തേക്ക് പതാകകൾ പകുതി താഴ്ത്തിക്കെട്ടണമെന്നും വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, പ്രാദേശിക സ്ഥാപനങ്ങൾ, സ്വകാര്യ മേഖല എന്നിവയുടെ പ്രവർത്തനം ഇന്ന് മുതൽ 3 ദിവസത്തേക്ക് നിർത്തിവയ്ക്കുമെന്നും യുഎഇ അറിയിച്ചു.

ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാന്റെ ഖബറടക്കം ഇന്ന് രാത്രി നടക്കും. യുഎഇയിലെ എല്ലാ പള്ളികളിലും മയ്യിത്ത് നമസ്‌കാരം ഉണ്ടായിരിക്കും.

ലെബനോൻ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ, മൌറിറ്റാനിയ തുടങ്ങിയ രാജ്യങ്ങൾ ദുഃഖാചരണത്തിൻ്റെ ഭാഗമായി മൂന്ന് ദിവസത്തേക്ക് പതാക പകുതി താഴ്ത്തി കെട്ടാൻ തീരുമാനിച്ചു. ഫലസ്ത്തീൻ ഒരി ദിവസം പതാക്ക താഴ്ത്തി കെട്ടും. ജോർദാനിൽ 40 ദിവസമാണ് ദുഖാചരണമെന്ന് സർക്കാർ അറിയിച്ചു.

സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ദുഖവും അനുശോചനവും രേഖപ്പെടുത്തി. മരണവാർത്ത അറിഞ്ഞതിൽ ഏറെ ദുഖിക്കുന്നു. കാരുണ്യത്തിനും നിത്യശാന്തിക്കുമായി പ്രാർഥിക്കുന്നു. തന്‍റെ ജനതക്കും രാജ്യത്തിനും ഒരുപാട് സംഭാവനകൾ നൽകിയ നേതാവാണ്. ആ നേതാവിന്‍റെ വിയോഗത്തിൽ യു.എ.ഇ ഭരണകൂടത്തോടും അവിടുത്തെ ജനങ്ങളോടും അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളോടും തങ്ങളുടെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും സൗദി റോയൽ കോർട്ട് പുറപ്പെടുവിച്ച അനുശോചന സന്ദേശത്തിൽ പറഞ്ഞു.

 

പ്രധാന മന്ത്രി:

ഇന്ത്യയുമായി മികച്ച ബന്ധം സ്ഥാപിച്ച ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.

മുഖ്യമന്ത്രി:

യുഎഇയുടെ ആധുനികവൽക്കരണത്തിന് നേതൃത്വം നൽകിയ അദ്ദേഹം കേരളവുമായി എന്നും അടുത്ത ബന്ധം സൂക്ഷിച്ച ഭരണാധികാരിയായിരുന്നു. നമ്മുടെ രാജ്യവുമായുള്ള ബന്ധം സുദൃഢമാക്കുന്നതില്‍ വലിയ പങ്കാണ് ഖലീഫ ബിൻ സായിദ് വഹിച്ചിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

സാദിഖലി ശിഹാബ് തങ്ങൾ:

വിടവാങ്ങിയ യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻസായിദ് അൽനഹ്യാൻ ക്ഷേമരാജ്യത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ഭരണാധികാരിയായിരുന്നുവെന്ന് മുസ്‌ലിംലീഗ്‌ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

പി.കെ കുഞ്ഞാലിക്കുട്ടി:

പുതുയുഗത്തിലേക്ക് യു.എ.ഇയെ നയിച്ച ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ ബിൻസായിദ് അൽനഹ്യാനെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മമ്മൂട്ടി:

ദീർഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്ന ശൈഖ് ഖലീഫയുടെ നിര്യാണം രാജ്യത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് നടൻ മമ്മൂട്ടി പറഞ്ഞു.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!