മീഡിയവൺ സംപ്രേഷണ വിലക്ക്; മറുപടി നൽകാൻ കേന്ദ്ര സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി: മീഡിയ വണ്‍ സംപ്രേഷണ വിലക്ക് ചോദ്യം ചെയ്തുള്ള ഹര്‍ജികളുടെ മറുപടി സത്യവാങ്മൂലത്തെ സംബന്ധിച്ച നിര്‍ദേശങ്ങളൊന്നും വകുപ്പില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍. അതിനാല്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ രണ്ടാഴ്ചത്തെ സമയം കൂടി തേടി സര്‍ക്കാര്‍ അഭിഭാഷകന്‍ അമരീഷ് കുമാര്‍ സുപ്രീം കോടതി രജിസ്ട്രാര്‍ക്ക് കത്തു നല്‍കി. മറ്റന്നാൾ കേസ് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം വീണ്ടും സാവകാശം തേടിയത്.
നേരത്തെ കേസില്‍ സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രത്തിന് സുപ്രീംകോടതി മൂന്നാഴ്ച അനുവദിച്ചിരുന്നു. നാലാഴ്ച സമയം അനുവദിക്കണമെന്നായിരുന്നു കേന്ദ്രം കോടതിയില്‍ ആവശ്യപ്പെട്ടത്. സത്യവാങ് മൂലം നൽകാൻ മാർച്ച് 30 വരെയാണ് സുപ്രീംകോടതി നേരത്തെ സമയം അനുവദിച്ചിരുന്നത്. എന്നാൽ, സമയപരിധി പാലിക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് കൂടുതൽ സമയം ആവശ്യപ്പെട്ട് കേന്ദ്രം കോടതിയെ സമീപിക്കുകയായിരുന്നു.
ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, സൂര്യ കാന്ത്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് മറ്റന്നാള്‍ മീഡിയ വണ്‍ സംപ്രേഷണ വിലക്കുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ കത്ത് നല്‍കിയത്. മറുപടി സത്യവാങ്മൂലത്തിന്റെ ഉള്ളടക്കം തീരുമാനിക്കേണ്ടത് ഉന്നതങ്ങളിലാണെന്ന് ആയിരുന്നു കഴിഞ്ഞ തവണ ഹര്‍ജി നീട്ടിവയ്ക്കാന്‍ നല്‍കിയ അപേക്ഷയില്‍ കേന്ദ്രം വ്യക്തമാക്കിയിരുന്നത്.