പി.സി ജോർജിനെതിരായ കേസ് തേഞ്ഞ് മാഞ്ഞ് പോകുമെന്ന് സൂചന

തിരുവനന്തപുരത്ത് വിവാദപ്രസംഗം നടത്തിയ മുൻ എംഎൽഎ പി.സി. ജോർജിനെതിരായ കേസ് തേഞ്ഞ് മാഞ്ഞ് പോകുമെന്ന് സൂചന.  ഇന്ത്യൻ ശിക്ഷ നിയമം 153(എ) വകുപ്പാണ് ജോർജിനെതിരെ ചുമത്തിയിരിക്കുന്നത്. ഈ വകുപ്പ് അനുസരിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിക്കണമെങ്കിൽ സർക്കാർ അനുമതി ആവശ്യമാണെന്ന് 1973ലെ ക്രിമിനൽ നടപടിക്രമം 196(1) വ്യവസ്ഥ ചെയ്യുന്നുണ്ട്.

പല സാഹചര്യങ്ങളിലും 153(എ) ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്യാറുണ്ടെങ്കിലും അതിൽ കുറ്റപത്രം സമർപ്പിക്കാൻ സർക്കാർ അനുമതി നൽകിയ സംഭവങ്ങൾ വളരെ അപൂർവമാണ്. സംഭവങ്ങൾ നടന്ന് വിവാദവും പ്രതിഷേധവും ഉയരുമ്പോൾ പൊലീസ് 153(എ) ചുമത്തി കേസ് എടുക്കാറുണ്ടെങ്കിലും പിന്നീട് അത് തേഞ്ഞുമാഞ്ഞുപോകാറാണ് പതിവ്. അതിനാൽ ജോർജിൻ്റെ കേസിലും അത് തന്നെ സംഭവിക്കുവാനാണ് സാധ്യത. പ്രത്യേകിച്ച് ജോർജിൻ്റെ അറസ്റ്റും, ജാമ്യത്തെ എതിർക്കാൻ സർക്കാർ അഭിഭാഷകരാരും കോടതിയിൽ എത്താതിരുന്നതും ഒത്തുകളിയുടെ ഭാഗമാണെന്ന ആരോപണം ഇന്നലെ തന്നെ ശക്തമായിരുന്നു. ഒത്തുകളി സത്യമാണെങ്കിൽ സർക്കാർ ജോർജിനെതിരെ കുറ്റപത്രം സമർപ്പിക്കാൻ അനുവാദം നൽകുകയില്ല. അതോടെ കേസ് തേഞ്ഞ് മാഞ് പോകുമെന്നുറപ്പാണ്.

2016 ആഗസ്റ്റ് നാലിന് പത്തനാപുരത്ത് ആർ. ബാലകൃഷ്ണപിള്ള മതസ്പർധ ഉണ്ടാക്കുംവിധം പ്രസംഗം നടത്തിയിരുന്നു. അന്നും പൊലീസ് ജാമ്യമില്ലാ വകുപ്പായ 153(എ) ചുമത്തി കേസെടുത്തെങ്കിലും തുടർനടപടി ഉണ്ടായില്ല. 2003 മേയ് രണ്ടിന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ വിവാദപ്രസംഗം നടത്തിയ വിശ്വഹിന്ദുപരിഷത്ത് അന്താരാഷ്ട്ര സെക്രട്ടറി ജനറൽ പ്രവീൺ തൊഗാഡിയക്കെതിരെ ചുമത്തിയതും ഇതേ വകുപ്പായിരുന്നു. സർക്കാർ അനുമതി നൽകിയിട്ടും കേസിൽ അന്തിമ റിപ്പോർട്ട് പൊലീസ് സമർപ്പിച്ചത് 2012ലാണ്. മൂന്നുവർഷത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന വ്യവസ്ഥ പാലിക്കാത്തതിനാൽ കോടതി കേസ് തള്ളി.

153(എ) വകുപ്പ് ചുമത്തിയാൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതികളിലേ കുറ്റപത്രം സമർപ്പിക്കാനാകൂ. സർക്കാർ അനുമതിയില്ലാതെ കുറ്റപത്രം കോടതിയിൽ നൽകിയാൽ കോടതി അത് സ്വീകരിക്കില്ല. ജാതി, മതം, വർഗം, താമസം, ജന്മദേശം, ഭാഷ എന്നിവയുടെ പേരിൽ ഇരുവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നവർക്കെതിരെയാണ് 153(എ) ചുമത്തുന്നത്. മൂന്നുവർഷം തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. വകുപ്പ് ദുരുപയോഗം ചെയ്യാൻ പാടില്ലെന്ന ഉദ്ദേശ്യത്തോടെയാണ് സർക്കാർ അനുമതി ആവശ്യമാണെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നത്. അതിനാൽ പി.സി ക്കെതിരായ കേസും തേഞ്ഞ് മാഞ്ഞ് പോകുമെന്നാണ് നിയമ വിദഗ്ധർ നൽകുന്ന സൂചന.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/IVNr7uCNZq9KwJlm1nff5T

 

Share
error: Content is protected !!