27-ആം രാവില്‍ മക്കയിലെ ഹറം പള്ളിയില്‍ എത്തിയത് 20 ലക്ഷം വിശ്വാസികള്‍. വീഡിയോ കാണാം
മക്ക: റംസാന് 27-ആം രാവിനോടനുബന്ധിച്ച് മക്കയിലെ മസ്ജിദുല്‍ ഹറാം പള്ളിയില്‍ ഇന്നലെ രാത്രി നടന്ന തറാവീഹ് തഹജ്ജുദ് നമസ്കാരങ്ങളില്‍ 20 ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുത്തതായാണ് കണക്ക്. ഹറം പള്ളിയിലെ ക്രൌഡ് മാനേജ്മെന്റ് ടീം ആണ് ഏകദേശ കണക്ക് വെളിപ്പെടുത്തിയത്. 27-ആം രാവിലെ ഓപറേഷന് പ്ലാന്‍ വിജയിച്ചതായും തീര്‍ഥാടകര്‍ മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളില്‍ സുഗമമായി കര്‍മങ്ങള്‍ നിര്‍വഹിച്ചതായും ഹറം കാര്യാലയം അറിയിച്ചു.
രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇത്രയധികം വിശ്വാസികള്‍ ഹറം പള്ളികളില്‍ എത്തുന്നത്. ലൈലത്തുല്‍ ഖദ്ര് പ്രതീക്ഷിച്ച് ഇന്നലെ രാവിലെ മുതല്‍ തന്നെ മക്കയിലേക്ക് വിശ്വാസികളുടെ ഒഴുക്ക് ആയിരുന്നു. പള്ളിയുടെ മുറ്റത്തും മുകളിലും ഉള്‍പ്പെടെ എല്ലാ ഭാഗത്തും തീര്‍ഥാടകര്‍ നിറഞ്ഞു കവിഞ്ഞു. പുലരുവോളം പ്രാര്‍ഥനകളില്‍ മുഴുകിയ ശേഷമാണ് തീര്‍ഥാടകരില്‍ നല്ലൊരു ഭാഗവും ഹറം പള്ളിയില്‍ നിന്നു മടങ്ങിയത്.
അതേസമയം മദീനയിലെ മസ്ജിദുന്നബവിയില്‍ റൌദ ഷരീഫിലേക്കുള്ള പ്രവേശനത്തിന് 6 ദിവസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി. റമദാന് അവസാന ദിവസങ്ങളിലെ പ്രാര്‍ഥനകള്‍ക്കും പെരുന്നാള്‍ നമസ്കാരത്തിനുമുള്ള തിരക്ക് കണക്കിലെടുത്താണ് ഈ തീരുമാനം. ശവ്വാല്‍ 3 മുതല്‍ വീണ്ടും പ്രവേശനം അനുവദിക്കും.
ഹറം പള്ളികളില്‍ പെരുന്നാള്‍ നമസ്കാരങ്ങളില്‍ പങ്കെടുക്കാന്‍ പ്രത്യേക പെര്‍മിറ്റ് എടുക്കേണ്ടത്തില്ലെന്ന് സൌദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ നിര്‍വഹിക്കാനും, റൌദയില്‍ പ്രാര്‍ഥിക്കാനും മാത്രമാണു പെര്‍മിറ്റ് ആവശ്യമുള്ളത്.
വീഡിയോ
فيديو | بالتعاون مع #رئاسة_أمن_الدولة.. لقطات جوية حصرية لـ #صلاة_التهجد #ليلة_27 #معتمرون_آمنون#الإخبارية pic.twitter.com/C9AikqqUbM
— قناة الإخبارية (@alekhbariyatv) April 27, 2022