യുപിഐ പണമിടപാടുകൾ ഗൾഫിലും. ഇന്ത്യക്കാർക്ക് പ്രയോജനം ചെയ്യും

പ്രവാസികൾക്കും സന്ദർശകർക്കും UPI ആപ്ലിക്കേഷനുകൾ ഉപയോഗിക്കാം. ഇന്ത്യയില്‍ നിന്ന് യുഎഇയിലെത്തുന്ന പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കുമാണ് ഇപ്പോൾ യുപിഐ ആപ്പുകൾ ഉപയോഗിക്കുവാനുള്ള സാഹചര്യമൊരുങ്ങിയത്. വൈകാതെ മറ്റു ഗൾഫ് രാജ്യങ്ങളിലും സേവനം ലഭ്യമാകുമെന്നാണ് സൂചന. യുഎയില്‍ വെച്ച് ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈനായി പണമിടപാടുകള്‍ നടത്തുന്നതിന് യുപിഐ ആപ്പുകള്‍ സഹായകരമാകും. ഓരോ വര്‍ഷവും ബിസിനസ്‌, വിനോദസഞ്ചാരം എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായി യുഎഇ സന്ദര്‍ശിക്കുന്ന 20 ലക്ഷത്തിലേറെ വരുന്ന ഇന്ത്യക്കാർക്ക് ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും.

ഇന്ത്യയിൽ യുപിഐ അധിഷ്ഠിത ബാങ്ക് അക്കൗണ്ട്, ഭീം മൊബൈൽ ആപ്പ് എന്നിവ ഉള്ളവർക്കാണ് ഈ സൌകര്യം ഉപയോഗപ്പെടുത്താനാകുക. യുഎഇയിലെ കടകളിലും റീട്ടെയില്‍ സ്റ്റോറുകളിലും മറ്റ് വ്യാപാരകേന്ദ്രങ്ങളിലും യുപിഐ ഭീം ആപ്പ് ഉപയോഗിച്ച് പണമടയ്ക്കാനാവും.  യുഎഇ യിലെ മഷ്റഖ് ബാങ്കിൻ്റെ നിയോപേ നെറ്റ് വർക്ക് വഴിയാണ് ഇത് പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ നിയോപേ ടെര്‍മിനല്‍ ഉള്ളയിടങ്ങളില്‍ മാത്രമേ ഈ സേവനം ലഭ്യമാകുകയുള്ളൂ.

ദേശീയ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ അന്താരാഷ്ട്ര വിഭാഗമായ എന്‍ഐപിഎല്‍ അടുത്തിടെ നിരവധി രാജ്യങ്ങളുമായി രാജ്യാന്തര സാമ്പത്തിക സേവനദാതാക്കളുമായി കരാറുണ്ടാക്കിയിരുന്നു. അതിൻ്റെ തുടർച്ചയായാണ് യുഎഇ യിലെ നിയോപേയുമായി ധാരണയുണ്ടാക്കിയത്.  യുഎഇയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് നിയോപേയും എന്‍ഐപിഎല്‍ കഴിഞ്ഞ വര്‍ഷം പങ്കാളികളായിരുന്നു. നേപ്പാളിലും ഭൂട്ടാനിലും യുപിഐ സംവിധാനത്തിന് ഇതിനകം അംഗീകാരം ലഭിച്ചിട്ടുണ്ട്. ഈ വർഷാവസാനം സിംഗപ്പൂരിലും സംവിധാനം ഉപയോഗിച്ച് പണം ഇടപാടുകൾ നടത്താനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യുഎഇ ക്ക് പിറകെ മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും ഈ സേവനം വൈകാതെ വ്യാപിപ്പിക്കുമെന്നാണ് സൂചന.

 

മറ്റുവാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd

 

 

 

Share
error: Content is protected !!