ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് ക്വാട്ട പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 5747 പേർക്ക് ഹജ്ജിന് അവസരം

ഈ വർഷത്തെ (2022) ലെ ഹജ്ജിനുള്ള ക്വാട്ട കേന്ദ്ര ഹജ്ജ്  കമ്മറ്റി പ്രഖ്യാപിച്ചു. ആകെ 79,237 പേർക്ക് ഇത്തവണ ഇന്ത്യയിൽ നിന്നും ഹജ്ജിന് അവസരം നൽകും. അതിൽ 56,601പേർക്കാണ് കേന്ദ്ര ഹജ്ജ് കമ്മറ്റി മുഖേന ഹജ്ജിന് അസരം ലഭിക്കുക. സ്വകാര്യ ഗ്രൂപ്പുകൾ വഴി 22,636 പേർക്കും ഹജ്ജിന് അവസരമുണ്ട്. 1437 സീറ്റുകൾ മെഡിക്കൽ സംഘത്തിനും മറ്റു സേവന പ്രവർത്തകർക്കുമായി മാറ്റിവെക്കും.

കേരളത്തിൽ നിന്നും 5747 പേർക്കാണ് അവസരം ലഭിക്കുക. ഇതിനോടകം ലഭിച്ച അർഹരാ യ അപേക്ഷകരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരത്തെടുക്കപ്പെടുന്നവർക്കാണ് ഈ വർഷത്തെ ഹജ്ജിന് അവസരം. ഈ മാസം 26 നും 30 നും ഇടയിലായി നറുക്കെടുപ്പ് നടക്കുമെന്നാണ് അറിയുന്നത്.

കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് അനുവദിച്ചിരിക്കുന്ന 56,601 സീറ്റുകളിൽ 55,164 സീറ്റ് വിവിധ സംസ്ഥാനങ്ങൾക്കായി വീതിച്ചു നൽകി. അതു പ്രകാരമാണ് കേരളത്തിന് 5747 പേർക്ക്  ഇത്തവണ അവസരം ലഭിച്ചത്. കൂടാതെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഒഴിവ് വരുന്ന സീറ്റുകളും കൂടി ലഭിച്ചാൽ കേരളത്തിൽ നിന്നം കൂടുതൽ പേർക്ക് അവസരം ലഭിക്കും. കോവിഡിന് മുമ്പ് രണ്ട് ലക്ഷത്തിൽ  താഴെയായിരുന്നു ഇന്ത്യക്ക് അനുവദിച്ചിരുന്ന ഹജ്ജ് ക്വാട്ട. ഇതാണ് ഇത്തവണ അര ലക്ഷത്തിന് മുകളിലെത്തിയത്. കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ സൌദി ഹജ്ജ് ഉംറ മന്ത്രാലയം തീർഥാടകരുടെ എണ്ണം വെട്ടിക്കുറച്ചതാണ് ഇന്ത്യക്കും ക്വാട്ട കുറയാൻ കാരണമായത്.

കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി വിദേശ തീർഥാടകർക്ക് ഹജ്ജ് കർമ്മത്തിന് സൗദി അറേബ്യ അനുമതി നൽകിയിരുന്നില്ല. എന്നാൽ  കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഇത്തവണ വിദേശ തീർഥാടകരെ ഹജ്ജിന് അനുവദിക്കുമെന്ന് സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചത്. ആഭ്യന്തര തീർത്ഥാടകരും വിദേശ തീർത്ഥാടകരും അടക്കം പത്ത്‌ ‌ ലക്ഷം പേർക്കാണ് ഹജ്ജിന് അനുമതി. എട്ടര ലക്ഷം തീർഥാടകരും വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും വിദേശ തീർഥാടകർക്ക് അനുമതി നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിദേശ തീർഥാടകരെ കൂടുതലായി പരിഗണിക്കുന്നതെന്ന് സൌദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

65 വയസ്സിന് മുകളിലുള്ളവർക്ക് ഈ വർഷത്തെ ഹജ്ജിന് അനുമതി നൽകില്ല. രണ്ട് ഡോസ് വാക്സീൻ എടുത്തവർക്ക് മാത്രമേ അനുമതി ഉണ്ടാവൂ എന്നും സൗദി ഹജ്ജ് ഉംറ മന്ത്രാലയംഅറിയിച്ചിട്ടുണ്ട്. വിദേശ തീർഥാടകർ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

65 വയസ്സിന് മുകളിലുള്ളവർക്ക് ഇത്തവണ ഹജ്ജിന് അവസരം നൽകില്ലെന്ന് സൌദി ഹജ്ജ് ഉംറ മന്ത്രാലയം പ്രഖ്യാപിച്ചതോടെ, സത്രീകളോടൊപ്പം മഹറമായി അപേക്ഷ നൽകിയിരുന്ന പലരും അനർഹരുടെ പട്ടികയിലേക്ക് മാറി. ഇതോടെ ഇവരോടൊപ്പം അപേക്ഷ നൽകിയിരുന്ന സ്ത്രീകളും അയോഗ്യരായി. എന്നാൽ ഇവർക്ക് വീണ്ടും 65 വയസിന് താഴെയുള്ള മഹറമായ പുരുഷന്മാരോടൊപ്പം അപേക്ഷ നൽകുവാൻ ഹജ്ജ് കമ്മറ്റി അവസരം നൽകിയിട്ടുണ്ട്.

മറ്റുവാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd

Share
error: Content is protected !!