ഇലക്ട്രിക് സ്‌കൂട്ടറിൻ്റെ ബാറ്ററി പൊട്ടിത്തെറിച്ച് 80-കാരന്‍ മരിച്ചു; ഇനി കര്‍ശന നടപടിയെന്ന് ഗതാഗത മന്ത്രി

വീട്ടിനുള്ളില്‍ ചാര്‍ജ് ചെയ്യാനിട്ട ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് വയോധികന്‍ മരിച്ചു.  80-കാരനായ രാമസ്വാമിയാണ് മരിച്ചത്. അപകടത്തില്‍ രാമസ്വാമിയുടെ ഭാര്യ കമലമ്മ, മകന്‍ പ്രകാശ്, മരുമകള്‍ കൃഷ്ണവേണി എന്നിവര്‍ക്ക്‌ പരിക്കേറ്റു.

തെലങ്കാനയിലെ നിസാമാബാദ് ജില്ലയില്‍ ബുധനാഴ്ച രാത്രിയായിരുന്നു അപകടം. സ്‌കൂട്ടറില്‍ നിന്ന് എടുത്തുമാറ്റി വീട്ടിനുള്ളില്‍ ചാര്‍ജ് ചെയ്യാനിട്ട ബാറ്ററി പൊട്ടിത്തെറിച്ച് തീപടരുകയായിരുന്നു. രാമസ്വാമിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ഭാര്യയ്ക്കും മകനും മരുമകള്‍ക്കും പൊള്ളലേറ്റത്.

രാമസ്വാമിയുടെ മകന്‍ പ്രകാശ് ഉപയോഗിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ഒരുവര്‍ഷമായി ഈ ഇലക്ട്രിക് സ്‌കൂട്ടറാണ് പ്രകാശ് ഉപയോഗിച്ചിരുന്നത്. സംഭവത്തില്‍ സ്കൂട്ടറിൻ്റെ നിർമ്മാതാക്കളും ഡീലറുമായ ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ പ്യുവർ ഇവിക്കെതിരെ ഇന്ത്യൻ പീനൽ കോഡ് (ഐപിസി) സെക്ഷൻ 304 എ (അശ്രദ്ധ മൂലം മരണത്തിന് കാരണമായത്) പ്രകാരം കേസെടുത്തതായി നിസാമാബാദ് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ എ വെങ്കിടേശ്വരലു പറഞ്ഞു.

ത്രീ ടൗൺ പോലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ സായ് നാഥിന്റെ മൊഴി പ്രകാരം പ്രകാശ് സ്‌കൂട്ടറിൽ നിന്ന് ബാറ്ററി അഴിച്ച് 12.30 ഓടെ ചാർജിനായി സൂക്ഷിച്ചു. അച്ഛൻ രാമസ്വാമിയും അമ്മ കമലമ്മയും മകൻ കല്യാണും സ്വീകരണമുറിയിൽ ഉറങ്ങുകയായിരുന്നു. പുലർച്ചെ നാലോടെ ബാറ്ററി പൊട്ടിത്തെറിച്ചാണ് പരിക്കേറ്റത്. തീയണയ്ക്കുന്നതിനിടെ പ്രകാശിനും ഭാര്യ കൃഷ്ണവേണിക്കും നിസാര പരിക്കേറ്റതായി പോലീസ് അറിയിച്ചു.

പരിക്കേറ്റവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രാമസ്വാമിയുടെ നില വഷളാകുകയും മെച്ചപ്പെട്ട ചികിത്സയ്ക്കായി ഹൈദരാബാദിലേക്ക് മാറ്റുന്നതിനിടെ മരണത്തിന് കീഴടങ്ങുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അതേസമയം, പ്യുവർ ഇവി സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും അന്വേഷണ ഏജൻസികളുമായി പൂർണമായി സഹകരിക്കുന്നതായും വ്യാഴാഴ്ച പ്രസ്താവനയിറക്കി. പരാതിക്കാരനിൽ നിന്ന് സംഭവത്തെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ ലഭിക്കാൻ തങ്ങളുടെ ഡീലർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അവർ അറിയിച്ചു.

 

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പൊട്ടിത്തെറിച്ചുള്ള അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ പൊട്ടിത്തെറിച്ചുള്ള അപകടങ്ങള്‍ അന്വേഷിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചതായും സമിതി ആവശ്യമായ നടപടികള്‍ ശുപാര്‍ശ ചെയ്യുമെന്നും മന്ത്രി വ്യാഴാഴ്ച പറഞ്ഞു. ഇത്തരം അപകടങ്ങളില്‍ ചിലര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.

കമ്പനികള്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയാല്‍ കനത്ത പിഴ ചുമത്തുമെന്നും തകരാറുള്ള മുഴുവന്‍ വാഹനങ്ങളും തിരിച്ചുവിളിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ഉത്തരവിടുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും സുരക്ഷാ ഉറപ്പുവരുത്താന്‍ കമ്പനികള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

മറ്റുവാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd

Share
error: Content is protected !!