ദിലീപിന് തിരിച്ചടി; വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ഹർജി തള്ളി

നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കാൻ നടൻ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. അന്വേഷണവുമായി മുന്നോട്ടു പോകാമെന്നു ഹൈക്കോടതി പറഞ്ഞു. ദിലീപിനെതിരെ പ്രോസിക്യൂഷൻ സമർപ്പിച്ച ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് സിയാദ് റഹ്മാനാണു കേസ് പരിഗണിച്ചത്. ഹർജി തള്ളിയത് നടൻ ദിലീപിനു കടുത്ത തിരിച്ചടിയാകും. നിലവിൽ ഉപാധികളോടെ ജാമ്യത്തിലുള്ള ദിലീപിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നതിലേക്കുവരെ കാര്യങ്ങൾ നീണ്ടേക്കുമെന്നും നിയമവൃത്തങ്ങൾ വിലയിരുത്തുന്നു.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണു ദിലീപിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ.സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമ ശരത്, സായ് ശങ്കർ എന്നിവരാണു മറ്റു പ്രതികൾ.

കേസ് കെട്ടിച്ചമച്ചതാണെന്നും ബാലചന്ദ്രകുമാറിന്‍റെ മൊഴികള്‍ക്ക് വിശ്വാസ്യതയില്ലന്നുമാണ് ദിലീപിന്‍റെ വാദം. എന്നാല്‍ ദിലീപിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നുമാണ് പ്രോസിക്യൂഷന്‍റെ നിലപാട്. അന്വേഷണം സിബിഐക്ക് കൈമാറുന്നതിനെയും പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു.

വധഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, പ്രോസിക്യൂഷന്‍ ഈ ആവശ്യത്തെ ശക്തമായി എതിര്‍ത്തു. തുടര്‍ന്ന് ദിലീപിനെതിരായ വിവിധ ശബ്ദരേഖകളും ഫൊറന്‍സിക് റിപ്പോര്‍ട്ടുകളും ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.

Share