ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസം: ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഓപ്പൺഹൗസ് സംഘടിപ്പിക്കുന്നു.

സൌദി അറേബ്യയിലെ ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസമായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഓപ്പൺ ഹൌസ് സംഘടിപ്പിക്കുന്നു. വിവിധ കാരണങ്ങൾകൊണ്ട് പ്രയാസപ്പെടുന്ന പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ഓപ്പൺ ഹൌസ് സംഘടിപ്പിക്കുന്നത്. ഏപ്രിൽ 21ന് വൈകുന്നേരം നാല് മണി മുതൽ ആറ് മണിവരെയാണ് ഓപ്പൺ ഹൌസ്. പങ്കെടുക്കാൻ താൽപര്യമുള്ളവർ ജിദ്ദയിലെ ഇന്ത്യൻ കോണ്സുലേറ്റിൽ എത്തേണ്ടതാണ്. ഇതിനായി മുൻകൂർ അനുമതിയോ ബുക്കിംഗോ ആവശ്യമില്ല.

ഹുറൂബ് കേസുകൾ, ഫൈനൽ എക്സിറ്റ് ലഭിക്കാത്തവർ, ഇഖാമ പുതുക്കാനാകാത്തവർ, ശമ്പളം ലഭിക്കാത്തവർ, സർവീസ് ബെനിഫിറ്റ് ലഭിക്കാത്തവർ, സ്പോണ്സറുമായുള്ള തർക്കങ്ങൾ,  ജോലി സ്ഥലങ്ങളിലെ മറ്റു പ്രയാസങ്ങളും പ്രതിസന്ധികളും തുടങ്ങി ഇന്ത്യൻ പ്രവാസികൾ നേരിടുന്ന എല്ലാവിധ പ്രശ്നങ്ങളും  ഓപ്പൺ ഹൌസിലൂടെ കോൺസുലേറ്റ് അധികൃതർക്ക് മുമ്പിൽ അവതരിപ്പിക്കാൻ അവസരം ലഭിക്കും.

ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം ഉൾപ്പെടെയുള്ള കോൺസുലേറ്റ് സംഘം പ്രവാസികളുടെ പ്രശ്നങ്ങൾ കേൾക്കാൻ തയ്യാറായിരിക്കും.  പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങൾ ഓപ്പണ് ഫോറം വഴിയുണ്ടാകും. പാസ്പോർട്ട്, ഇഖാമ തുടങ്ങി ഓരോരുത്തരുടേയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാവശ്യമായ രേഖകൾ കൈവശം വെക്കേണ്ടതാണ്.

നേരത്തെ പലതരം പ്രയാസങ്ങൾ കാരണം നാട്ടിലേക്ക് പോകാനായും മറ്റു കാര്യങ്ങൾക്കും കോണ്സുലേറ്റിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവർക്കും ഓപ്പണ് ഹൌസിൽ പങ്കെടുക്കാവുന്നതാണ്. ഇത്തരക്കാർ ഓപ്പണ് ഹൌസിലേക്ക് വരുമ്പോൾ നേരത്തെ കോണ്സുലേറ്റിൽ രജിസ്റ്റർ ചെയ്തപ്പോൾ ലഭിച്ച രജിസ്ട്രേഷൻ നമ്പറും, ആവശ്യമായ മറ്റു രേഖകളും കൊണ്ടുവരുന്നത് കൂടുതൽ അഭികാമ്യയിരിക്കും. കൂടാതെ നേരത്തെ കോണ്സുലേറ്റിൽ നൽകിയിട്ടുള്ള മൊബൈൽ നമ്പറിലോ മറ്റോ മാറ്റങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അത്തരം വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതും നല്ലതാണ്.

 

കൂടുതൽ വാർത്തകൾക്കും അറിയിപ്പുകൾക്കും വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd

https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

 

Share
error: Content is protected !!