പാലക്കാട് നിരോധനാജ്ഞ പ്രഖ്യാപിച്ചു

പാലക്കാട്: നഗരത്തിലെ ഇരട്ട കൊലപാതകങ്ങൾക്ക് പിറകെ, പാലക്കാട് ജില്ലയിൽ ബുധനാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊലപാതകങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് നടപടി. 

ജില്ലാ പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ പേര്‍ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ യോഗങ്ങളോ പ്രകടനങ്ങളൊ ഘോഷയാത്രകളോ നടത്തുന്നതിനും വിലക്കേർപ്പെടുത്തി. 

മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് കൊലപാതകങ്ങളാണ് പാലക്കാട് ജില്ലയിൽ നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്കാണ് പാലക്കാട് എസ്.ഡി.പി.ഐ പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടത്. പിതാവിനോടൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോൾ കാറിടിച്ചുവീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു. സുബൈറിന്റെ കൊലപാതകം നടന്ന് 24 മണിക്കൂർ പൂർത്തിയാകുന്നതിന് ആർഎസ്എസ് നേതാവ് ശ്രീനിവാസനും കൊല്ലപ്പെട്ടു.

ശ്രീനിവാസനെ കൊന്നത് എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പിയും സുബൈറിനെ കൊന്നത് ആർ.എസ്.എസ് ആണെന്ന് എസ്.ഡി.പി.ഐയും ആരോപിക്കുന്നുണ്ട്. സുബൈറിനെ കൊലപ്പെടുത്തിയ കേസിൽ നാല് ആർ.എസ്.എസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരാൾക്ക് വേണ്ടി അന്വോഷണം തുടരുകയാണ്. ജില്ലയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. മലബാർ ഉൾപ്പെടെയുള്ള അയൽ ജില്ലകളിലേക്ക് അക്രമം വ്യാപിക്കാനിടയുണ്ടെന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തൊട്ടാകെ സംസ്ഥാന പോലീസ് മേധാവി ജാഗ്രത നിർദ്ദേശം നൽകി.

കലക്ടറുടെ കുറിപ്പ്
പോപ്പുലര്‍ ഫ്രണ്ട്, ആര്‍.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പെടാനുമുളള സാധ്യത മുന്നില്‍ക്കണ്ട് പാലക്കാട് ജില്ലാ പരിധിയില്‍ ഏപ്രില്‍ 20ന് വൈകീട്ട് 6 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ.മണികണ്ഠന്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇതുപ്രകാരം പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ പേര്‍ ഒത്തുചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ യോഗങ്ങളോ പ്രകടനങ്ങളോ ഘോഷയാത്രകളോ പാടില്ല. ഇന്ത്യന്‍ ആംസ് ആക്ട് സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇന്ത്യന്‍ എക്‌സിപ്ലോസീവ് ആക്ട് 1884 സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ കൈവശം വെക്കുന്നതും അപ്രതീക്ഷിത സംഭവങ്ങള്‍ ഉടലെടുക്കും വിധം സമൂഹത്തില്‍ ഉഹാപോഹങ്ങള്‍ പരത്തുകയോ ചെയ്യാന്‍ പാടുളളതല്ലായെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അവശ്യസേവനങ്ങള്‍ക്കും ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്കും ഉത്തരവ് ബാധകമല്ല.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

Share
error: Content is protected !!