ഇന്ത്യൻ രൂപ വീണ്ടും കൂപ്പുകുത്തി; പ്രവാസികൾക്ക് നേട്ടം
ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞ് 76.28 ലെത്തി. രൂപയുടെ തകർച്ച പ്രവാസികൾക്ക് നേട്ടമായി. യുക്രൈൻ സംഘർഷത്തിൻ്റെ പശ്ചാതലത്തിൽ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നു. അതിൽ നിന്ന് കരകയറി വരുന്ന സമയത്താണ് വീണ്ടും രൂപ ദുർബലമായത്.
യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞ് 20.77 ലെത്തി. ഒരു ദിർഹത്തിന് 20.74 രൂപയാണ് ഇന്ന് ലഭിച്ച മികച്ച നിരക്ക്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണു ദിർഹം–രൂപ വിനിമയത്തിലും പ്രതിഫലിച്ചത്.
യുഎഇയിൽ ഇന്നലെ രാവിലെ ഒരു ദിർഹത്തിന് 20.74 രൂപയിലാണു വ്യാപാരം ആരംഭിച്ചത്. ഉച്ചയോടെ 20.76ലേക്ക് ഉയർന്നെങ്കിലും വൈകിട്ടോടെ രൂപ നില അൽപം മെച്ചപ്പെടുത്തി 20.74ൽ തിരിച്ചെത്തി.
ചൊവ്വാഴ്ച ഡോളറിനെതിരെ രൂപയ്ക്ക് 14 പൈസയുടെ തകർച്ചയുണ്ടായി. ഇതുപ്രകാരം യുഎഇ ദിർഹത്തിന് 20.72 രൂപ ലഭിച്ചിരുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി രൂപ കരുത്തുകാട്ടിയപ്പോൾ വിനിമയ നഷ്ടം ഓർത്ത് പ്രവാസികൾ നാട്ടിലേക്കു പണമയയ്ക്കുന്നത് അൽപം കുറച്ചിരുന്നു. ദിർഹത്തിന് 20.38 രൂപ വരെയായി കുറഞ്ഞിരുന്നു.
മെച്ചപ്പെട്ട നിരക്കിനായി കാത്തിരുന്ന പ്രവാസികൾ ഇപ്പോൾ പണമയയ്ക്കാൻ തുടങ്ങിയതായി എക്സ്ചേഞ്ച് അധികൃതർ അറിയിച്ചു.
രൂപയുടെ തകർച്ച സൌദിയിലും പ്രതിഫലിച്ചു. ഒരു സൌദി റിയാലിന് 20.11 രൂപവരെയാണ് ഇന്ന് സൈബ് ഫ്ലക്സ് നൽകിയത്. ബിൻയാല 20.08, യു.ആർ പെ 20.01, ഫൌരി 20.01, വെസ്റ്റേണ് യൂണിയൻ 20.01 എന്നിങ്ങിനെയാണ് ഇന്ന് ഏറ്റവും മികച്ച നിരക്ക് നൽകിയ പണമിടപാട് സ്ഥാപനങ്ങൾ.
ഖത്തർ റിയാൽ 20.95, ബഹറൈനി ദീനാർ 202.35, കുവൈത്ത് ദീനാർ 250.06, ഒമാനി റിയാൽ 198.14 എന്നിങ്ങിനെയാണ് മറ്റ് ഗൾഫ് രാജ്യങ്ങളിലെ വിനിമയ നിരക്ക്.
റമദാൻ, പെരുന്നാൾ ആവശ്യങ്ങൾക്കായി പണമയക്കുന്നവർക്ക് മികച്ച അവസരമാണ് കൈവന്നിരിക്കുന്നത്.
കൂടുതൽ ഗൾഫ് വാർത്തകൾക്ക് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ