കാമുകനോടൊപ്പം ജീവിക്കാൻ പിഞ്ചുമകനെ കഴുത്ത് ഞെരിച്ച് കൊന്നശേഷം പത്രം വായിച്ചിരുന്നു.
പാലക്കാട്: മൂന്ന് വയസ്സുള്ള സ്വന്തം മകനെ കൊലപ്പെടുത്തിയ അമ്മയെ റിമാൻ്റ് ചെയ്തു. എലപ്പുള്ളി ചുട്ടിപ്പാറയിലെ മൂന്ന് വയസ്സുകാരൻ മുഹമ്മദ് ഷാനിനെയാണ് മാതാവ് ആസിയ (22) കഴുത്ത് ഞെരിച്ച് കൊന്നത്. സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട കാമുകനുമായുള്ള വിവാഹത്തിന് തടസ്സമാകുമെന്ന കാരണത്താൽ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കാമുകനോ മറ്റു ബന്ധുക്കൾക്കോ പങ്കില്ലെന്നും കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും പ്രതിയായ മാതാവ് ഒറ്റയ്ക്കാണെന്നും പൊലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണു എലപ്പുള്ളി മണ്ണുക്കാട് ചുട്ടിപ്പാറ മുഹമ്മദ് ഷമീറിന്റെയും ആസിയയുടെയും മകൻ മുഹമ്മദ് ഷാൻ കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടന്ന കുട്ടിയുടെ കഴുത്തിൽ ചുരിദാറിന്റെ ഷാൾ ഉപയോഗിച്ചു മുറുക്കി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ആസിയയുടെ ചുട്ടിപ്പാറയിലെ വീടിന്റെ കിടപ്പുമുറിയിലാണ് ചൊവ്വാഴ്ച രാവിലെ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടി എഴുന്നേൽക്കാത്തതിനെ തുടർന്ന് രാവിലെ ഒമ്പതേകാലോടെ ആസിയയുടെ സഹോദരി പുത്രിയാണ് സംശയം പ്രകടിപ്പിച്ചത്. ഈ സമയം ആസിയ പുറത്ത് പത്രം വായിച്ചു ഇരിക്കുന്നുണ്ടായിരുന്നു. പാതി കണ്ണ് തുറന്ന നിലയിലാണ് കുട്ടി കിടന്നിരുന്നതെന്ന് സഹോദരി പറയുന്നു. അബോധാവസ്ഥയിലാണെന്ന സംശയത്തിൽ കുട്ടിയെ മറ്റൊരിടത്ത് കിടത്തി മുഖത്ത് വെള്ളം തളിച്ചെങ്കിലും ഉണർന്നില്ല.
ഇതോടെ ആസിയ നിലവിളിച്ച് കൊണ്ട് വീടിന് പുറത്തേക്കോടി നാട്ടുകാരെ വിളിച്ച് കൂട്ടി. ഉടൻ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പാലക്കാട് ജില്ല ആശുപത്രിയിലെത്തിച്ചു. എന്നാൽ, മണിക്കൂറുകൾക്ക് മുൻപുതന്നെ മരണം സംഭവിച്ചിരുന്നെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഈത്തപ്പഴം തൊണ്ടയിൽ കുരുങ്ങി അബോധാവസ്ഥയിലായെന്നാണ് ആസിയ ആദ്യം പറഞ്ഞത്.
ആസിയയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ ബന്ധുക്കൾ പരാതി നൽകി. തുടർന്നുണ്ടായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഷാളും ഇതിലുണ്ടായ രക്തക്കറയും തെളിവെടുപ്പിനിടെ പൊലീസ് കണ്ടെത്തി. ഡിവൈഎസ്പി പി.സി.ഹരിദാസ്, കസബ ഇൻസ്പെക്ടർ എസ്.എസ്.രാജീവ്, എസ്ഐ എസ്.അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
ചുട്ടിപ്പാറ മണിയേരി ഷമീർ മുഹമ്മദുാണ് ആസിയയുടെ ഭർത്താവ്. കേൾവിക്കും സംസാരത്തിനും പരിമിതിയുള്ള ഇയാളിൽ നിന്ന് ഏഴ് മാസത്തിലധികമായി അകന്നാണ് ആസിയ കഴിഞ്ഞിരുന്നത്. ബന്ധുക്കൾ നിർബന്ധിച്ചിട്ടും വഴങ്ങിയില്ല. സമൂഹമാധ്യമം വഴി യുവാവുമായി അടുപ്പത്തിലായ വിവരം അറിഞ്ഞപ്പോഴും ബന്ധുക്കൾ വിലക്കിയിരുന്നു. ആസിയയുടെ പശ്ചാത്തലമറിയാത്ത യുവാവ് ഒരാഴ്ച മുൻപാണ് വിവാഹിതയും ഒരു കുട്ടിയുടെ അമ്മയാണെന്നും അറിഞ്ഞത്. ഇതോടെ ഇയാൾ പിന്മാറി. ഇതിൽ കടുത്ത മാനസിക സംഘർഷത്തിലായിരുന്നെന്നും വീണ്ടും അടുക്കാനുള്ള ശ്രമമാണു കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് പറയുന്നു.
ആസിയയുമായി അടുപ്പമുള്ളയാളെ പൊലീസ് ചോദ്യം ചെയ്തു. ഇയാളിൽ നിന്നു സമർദമുണ്ടായിട്ടില്ലെന്നു ബോധ്യപ്പെട്ടതിനാൽ കേസെടുക്കില്ലെന്ന് അന്വേഷണസംഘം അറിയിച്ചു. പൊലീസെത്തിയപ്പോൾ ഉന്നത ഉദ്യോഗസ്ഥരോടു മാത്രമേ സംസാരിക്കാൻ തയാറുള്ളൂ എന്ന് ആസിയ അറിയിച്ചു. ഇതോടെയാണ് ഡിവൈഎസ്പി പി.സി. ഹരിദാസ് സ്ഥലത്തെത്തിയത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ
കാമുകനൊപ്പം ജീവിക്കാന്‍ മകനെ കൊന്നു; കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് സംശയം