ശൈഖ് സുദൈസ്; 39 വര്‍ഷമായി ഹറം പള്ളിയില്‍ മുഴങ്ങിക്കേള്‍ക്കുന്ന മധുര ശബ്ദത്തിനുടമ. ഹറം പള്ളിയില്‍ ഏറ്റവും പ്രായം കുറഞ്ഞ ഇമാമായി ചുമതലയേറ്റ ശൈഖ് സുദൈസിനെ കുറിച്ച് കൂടുതല്‍ അറിയാം.
ഇരു ഹറം കാര്യാലയ മേധാവിയും ലോക പ്രശസ്ത ഖാരിഉമായ ശൈഖ് അബ്ദുറഹ്മാന് സുദൈസ് 39 വര്‍ഷമായി മക്കയിലെ ഹറം പള്ളിയില്‍ ഇമാമായി സേവനം ചെയ്യുന്നു. ജന ഹൃദയങ്ങളെ സ്പര്‍ശിക്കുന്ന മനോഹരമായ ഖുറാന് പാരായണമാണ് ശൈഖ് സുദൈസിനെ ആഗോളതലത്തില്‍ ശ്രദ്ധേയനാക്കുന്നത്.
അബ്ദുറഹ്മാന് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുള്‍ അസീസ് ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ സുദൈസ് ആണ് മുഴുവന്‍ പേര്. ഖസീം പ്രവിശ്യയില്‍ അല്‍ ബക്രിയ ഗവര്‍ണറേറ്റില്‍ ഹിജ്റ 1382-ല്‍ ആണ് ജനനം.
12-ആം വയസില്‍ വിശുദ്ധ ഖുറാന് മനപ്പാഠമാക്കി. 1403-ല്‍ റിയാദിലെ ശരീഅ കോളേജില്‍ നിന്നു ബിരുദം നേടി. ബിരുദാനന്തര ബിരുദം നേടിയ ശേഷം ഇതേ കോളേജില്‍ ടീച്ചിംഗ് അസിസ്റ്റന്റ് ആയി ജോലി ചെയ്തു. തുടര്‍ന്നു ഇമാം, പ്രഭാഷകന്‍, ഖുറാന് പാരായണം എന്നീ നിലവില്‍ ശ്രദ്ധേയമായ സേവനം ചെയ്തു. ഹറം പള്ളിയില്‍ ഇമാം ആയി സേവനം ചെയ്യുന്നതിന് തൊട്ട് മുമ്പ് റിയാദിലെ ശൈഖ് അബ്ദുറാസിഖ് അഫീഫി പള്ളിയില്‍ ആയിരുന്നു സേവനം ചെയ്തിരുന്നത്.
ഹിജ്റ 1404-ലാണ് സുദൈസിനെ തന്റെ 22-ആം വയസില്‍ മസ്ജിദുല്‍ ഹറാമിലെ ഇമാമും പ്രഭാഷകനുമായി നിയമിക്കുന്നത്. ഹറം പള്ളിയിലെ ഏറ്റവും പ്രായം കുറഞ്ഞ ഇമാം ആയിരുന്നു ശൈഖ് സുദൈസ്. ഹിജ്റ 1433 ല്‍ അബ്ദുല്ല രാജാവു ശൈഖ് സുദൈസിനെ ഹറം കാര്യവിഭാഗം മേധാവിയായി നിയമിച്ചു.