മൂന്ന് പതിറ്റാണ്ടിലേറെയായി ഹറം പള്ളിയിലെ മധുരശബ്ദം; ശൈഖ് സൗദ് അൽ ശുറൈം
മക്ക: കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി മക്കയിലെ മസ്ജിദുല്‍ ഹറാം പള്ളിയില്‍ മുഴങ്ങിക്കേള്‍ക്കുന്ന ശ്രുതിമധുരമായ ശബ്ദത്തിനുടമയാണ് ശൈഖ് സൗദ് അൽ-ഷുറൈമിന്‍റെത്. മൂന്ന് പതിറ്റാണ്ട് പിന്നിട്ടും അദ്ദേഹം ഹറം പള്ളിയില്‍ ഇമാം ആയി തുടരുന്നു. ദശലക്ഷക്കണക്കിന് വിശ്വാസികളുടെ ഇളക്കിമറിക്കുന്ന പ്രഭാഷണം നടത്തുന്നു.
ഇമാമും പ്രഭാഷകനും മാത്രമല്ല, അറിയപ്പെട്ട ഗ്രന്ഥ കര്‍ത്താവ് കൂടിയാണ് ശൈഖ് ശുറൈം. വിശ്വാസ കാര്യങ്ങളിലും സമകാലിക വിഷയങ്ങളിലും ഡസന്‍ കണക്കിനു ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു. ഹറം പള്ളിയില്‍ ആയിരക്കണക്കിന് പണ്ഡിതര്‍ക്കു അദ്ദേഹം പരിശീലനം നല്കി.
സൗദ് ബിൻ ഇബ്രാഹിം ബിൻ മുഹമ്മദ് അൽ ശുറൈം ആണ് മുഴുവന്‍ പേര്. ഹിജ്റ 1386 ൽ ജനിച്ചു. അരീൻ സ്കൂളിൽ ആയിരുന്നു പ്രൈമറി വിദ്യാഭ്യാസം. തുടർന്ന് മോഡൽ സ്കൂളിൽ ഇന്‍റര്‍ മീഡിയറ്റും യാർമൂക്ക് കോംപ്രിഹെൻസിവിൽ സെക്കൻഡറി വിദ്യാഭ്യാസവും നേടി. ഹിജ്റ 1404-ൽ ബിരുദം നേടി.
രാജ്യത്തിന്റെ ഗ്രാൻഡ് മുഫ്തി ഷെയ്ഖ് അബ്ദുൾ അസീസ് ബിൻ അബ്ദുല്ല ബിൻ ബാസ്, ഷെയ്ഖ് അബ്ദുല്ല ബിൻ അബ്ദുൽ റഹ്മാൻ ബിൻ ജിബ്രീൻ, ഷെയ്ഖ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ അഖീല്‍, ഷെയ്ഖ് അബ്ദുൾ റഹ്മാൻ അൽ ബറാക്ക്, ഷെയ്ഖ് സാലിഹ് അൽ ഫൗസാൻ എന്നിവരുൾപ്പെടെ നിരവധി പ്രമുഖ ശൈഖുമാരുടെ ശിഷ്യത്വം സ്വീകരിച്ചു.
റിയാദിലെ ഇമാം മുഹമ്മദ് ബിൻ സൗദ് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്നു മതത്തിന്റെ അടിസ്ഥാന വിശ്വാസ കാര്യങ്ങളില്‍ ഹിജ്റ 1409-ൽ ബിരുദം നേടി. 1413-ൽ ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു. ഹിജ്റ 1416-ൽ ഉമ്മുൽ ഖുറ സർവകലാശാലയിൽ ഡോക്ടറേറ്റ്നേടി.
ഹിജ്റ 1410-ൽ ഷെയ്ഖ് അൽ-ഷുറൈമിനെ ഹയർ ജുഡീഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥിയായി നിയമിച്ചു, തുടർന്ന് ഹിജ്റ 1412-ൽ രാജാവ് അദ്ദേഹത്തെ ഹറം പള്ളിയിലെ ഇമാമായും പ്രഭാഷകനായും നിയമിച്ച് കൊണ്ട് ഉത്തരവിട്ടു.