നിമിഷപ്രിയയുടെ മോചനം: ഇടപെടാൻ കഴിയില്ലെന്ന് കേന്ദ്രം; ഹർജി ഹൈക്കോടതി തള്ളി
യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനു നയതന്ത്ര ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി തള്ളി. നേരിട്ട് ഇടപെടാൻ കഴിയില്ലെന്നു കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ഇത്. എന്നാൽ കുടുംബവും സംഘടനകളും നടത്തുന്ന ചർച്ചകൾക്ക് സഹായം നൽകാമെന്നും കേന്ദ്രം വ്യക്തമാക്കി.
സേവ് നിമിഷപ്രിയ ഇന്റർനാഷനൽ ആക്‌ഷൻ കൗൺസിലാണ് ഹർജി നൽകിയത്. യെമനിൽ നടന്ന വിഷയത്തിൽ കോടതിക്ക് ഇടപെടാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണ് വിഷയത്തിൽ കേന്ദ്രനിലപാട് തേടിയത്. കൊല്ലപ്പെട്ട അബ്ദു മഹ്ദിയുടെ കുടുംബത്തിനു നഷ്ടപരിഹാരത്തുക നൽകി മോചനം സാധ്യമാക്കാനാണ് നയതന്ത്ര ഇടപെടൽ തേടുന്നതെന്നു ആക്‌ഷൻ കൗൺസിൽ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
നിമിഷപ്രിയയ്ക്കു അപ്പീൽ സമർപ്പിക്കാനുള്ള സഹായം നൽകുമെന്നും നഷ്ടപരിഹാരത്തുക സംബന്ധിച്ച ചർച്ച നടത്തുന്നതിന് ഇന്ത്യൻ സംഘത്തിനു യാത്രാനുമതി നൽകുമെന്നും കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു.
യെമൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ നടപടി സ്വീകരിക്കുമെന്നും ബന്ധുക്കൾക്ക് അടക്കം യെമനിലേക്ക് പോകാൻ സൗകര്യമൊരുക്കുമെന്നും ഉള്ള മുൻനിലപാടും കേന്ദ്രം ആവർത്തിച്ചു. ഇതോടെ, ആദ്യം ബന്ധുക്കൾ മുഖേന ഒത്തുതീർപ്പ് ചർച്ചകൾ നടക്കട്ടെയെന്ന നിലപാടിലേക്ക് ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിൻ സാംഘി അധ്യക്ഷനായ ബെഞ്ച് എത്തി. ബ്ലഡ് മണി വിഷയത്തിൽ അടക്കം നടപടികളിൽ തടസമുണ്ടായാൽ ഉചിതമായ സമയത്ത് കോടതിയെ സമീപിക്കാവുന്നതാണന്നും വ്യക്തമാക്കി. ആക്ഷൻ കൗൺസിൽ സമർപ്പിച്ച ഹരജിയാണ് ഡൽഹി ഹൈകോടതി തള്ളിയത്. യെമൻ പൗരൻ തലാല്‍ അബ്ദു മഹദിയെ കൊലപ്പെടുത്തിയ കേസിൽ നിമിഷ പ്രിയയുടെ വധശിക്ഷ സനയിലെ അപ്പീൽ കോടതി ശരിവച്ചിരുന്നു.
ഇരയുടെ കുടുംബവുമായി ഒത്തുതീർപ്പ് ചർച്ച നടത്താൻ കേന്ദ്രസർക്കാരിന് നിർദേശം നൽകാനാകില്ലെന്ന് വ്യക്തമാക്കികൊണ്ടാണ് ഡൽഹി ഹൈക്കോടതി, സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ സമർപ്പിച്ച ഹർജി തള്ളിയത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ