തൃശ്ശൂരില്‍ യുവാവ് മാതാപിതാക്കളെ റോഡിലിട്ട് ക്രൂരമായി വെട്ടിക്കൊന്നു; മാതാവിൻ്റെ മുഖം വെട്ടി വികൃതമാക്കി
തൃശൂർ: ആമ്പല്ലൂർ മറ്റത്തൂർ വെള്ളിക്കുളങ്ങര ഇഞ്ചക്കുണ്ടിൽ അച്ഛനെയും അമ്മയെയും മകൻ റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തി. ഇഞ്ചക്കുണ്ട് സ്വദേശി സുബ്രമണ്യൻ എന്ന കുട്ടൻ (60), ഭാര്യ ചന്ദ്രിക (55) എന്നിവരാണു കൊല്ലപ്പെട്ടത്. കുടുംബ വഴക്കാണു കാരണം. അച്ഛന് ഇരുപതോളം വെട്ടേറ്റിട്ടുണ്ടെന്നാണു പ്രാഥമിക നിഗമനം. അമ്മയുടെ മുഖം വെട്ടേറ്റു തിരിച്ചറിയാനാകാത്ത നിലയിലായിട്ടുണ്ട്. കൊലപാതകത്തിന് ശേഷം ഇവരുടെ മകൻ അനീഷ് (38) ബൈക്കിൽ രക്ഷപ്പെട്ടു. ഇയാളെ പൊലീസ് അന്വോഷിച്ച് വരികയാണ്. ഞായറാഴ്ച രാവിലെ 9.15നാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്.
ഞായറാഴ്ച രാവിലെ തന്നെ ഇവരുടെ വീട്ടിൽനിന്ന് ബഹളം കേൾക്കാമായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. എന്നാൽ ഇത് പതിവുള്ളതിനാൽ കാര്യമാക്കിയില്ല. പിന്നീട് ദമ്പതിമാർ രാവിലെ വീടിന് മുമ്പില്‍ പുല്ലരിയുകയായിരുന്ന സമയത്താണ് മകന്‍ അനീഷ് ഇവിടേക്കെത്തിയത്. തുടര്‍ന്ന് മാതാപിതാക്കളുമായി ഇയാള്‍ വഴക്കിട്ടു. പിന്നാലെ വീടിനകത്തേക്ക് പോയ യുവാവ് വെട്ടുകത്തിയുമായി തിരികെവന്ന് മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു.
എന്നാൽ ബഹളം കൂടി വരുന്നതായി ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് നാട്ടുകാർ അവിടെ എത്തിയത്. ഈ സമയം അനീഷ് ദേഷ്യത്തോടെ വെട്ടുകത്തിയുമായി വന്ന് മാതാവിനെയും പിതാവിനെയും വെട്ടുന്നതാണ് ഇവർ കണ്ടത്. വെട്ടുകൊണ്ട കുട്ടനും ചന്ദ്രികയും അയൽ വീടുകളിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അനീഷ് പിന്തുടർന്ന് തടഞ്ഞ് വെച്ച് റോഡിലിട്ട് അതി ക്രൂരമായി വെട്ടുകയായിരുന്നു.
ഈ സമയം പള്ളിയിൽ നിന്ന് വരുന്നവരും അനീഷിനെ തടയാൻ ശ്രമിച്ചു. എന്നാൽ അവരെയെല്ലാം തള്ളിമാറ്റിയാണ് രണ്ട് പേരെയും വെട്ടിയത്. തലങ്ങും വിലങ്ങും വെട്ടി മാതാവിൻ്റെ മുഖം വികൃതമാക്കിയിട്ടുണ്ട്. പിതാവിന്റെ നെഞ്ചിനും കഴുത്തിനുമാണ് വെട്ടേറ്റത്. സംഭവശേഷം അനീഷ് തന്നെ പൊലീസിനെ വിവരമറിയിച്ചു.
കൊല്ലപ്പെട്ട കുട്ടനും ചന്ദ്രികക്കും രണ്ട് മക്കളാണുള്ളത്. സ്വത്തിനെ ചൊല്ലി വീട്ടിൽ കുടുംബവഴക്ക് പതിവായിരുന്നു. കുട്ടൻ റബർ ടാപ്പിങ് തൊഴിലാളിയാണ്. അനീഷിന് കാര്യമായ ജോലിയുണ്ടായിരുന്നില്ല. അനീഷിന്റെ സഹോദരിയും കുട്ടിയും ഇവരുടെ വീട്ടിൽ തന്നെയുണ്ട്.
കൊലപാതക ശേഷം മുറ്റത്തുണ്ടായിരുന്ന ബൈക്കിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച അനീഷിനെ നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും, താൻ പൊലീസിന് പിടികൊടുക്കാൻ പോകുകയാണെന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ ഇത് വരെ അനീഷ് കീഴടങ്ങിയിട്ടില്ല. ഇയാൾക്കായി തിരച്ചിൽ ശക്തമാക്കിയതായി പോലിസ് അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ