പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കുഴഞ്ഞു വീണു. പിന്നാലെ മരണം; സിപിഎമ്മിന് നഷ്ടമായത് മുതിർന്ന വനിതാ നേതാവിനെ
കണ്ണൂര്‍: മുതിര്‍ന്ന സിപിഎം നേതാവും വനിതാ കമ്മീഷന് മുന്‍ അധ്യക്ഷയുമായ എം.സി ജോസഫൈന് (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കഴിഞ്ഞ ദിവസം രാത്രിയോടെ കുഴഞ്ഞുവീണ ജോസഫൈന് കണ്ണൂര്‍ എകെജി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു.
ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, വനിതാ വികസന കോർപറേഷൻ ചെയർപഴ്സൺ, വിശാല കൊച്ചി വികസന അതോറിറ്റി ചെയർപഴ്സൺ എന്നീ സ്ഥാനങ്ങൾ വഹിച്ചു. അങ്കമാലി (1987), മട്ടാഞ്ചേരി (2011) നിയമസഭാ മണ്ഡലങ്ങളിലേക്കും 1989ൽ ഇടുക്കി ലോക്സഭാ മണ്ഡലത്തിലേക്കും മത്സരിച്ചു. പരേതനായ പള്ളിപ്പാട് പി.എ.മത്തായിയാണ് ഭർത്താവ്. മകൻ: മനു പി.മത്തായി. മരുമകൾ: ജ്യോത്സന.
വൈപ്പിൻകര മുരിക്കൻപാടത്താണ് ജനനം. അച്ഛൻ എം.എ.ചവരോ, അമ്മ മഗ്ദലേന. പ്രാഥമിക പഠനം മുരിക്കൻപാടം സെന്റ് മേരിസ് എൽപിഎസിൽ. ഓച്ചംതുരുത്ത് സാന്റാക്രൂസ് ഹൈസ്കൂളിൽനിന്നും പത്താം ക്ലാസ് പൂർത്തിയാക്കി. പ്രീഡിഗ്രി, ഡിഗ്രി പഠനം ആലുവ സെന്റ് സേവ്യേഴ്സ് കോളജിലും ബിരുദാനന്തരപഠനം എറണാകുളം മഹാരാജാസ് കോളജിലും. പിന്നീട് ചാലക്കുടി സ്പെന്‍സര്‍ കോളേജില്‍ അധ്യാപികയായി പ്രവര്‍ത്തിച്ചെങ്കിലും മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകയാകാന്‍ വേണ്ടി ജോലി രാജിവെച്ചു.
പഠനകാലത്തൊന്നും ജോസഫൈൻ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായിരുന്നില്ല. എങ്കിലും വിമോചന സമരം മനസ്സിൽ സ്വാധീനം സൃഷ്ടിച്ചിരുന്നു. മതചട്ടക്കൂടിനെ വെല്ലുവിളിച്ചായിരുന്നു വിവാഹം. എംഎ പാസ്സായതിനു ശേഷം കുട്ടിക്കാനത്ത് സഭാ വക സ്കൂളിൽ ടീച്ചറായി. പിന്നീട് ആ ജോലി അവസാനിപ്പിച്ച് നാട്ടിൽ മടങ്ങിയെത്തിയശേഷം സുഹൃത്തിനോടൊന്നിച്ച് പാലരൽ കോളജ് ആരംഭിച്ചു. കോളജിൽ വന്നു പോകുന്ന ചില സുഹൃത്തുക്കളുടെ രാഷ്ട്രീയ ബന്ധം കാരണം പൊലീസ് നിർദേശത്തെത്തുടർന്ന് കോളജ് പൂട്ടി.
1976ലായിരുന്നു വിവാഹം. അടിയന്തരാവസ്ഥയ്ക്ക് ശേഷം ഉരുത്തിരിഞ്ഞുവന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് പൊതുരംഗത്തേക്കിറങ്ങുന്നത്. വിവാഹിതയായി എത്തിയ അങ്കമാലിയായിരുന്നു രാഷ്ട്രീയ പ്രവർത്തന കേന്ദ്രം . കെഎസ്വൈഎഫിന്റെ ബ്ലോക്കുതല പ്രവർത്തകയായി യുവജനമേഖലയിൽ പ്രവർത്തനം ആരംഭിച്ചു. കെഎസ്വൈഎഫിന്റെ സംസ്ഥാന കമ്മറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതകൾ എന്ന ബഹുമതി പി.കെ.ശ്രീമതിക്കും ജോസഫൈനുമാണ്.
1978ൽ തലശ്ശേരിയിൽ നടന്ന കെഎസ്വൈഎഫിന്റെ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കമ്മറ്റി അംഗങ്ങളായി. 1978മുതൽ മഹിളാ സംഘടനയുടെ ഭാഗമായി. പിന്നീട് പാർട്ടി മുഴുവൻ സമയപ്രവർത്തകയാകാൻ ആവശ്യപ്പെട്ടപ്പോഴും മഹിളാ അസോസിയേഷൻ തന്നെയായിരുന്നു പ്രധാന പ്രവർത്തനമേഖല. സംഘടനയുടെ ജില്ലാ സംസ്ഥാന ഭാരവാഹിയായി പ്രവർത്തിച്ചിരുന്നു. 1987ൽ സംസ്ഥാന കമ്മറ്റിയിലേക്കും 2003ൽ പാർട്ടിയുടെ കേന്ദ്രകമ്മറ്റിയിലേക്കും എത്തി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ