മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്; വേദിയിൽനിന്ന് ഹോട്ടലിലേക്ക് മടങ്ങി
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന് വിട്ടുനിന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്. ശനിയാഴ്ച ബ്രിക്സ് നേതാക്കൾക്കായി മോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്നാണ് ഷീ ജിൻപിങ് വിട്ടുനിന്നത്.
ശനിയാഴ്ച ഭാരത് മണ്ഡപത്തിൽ സംഘടിപ്പിച്ച അത്താഴവിരുന്നിൽ ചൈനീസ് പ്രസിഡന്റ് പങ്കെടുത്തില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയും റിപ്പോർട്ട്ചെയ്തു. അതേസമയം, അത്താഴവിരുന്നിൽ പങ്കെടുക്കാതിരുന്നതിന്റെ കാരണം വ്യക്തമല്ലെന്നും പിടിഐ റിപ്പോർട്ടിൽ പറയുന്നു.
ഭാരത് മണ്ഡപത്തിൽ സംഘടിപ്പിച്ച വിരുന്നിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തിരുന്നു. എന്നാൽ, ശനിയാഴ്ച ബ്രിക്സ് ഉച്ചകോടി വേദിയിലെത്തിയ ഷീ ജിൻപിങ് ഉച്ചകോടിയിൽ പങ്കെടുത്ത്, മോദിയുമായുള്ള ഉഭയകക്ഷി ചർച്ചയും പൂർത്തിയാക്കിയശേഷം വേദിയിൽനിന്ന് മടങ്ങുകയായിരുന്നു. ഉച്ചകോടി വേദിയായ ഭാരത് മണ്ഡപത്തിൽനിന്ന് താമസിക്കുന്ന ഹോട്ടലിലേക്കാണ് ഷീ ജിൻപിങ് പോയത്. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദും അത്താഴവിരുന്നിൽ പങ്കെടുക്കാതെ ശനിയാഴ്ച തന്നെ മടങ്ങിയിരുന്നു.
ബ്രിക്സ് നേതാക്കൾക്ക് പുറമേ കേന്ദ്രമന്ത്രിമാരും വിവിധ മുഖ്യമന്ത്രിമാരും മോദി സംഘടിപ്പിച്ച അത്താഴവിരുന്നിൽ പങ്കെടുത്തിരുന്നു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമല സീതാരാമൻ, പീയുഷ് ഗോയൽ, അശ്വിനി വൈഷ്ണവ്, ശിവരാജ് സിങ് ചൗഹാൻ തുടങ്ങിയവരും ലോക്സഭർ സ്പീക്കർ ഓം ബിർള, മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, ദേവേന്ദ്ര ഫഡ്നാവിസ്, സുവേന്ദു അധികാരി, ഹിമന്ത ബിശ്വ ശർമ തുടങ്ങിയവരുമെല്ലാമാണ് വിരുന്നിൽ പങ്കെടുത്തത്. ഇന്ത്യൻ പച്ചക്കറി വിഭവങ്ങളാണ് വിരുന്നിൽ വിളമ്പിയിരുന്നത്.


