മീഡിയവൺ വിലക്ക്: സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രത്തിന് മൂന്ന് ആഴ്ചകൂടി അനുവദിച്ചു. സംപ്രേഷണം തുടരും

മീഡിയവൺ സംപ്രേഷണ വിലക്കിൽ സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രത്തിന് സുപ്രിംകോടതി മൂന്ന് ആഴ്ച കൂടി സമയം അനുവദിച്ചു. നാല് ആഴ്ച സമയം അനുവദിക്കണമെന്നായിരുന്നു കേന്ദ്രം കോടതിയിൽ ഇന്നലെ ആവശ്യപ്പെട്ടത്. മാർച്ച് 30 നകം സത്യവാങ്മൂലം നൽകണമെന്നായിരുന്നു സുപ്രീം കോടതി നേരത്തെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. ഇതിലാണിപ്പോൾ മൂന്ന് ആഴച്ചകൂടി അധിക സമയം അനുവദിച്ചിരിക്കുന്നത്. മെയ് ആദ്യവാരം കേസ് വീണ്ടും പരിഗണിക്കും. സംപ്രേഷണ വിലക്ക് സ്റ്റേ ചെയ്തുള്ള സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് തുടരും.

മീഡിയ വണ്‍ സംപ്രേക്ഷണ വിലക്ക് ചോദ്യംചെയ്തുള്ള ഹര്‍ജികളുടെ മറുപടി സത്യവാങ്മൂലത്തിന്റെ ഉള്ളടക്കം തീരുമാനിക്കേണ്ടത് ഉന്നതങ്ങളിലാണെന്നും അതിന് കൂടുതൽ സമയം ആവശ്യമാണെന്നും അതിനാല്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യുന്നതിന് നാല് ആഴ്ചത്തെ സമയം കൂടി അനുവദിക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു കേന്ദ്രം സുപ്രീം കോടതിക്ക് കത്ത് നല്‍കിയിരുന്നത്.

സംപ്രേഷണം വിലക്കിയതിനെതിരെ ചാനൽ മാനേജ്മെന്റ്, എഡിറ്റർ പ്രമോദ് രാമൻ, കേരള പത്രപ്രവർത്തക യൂണിയൻ തുടങ്ങിയവരാണ് ഹർജി സമർപ്പിച്ചത്. പ്രവർത്തനം വിലക്കിയ നടപടി മാർച്ച് പതിനഞ്ചിന് സ്റ്റേ ചെയ്തിരുന്നു. മുദ്രവച്ച കവറുകളിൽ രേഖകളും റിപ്പോർട്ടുകളും അടക്കം സമർപ്പിക്കുന്നതിന്റെ സാധുത പരിശോധിക്കുമെന്നും കോടതി സൂചിപ്പിച്ചിരുന്നു.

സംപ്രേഷണ വിലക്കേർപ്പെടുത്തിയുള്ള കേന്ദ്രസർക്കാർ ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തതിനെ തുടർന്ന് മാർച്ച് 16ന് മീഡിയവൺ ചാനൽ സംപ്രേഷണം പുനരാരംഭിച്ചിരുന്നു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവരടങ്ങുന്ന ബെഞ്ചാണ് സംപ്രേഷണവിലക്ക് നീക്കി ഇടക്കാല ഉത്തരവിറക്കിയത്. മീഡിയവണിന് വേണ്ടി മുതിർന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെ, മുകുൾ റോത്തഗി, ഹുഫൈസ അഹമ്മദി, ഹാരിസ് ബീരാൻ എന്നിവർ ഹാജരായി.

കൂടുതൽ വാർത്തകൾക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

Share
error: Content is protected !!