മീഡിയവൺ വിലക്ക്‌: കോടതിയിൽ മറുപടി നൽകാൻ സർക്കാരിന് കഴിഞ്ഞില്ല. കൂടുതൽ സമയം ആവശ്യപ്പെട്ടു

മീഡിയവൺ സംപ്രേഷണ വിലക്കിനെതിരെ മാനേജ്‌മെൻ്റ് നൽകിയ ഹരജിയിൽ മറുപടി നൽകാൻ സുപ്രിംകോടതിയിൽ കൂടുതൽ സമയം തേടി കേന്ദ്രസർക്കാർ. നാല് ആഴ്ച കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.

മാർച്ച് 30 നകം മറുപടി നൽകണമെന്നായിരുന്നു സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ സമയപരിധിക്ക് മുമ്പ് സത്യവാങ്മൂലം നൽകാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് കൂടുതൽ സമയം ആവശ്യപ്പെട്ടുകൊണ്ടുള്ള കേന്ദ്ര സർക്കാരിൻ്റെ പുതിയ നീക്കം.  കേസിൽ നാളെ അന്തിമ വാദം കേൾക്കാനാരിക്കെയാണ് കേന്ദ്രം കൂടുതൽ സമയം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.

എന്നാൽ കേന്ദ്രത്തിന്റെ ആവശ്യത്തോട് മീഡിയവണ്‍ കോടതിയില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമല്ല. മാനേജ്മെന്റിന് വേണ്ടി കോടതിയില്‍ ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോത്തഗി, ദുഷ്യന്ത് ദാവെ, അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ എന്നിവര്‍ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നാണ് സൂചന.

വിലക്കേർപ്പെടുത്തിയുള്ള കേന്ദ്രസർക്കാറിന്റെ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തതിനെ തുടർന്ന് മാർച്ച് 16ന് മീഡിയവൺ ചാനൽ സംപ്രേഷണം പുനരാരംഭിച്ചിരുന്നു. സംപ്രേഷണത്തിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിലക്ക് മാർച്ച് 15നാണ് സുപ്രിംകോടതി സ്റ്റേ ചെയ്തിരുന്നത്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവർ അടങ്ങുന്ന ബെഞ്ചാണ് മീഡിയവൺ വിലക്ക് നീക്കി ഇടക്കാല ഉത്തരവിറക്കിയിരുന്നത്.

നാടകീയ സംഭവങ്ങളായിരുന്നു കേസിൽ വാദം കേൾക്കുന്നവേളയിൽ സുപ്രീം കോടതിയിൽ നടന്നത്. കേരള ഹൈക്കോടതി സിങ്കിൾ ബഞ്ചും ഡിവിഷൻ ബെഞ്ചും അംഗീകരിച്ച വിധിക്കായിരുന്നു സുപ്രീം കോടതി സ്റ്റേ നൽകിയത്. കേന്ദ്ര സർക്കാർ സമർപ്പിച്ച സീൽവെച്ച കവറായിരുന്നു ഹൈക്കോടതി പരിഗണിച്ചിരുന്നത്.

മീഡിയവണിന് വേണ്ടി മുതിർന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെ, മുകുൾ റോത്തഗി, ഹുഫൈസ അഹമ്മദി, ഹാരിസ് ബീരാൻ എന്നിവർ ഹാജരായി. മുകുൾ റോത്തഗി ലണ്ടനിൽനിന്ന് വീഡിയോ കോൺഫെറൻസിലൂടെ പങ്കെടുത്തു. ദുഷ്യന്ത് ദവെയും ഹാരിസ് ബീരാനും കോടതിമുറിയിൽ എത്തി. കേന്ദ്രസർക്കാരിനു വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു വീഡിയോ കോൺഫെറൻസിലും അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം നടരാജ് കോടതി മുറിയിലും എത്തി പങ്കെടുത്തു.

Share
error: Content is protected !!