അഞ്ചു ലോക കിരീടങ്ങളുടെ പെരുമ പേറുന്ന ബ്രസീലിനെ അട്ടിമറിച്ച് നോർവെ ക്വാർട്ടറിൽ
ന്യൂയോർക്ക്: അഞ്ചു ലോക കിരീടങ്ങളുടെ പെരുമ പേറുന്ന ബ്രസീലിനെ അട്ടിമറിച്ച് (2-1) നോർവെ ക്വാർട്ടറിൽ. 79-ാം മിനിറ്റിലെ എർലിങ് ഹാളണ്ടിന്റെ ഹെഡർ ബ്രസീൽ വല മാത്രമല്ല കോടിക്കണക്കായ ബ്രസീൽ ആരാധകരുടെ നെഞ്ചും തുളച്ചു. പിന്നാലെ 90-ാം മിനിറ്റിൽ കിടിലനൊരു ഇടംകാലനടിയിൽ ഹാളണ്ട് നോർവെയുടെ വിജയവും ഗോൾപട്ടികയും പൂർത്തിയാക്കി.
ഈ ലോകകപ്പിൽ ഹാളണ്ടിന്റെ ഏഴാം ഗോളായിരുന്നു ഇത്. 14-ാം മിനിറ്റിൽ ബ്രൂണോ ഗ്വിമറെഷ് നഷ്ടപ്പെടുത്തിയ ആ പെനാൽറ്റിക്ക് ബ്രസീലിന് നൽകേണ്ടി വന്ന വില വളരെ വലുതായിരുന്നു. കളിയവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് നെയ്മറാണ് ബ്രസീലിന്റെ ആശ്വാസ ഗോൾ നേടിയത്.
ബ്രസീലിനെതിരായ വിചിത്രമായ ആ റെക്കോഡ് നിലനിർത്താനും നോർവെയ്ക്കായി. ഫുട്‌ബോളിൽ ഇതുവരെ 88 ടീമുകളെ നേരിട്ടിട്ടുള്ള ബ്രസീലിന് ഒരിക്കൽ പോലും തോൽപ്പിക്കാനാവാത്ത ഒരേയൊരു ടീമാണ് നോർവെ. അന്താരാഷ്ട്ര ഫുട്‌ബോളിൽ ബ്രസീലും നോർവെയും ഇതുവരെ ആറ് തവണയാണ് നേർക്കുനേർ വന്നിട്ടുള്ളത്. ഇതിൽ ഒരു തവണ പോലും വിജയിക്കാൻ ബ്രസീലിന് കഴിഞ്ഞിട്ടില്ല. ആറാമത്തേത് ഈ ലോകകപ്പ് മത്സരവും.
പുലി പതുങ്ങുന്നത് കുതിക്കാനെന്ന പോലെയായിരുന്നു മത്സരത്തിൽ നോർവെ താരങ്ങൾ. മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ നോർവെ താരങ്ങൾ ബ്രസീൽ ബോക്‌സിലേക്ക് ഇരമ്പിയെത്തുന്ന കാഴ്ചയായിരുന്നു. മൂന്നാം മിനിറ്റിൽ തന്നെ പാട്രിക് ബെർഗ് സ്‌കോർ ചെയ്‌തെങ്കിലും ഈ മുന്നേറ്റത്തിനിടെ അലക്‌സാണ്ടർ സൊർലോത്ത് ഓഫ്‌സൈഡായതോടെ ഗോൾ പരിഗണിച്ചില്ല. പിന്നീട് നോർവെ ഒന്ന് പതുങ്ങി.
പിന്നാലെ 10-ാം മിനിറ്റിലാണ് ബ്രസീലിന് അനുകൂലമായ പെനാൽറ്റി. മത്തിയുസ് കുന്യയെ ക്രിസ്റ്റഫർ അയെർ ബോക്‌സിൽ വീഴ്ത്തിയതിനായിരുന്നു പെനാൽറ്റി. വാർ പരിശോധിച്ച ശേഷമായിരുന്നു തീരുമാനം. പക്ഷേ ബ്രസീലിനായി കിക്കെടുത്ത ബ്രൂണോ ഗ്വിമറെഷിന് പിഴച്ചു. താരത്തിന്റെ ഷോട്ട് നോർവെ ഗോൾകീപ്പർ ഓർയാൻ നീലാൻഡ് തട്ടിയകറ്റി.
ആദ്യ പകുതിയിലുടനീളം കൗണ്ടർ അറ്റാക്കുകളിൽ മികച്ച അവസരങ്ങൾ ബ്രസീലിന് ലഭിച്ചിരുന്നു. പക്ഷേ ഗബ്രിയേൽ മാർട്ടിനെല്ലിക്കും മത്തിയാസ് കുന്യയ്ക്കും അതൊന്നും മുതലാക്കാനായില്ല.
മറുവശത്ത് നോർവെയ്ക്കും മൂന്നോളം മികച്ച അവസരങ്ങൾ ആദ്യ പകുതിയിൽ ലഭിച്ചിരുന്നെങ്കിലും അവർക്കും ലക്ഷ്യം കാണാനായില്ല. 35-ാം മിനിറ്റിൽ മാർട്ടിൻ ഒഡെഗാർഡിന്റെ ഷോട്ട് സൈഡ്‌നെറ്റിലിടിച്ചു. 39-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിന്റെ ഒരു ഇടംാലനടി നീലാൻഡ് തടഞ്ഞു. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് ലഭിച്ച മികച്ചൊരു അവസരം ഒഡെഗാർഡ് നഷ്ടപ്പെടുത്തുകയും ചെയ്തു.
രണ്ടാം പകുതിയിൽ എൻഡ്രിക്കും പിന്നീട് നെയ്മറും കളത്തിലെത്തിയെങ്കിലും ബ്രസീലിന്റെ കളിക്ക് മാറ്റമൊന്നും ഉണ്ടായില്ല. 59-ാം മിനിറ്റിൽ വിനീഷ്യസ് നൽകിയ പാസിൽ നിന്ന് ലഭിച്ച സുവർണാവസരം എൻഡ്രിക്ക് പുറത്തേക്കടിച്ച് കളഞ്ഞു.
79-ാം മിനിറ്റിൽ ഹാലണ്ടിന്റെ ആദ്യ ഗോളെത്തി. ആന്ദ്രേസ് ഷിൽഡെറപ്പ് ഉയർത്തി നൽകിയ പന്ത് ഹെഡറിലൂടെ ഹാളണ്ട് വലയിലാക്കിയതോടെ ബ്രസീൽ ഞെട്ടി. പിന്നാലെ 90-ാം മിനിറ്റിൽ അനായാസമായൊരു ഇടംകാലനടിയിലൂടെ ഹാളണ്ട് ബ്രസീലിന്റെ പതനം പൂർത്തിയാക്കി. പിന്നാലെ ഇൻജുറി ടൈമിൽ കാസെമിറോയ്‌ക്കെതിരായ ഫൗളിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് നെയ്മർ ബ്രസീലിനായി ഒരു ഗോൾ മടക്കി.


