കൊന്നു, 87 കുരുന്നുകളെ; ചോരക്കളി തുടരുന്നു

ടെഹ്റാൻ/ദുബായ്: ഇസ്രയേലും യുഎസും നടത്തിയ ആക്രമണത്തിൽ ഇറാൻ പ്രതിരോധ മന്ത്രി അമീർ നസീർസാദെ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡിന്റെ കമാൻഡർ മുഹമ്മദ് പാക്പൂറും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇറാനിലെ ഏറ്റവും ശക്തരായ വ്യക്തികളിൽ ഒരാളായാണ് മുഹമ്മദ് പാക്പൂർ വിലയിരുത്തപ്പെടുന്നത്. എന്നാൽ അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമില്ല.

മുൻ കമാൻഡർ ഹുസൈൻ സലാമി കൊല്ലപ്പെട്ടതിനെത്തുടർന്ന് 2025ലാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി മുഹമ്മദ് പാക്പൂറിനെ മേജർ ജനറൽ റാങ്കിലേക്ക് ഉയർത്തിയത്. കഴിഞ്ഞ മാസവും ഇസ്രയേലിനും യുഎസിനും മുഹമ്മദ് പാക്പൂർ മുന്നറിയിപ്പ് നൽകിയിരുന്നു. യാതൊരുവിധത്തിലുള്ള തെറ്റായ കണക്കുകൂട്ടലുകൾക്കും മുതിരരുത് എന്നും, ഇസ്‌ലാമിക് റിപ്പബ്ലിക് എന്തിനും തയാറായി കാഞ്ചിയിൽ വിരൽ അമർത്തി നിൽക്കുകയാണെന്നും ആയിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ജീവനോടെയുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം. പേര് വെളിപ്പെടുത്താത്ത ഇസ്രയേൽ വൃത്തങ്ങളെ ഉദ്ധരിച്ച്, ഖമനയി കൊല്ലപ്പെട്ടുവെന്ന് ഇസ്രയേലിന്റെ ചാനൽ 12 റിപ്പോർട്ട് ചെയ്തിരുന്നു. മറ്റ് ഇസ്രായേൽ മാധ്യമങ്ങളും ചാനൽ 12നെ ഉദ്ധരിച്ച് ഈ വാർത്ത നൽകിയെങ്കിലും, ഔദ്യോഗിക സ്ഥിരീകരണം കാത്തിരിക്കുകയാണെന്ന് അവർ മുന്നറിയിപ്പ് നൽകിയിരുന്നു എന്നാൽ തനിക്കറിയാവുന്നിടത്തോളം ഖമനയി ഇപ്പോഴും ജീവനോടെയുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എൻബിസി ന്യൂസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ആണവ ചർച്ചകളെച്ചൊല്ലി സംഘർഷം രൂക്ഷമായിരിക്കെ, യുഎസ് സഹായത്തോടെ ഇസ്രയേൽ ഇറാന്റെ തലസ്ഥാനത്ത് ആക്രമണം നടത്തി. ആക്രമണത്തിന് പിന്നാലെ ഇറാൻ തിരിച്ചടിച്ചു. ഇസ്രയേലിനു നേരെ ഇറാൻ മിസൈലുകൾ വിക്ഷേപിച്ചുവെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. ഇറാനിൽനിന്ന് വിക്ഷേപിച്ച മിസൈലുകൾ ഇസ്രായേലിനു നേരെ വരുന്നത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇതിനെത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അപായ സൈറണുകൾ മുഴക്കുന്നുണ്ടെന്നുമാണ് ഇസ്രയേൽ സൈന്യം പറയുന്നത്.

ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്കു നേരെ ആക്രമണം ഉണ്ടായി. അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണത്തിനിടെ പാക്ക് പൗരൻ കൊല്ലപ്പെട്ടതായി യുഎഇ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാഖിൽ 2 മരണം റിപ്പോർട്ട് ചെയ്തു. തെക്കൻ ഇറാനിലെ മിനാബ് നഗരത്തിലുള്ള പെൺകുട്ടികളുടെ പ്രൈമറി സ്കൂളിനു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട വിദ്യാർഥിനികളുടെ എണ്ണം 87 ആയി ഉയർന്നു. 60 പേർക്ക് പരുക്കേറ്റതായി ഇർന വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആക്രമണം നടക്കുമ്പോൾ സ്കൂളിൽ 170 വിദ്യാർഥികൾ ഉണ്ടായിരുന്നു.

Share
error: Content is protected !!