പെനാൽറ്റി ഗോളിൽ പാരഗ്വായ് വീണു, ഫ്രാൻസ് ക്വാർട്ടറിൽ

ടെക്സാസ്: പ്രീക്വാർട്ടറിൽ പാരഗ്വായ്യെ കീഴടക്കി ഫ്രാൻസ് ക്വാർട്ടറിൽ. എതിരില്ലാത്ത ഒരു ഗോളിനാണ് ഫ്രാൻസിന്റെ ജയം. കിലിയൻ എംബാപ്പെ പെനാൽറ്റിയിലൂടെയാണ് ഫ്രഞ്ച് പടയുടെ ഏകഗോൾ നേടിയത്.

മത്സരത്തിന്റെ ആദ്യമിനിറ്റുകളിൽ കാര്യമായ നീക്കങ്ങൾ നടത്താൻ ഇരുടീമുകൾക്കുമായില്ല. ഫ്രാൻസ് പന്ത് കൈവശംവെച്ച് കളിച്ച് അവസരം സൃഷ്ടിച്ചു. എന്നാൽ അത് ലക്ഷ്യത്തിലെത്തിക്കാനായില്ല. പാരഗ്വായ് ഫ്രഞ്ച് നീക്കങ്ങളെ കൃത്യമായി പ്രതിരോധിച്ചു.

കിട്ടിയ അവസരങ്ങളിൽ പാരഗ്വായ് മുന്നേറ്റനിര ഫ്രഞ്ച് ബോക്‌സിൽ അപകടംവിതച്ചു. 28-ാം മിനിറ്റിൽ ഡീഗോ ഗോമസ് ഗോളിനടുത്തെത്തി. അതേസമയം ആദ്യപകുതിയുടെ അവസാനം മത്സരം പരുക്കനായി മാറി. എംബാപ്പെയെ പാരഗ്വായ് താരങ്ങൾ നിരന്തരം ഫൗൾ ചെയ്തത് തർക്കത്തിന് വഴിവെച്ചു.

34-ാം മിനിറ്റിൽ എംബാപ്പെയെ ഫൗൾ ചെയ്തതിന് പിന്നാലെ ഫ്രാൻസ്-പാരഗ്വായ് താരങ്ങൾ ഏറ്റുമുട്ടി. റഫറി ഉടൻ തന്നെ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. ഫ്രാൻസിന്റെ കിടിലൻ മുന്നേറ്റത്തിന് പിന്നാലെയാണ് സംഭവം. പാരഗ്വായ് ഗോൾമുഖം ലക്ഷ്യമാക്കി എംബാപ്പെ പന്തുമായി മുന്നേറി.

ഇടതുവിങ്ങിൽ നിന്ന് ഡ്രിബിൾ ചെയ്ത് ഓടിക്കയറിയ എംബാപ്പെയെ പാരഗ്വായ് താരം ഫൗൾ ചെയ്ത് വീഴ്ത്തി. പിന്നാലെ എംബാപ്പെ പാരഗ്വായ് താരത്തെ പിടിച്ചുതള്ളി. അതോടെ പ്രശ്‌നം രൂക്ഷമായി. ഫ്രഞ്ച്-പാരഗ്വായ് താരങ്ങൾ കൈയ്യാങ്കളിയിലേർപ്പെട്ടു. റഫറി താരങ്ങളെ പിടിച്ചുമാറ്റാൻ ശ്രമിച്ചു. ഏറെനേരത്തിന് ശേഷമാണ് രംഗം ശാന്തമായത്.

38-ാം മിനിറ്റിലും എംബാപ്പെയെ പാരഗ്വായ് താരം ഫൗൾ ചെയ്തു. കൗണ്ടർ അറ്റാക്കിനൊടുക്കം പന്ത് വലതുവിങ്ങിലേക്ക് കൈമാറി ബോക്‌സിലേക്ക് ഓടുകയായിരുന്നു. അതിനിടെ പാരഗ്വായ് താരം എംബാപ്പെയെ ഫൗൾ ചെയ്തു വീഴ്ത്തി. ഇതും തർക്കത്തിന് വഴിവെച്ചു. ആദ്യപകുതി ഗോൾരഹിതമായാണ് അവസാനിച്ചത്.

രണ്ടാം പകുതിയിൽ ഫ്രാൻസ് ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടി. എംബാപ്പെയും ഡെംബെലെയും കൂടുതൽ മുന്നേറ്റങ്ങൽ നടത്തി. എന്നാൽ പാരഗ്വായ് പ്രതിരോധത്തെ മറികടക്കാനായില്ല. പാരഗ്വായ് ഗോളി ഗിൽ മികച്ച സേവുകളുമായി കളംനിറഞ്ഞു. എന്നാൽ പാരഗ്വായ്ക്ക് തിരിച്ചടി സമ്മാനിച്ച് 70-ാം മിനിറ്റിൽ റഫറി പെനാൽറ്റി വിധിച്ചു.

എംബാപ്പെയെ ബോക്‌സിൽ വീഴ്ത്തിയതിനാണ് പെനാൽറ്റി നൽകിയത്. വാർ പരിശോധനയ്ക്ക് ശേഷമാണ് റഫറി പെനാൽറ്റി നൽകിയത്. എംബാപ്പെ കൃത്യമായി അത് ലക്ഷ്യത്തിലെത്തിച്ചു. സ്‌കോർ 1-0. ഗോൾഡൻ ബൂട്ട് റേസിൽ മെസ്സിക്കൊപ്പമെത്താനും അതോടെ എംബാപ്പെയ്ക്കായി. ഇരുവർക്കും ഏഴുഗോേളുകൾ വീതം. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാൻ പാരഗ്വായ് നിരയ്ക്ക് സാധിച്ചില്ല. അതോടെ ഫ്രാൻസ് ക്വാർട്ടറിലേക്ക് മുന്നേറി.

Share